ന്യൂഡൽഹി > ഉഷ്ണ തരംഗം ആഞ്ഞടിക്കുന്ന ഉത്തർപ്രദേശിൽ കൂട്ടമരണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെയോറിയ ജില്ലയിൽ 54പേരാണ് കൊടുംചൂടിൽ മരിച്ചത്. സമീപ ജില്ലയായ ബല്ലിയയിൽ ചൊവ്വാഴ്ച നാലുപേർ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 73 ആയി ഉയർന്നുവെന്ന് ജില്ല ഭരണകൂടം സ്ഥിരീകരിച്ചു.
ജൂൺ 12 മുതൽ ഇതുവരെ രണ്ടുജില്ലകളിലുമായി മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു. ഇതിനിടെ കേന്ദ്രമയച്ച ആരോഗ്യസംഘവും യുപിയിൽ എത്തി. കടുത്ത പനി, ദഹന പ്രശ്നങ്ങൾ, ശ്വാസം മുട്ടൽ, നെഞ്ച്വേദന തുടങ്ങി അസുഖങ്ങൾ ബാധിച്ച് രോഗികൾ ആശുപത്രികളിലേയ്ക്ക് പ്രവഹിക്കുകയാണ്. ഇതോടെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പൂർണമായും വെളിപ്പെട്ടു. ആരോഗ്യസംവിധാനം താറുമാറായതും മരണസംഖ്യ കുറച്ചു കാട്ടിയതും മുൻനിർത്തി ബല്ലിയ ജില്ല ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് (സിഎംഎസ്) ഡോ. ദിവാകർ സിങ്ങിനെ സർക്കാർ അസംഗഢിലേയ്ക്ക് സ്ഥലം മാറ്റി.
ഉപയോഗിക്കാത്ത എസികളും കൂളറുകളും ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ കലക്ടർ ഉത്തരവിട്ടു. 276 കിടക്കകൾ അധികം ഏർപ്പെടുത്തിയെന്നും ആശുപത്രിയെ മഞ്ഞ, പച്ച, ചുവപ്പ് എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് ചികിത്സയെന്നും സിഎംഎസ് താൽക്കാലിക ചുമതലയുള്ള എസ് കെ യാദവ് പറഞ്ഞു. വേണ്ടത്ര കൂളറുകൾ ഇല്ലെന്നും അദ്ദേഹം സമ്മതിച്ചു.
അതേസമയം മരണങ്ങൾക്ക് കാരണം ഉഷ്ണതരംഗമല്ലന്നാണ് സർക്കാർ വാദം. രണ്ടുപേർ മാത്രമേ അത്തരത്തിൽ മരിച്ചുട്ടുള്ളുവെന്നും ബാക്കിയുള്ളവർ പനിയടക്കമുള്ള അസുഖങ്ങൾ മൂലമാണ് മരിച്ചതെന്നുമാണ് അവകാശവാദം. മരിച്ചവർ ഭൂരിഭാഗവും അറുപത് വയസുകഴിഞ്ഞവരാണ്. ശരാശരി ഏഴുപേരാണ് ആശുപത്രിയിൽ ദിവസേന മരിക്കുന്നത്. നാൽപപതിന് മുകളിലാണ് ഇരുജില്ലകളിലും താപനില.
അതേസമയം ബിഹാറിലും കേന്ദ്രസംഘമെത്തി. ഇവിടെ മരണസംഖ്യ അനമ്പതുപിന്നിട്ടു. ആര ജില്ലയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള ചിതയൊരുക്കാൻ വിറക് ലഭിക്കാത്ത സ്ഥിതിയാണ്. ആര സദർ ആശുപത്രിയിൽ ദിവസവും 20 മരണം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഭോജ്പൂർ, ഔറംഗബാദ്, പട്ന, ഗയ, ഭഗൽപൂർ, നളന്ദ, സസാരം ജില്ലകളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു.