കൊച്ചി > വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ നടപടിയെടുക്കില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാല വിസി തന്നെ വ്യക്തമാക്കുമ്പോഴാണ് അൻസിലിനെ ന്യായീകരിച്ച് കെഎസ്യു രംഗത്തെത്തിയത്.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അൻസിൽ നിലവിൽ ജോലി ചെയ്യുന്നില്ല എന്നാണ് കെഎസ്യുവിന്റെ വാദം. എന്നാൽ അൻസിൽ മുൻപ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇതുപയോഗിച്ച് ജോലി നേടിയിരുന്നു എന്ന് പുറത്തുവന്ന വാർത്തകളിൽ വ്യക്തമാക്കിയിരുന്നു.
അന്‍സില്‍ ജലീലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒര്ജിനലല്ലെന്ന് പരീക്ഷ കണ്‍ട്രോളറുടെ പരിശോധനയില്‍ സര്‍വകാലശാല സ്ഥിരീകരിക്കുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റിനെതിരെ എസ്എഫ്ഐ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 2016ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദം നേടിയെന്നായിരുന്നു അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്.