കൊച്ചി > മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. 23 ന് സുധാകരൻ അന്വേഷകസംഘത്തിന് മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
പുരാവസ്തു തട്ടിപ്പുകേസിൽ കെ സുധാകരനെതിരെ വ്യക്തമായ തെളിവുള്ളതുകൊണ്ടാണ് പ്രതിയാക്കിയതെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതിയിൽ നൽകുമെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റെസ്റ്റം പറഞ്ഞിരുന്നു.
ജയിലിൽനിന്ന് സുധാകരനെ മോൻസൺ ഫോണിൽ വിളിച്ചിട്ടില്ല. ആകെ രണ്ടുപേരെ മാത്രമേ ബന്ധപ്പെടാനാകു. അത് നേരത്തേ എഴുതിക്കൊടുക്കണം. ആകെ വിളിച്ചത് മകനെയും അഭിഭാഷകനെയുമാണ്. കോൺഫറൻസ് കോൾപോലും നടക്കില്ല. പോക്സോ കേസിൽ മോൻസണിനെ ഭീഷണിപ്പെടുത്തിയിരുന്നില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺതന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസണെ അതിന് ഭീഷണിപ്പെടുത്തണമെന്നും ഡിവൈഎസ്പി ചോദിച്ചു. പ്രായമായ അമ്മ ഉള്ള തന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.