കൊച്ചി> പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം പറവൂരിലെത്തും. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫണ്ട് വെട്ടിപ്പിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.
പുനര്‍ജനിയുടെ ഭാഗമായി വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ചാണെന്ന് വ്യക്തമായി. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്നാണ് വിവരം.പുനര്‍ജനി കേസില്‍ വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിദേശത്തുപോയി പണപ്പിരിവിന് അനുമതി നൽകിയിട്ടില്ലെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 2017–-2020 കാലത്ത് അനുമതി നൽകിയിട്ടുണ്ടോ എന്നായിരുന്നു കാതികുടം ആക്ഷൻ കൗൺസിൽ ചെയർമാൻ ജയ്സൻ പാനിക്കുളങ്ങരയുടെ ചോദ്യം. ഇല്ല എന്നാണ് മന്ത്രാലയം ഇതിന് മറുപടി നൽകിയത്.
പരാതിക്കാരായ ജെയ്സല്‍, പി രാജു എന്നിവരില്‍ നിന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് വേദിയായ പറവൂരില്‍ വിജിലന്‍സ് സംഘം എത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
അതേസമയം പുനർജനി പദ്ധതിക്കുള്ള കെട്ടുകണക്കിനു ചെക്കുകളുമായി ബർമിങ്ഹാമിൽനിന്ന് പറവൂരിലെത്തിയ സ്ത്രീ ഇപ്പോഴും അജ്ഞാതയായി തുടരുന്നു. പ്രതിപക്ഷ നേതാവിനുവേണ്ടി ലഞ്ച് പാർടിവരെ സംഘടിപ്പിച്ചെന്ന് പറയപ്പെടുന്ന ഇവർ ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. വി ഡി സതീശനോ ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇതിന് വ്യക്തമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. ബർമിങ്ഹാമിൽനിന്ന് ഫണ്ട് പിരിക്കാൻ സഹായിച്ചത് തിരുവനന്തപുരം സ്വദേശിയായ വനിതയാണെന്നും അവരുടെ ഭർത്താവ് യുകെയിൽ ഡോക്ടറാണെന്നുമെല്ലാം സതീശൻ പറഞ്ഞെങ്കിലും ഇതാരെന്ന് പറഞ്ഞില്ല. പറവൂർ ടൗൺഹാളിലെത്തി സഹായവിതരണം നടത്തിയെന്ന് പറയുമ്പോഴും അങ്ങനെയൊരാളെ കണ്ടതായി ആരും ഓർക്കുന്നുമില്ല.