കോഴിക്കോട്
ദയയും ദാക്ഷിണ്യവും അർഹിക്കാത്ത പ്രതിയെന്ന് കോടതി വിധിച്ച മോൻസൺ മാവുങ്കലിനെ ഉറ്റ സൃഹൃത്തെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് ജീവപര്യന്തം ശിക്ഷിച്ച സാമൂഹ്യവിരുദ്ധനോടാണ് കെപിസിസി പ്രസിഡന്റിന്റെ ഈ കരുതൽ. സമ്പത്തും പ്രമാണിത്തവും ആയുധശക്തിയും കാട്ടിയാണ് പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ചത്. അതിനാൽ ഒരു മാനുഷിക പരിഗണനയും പ്രതി അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.
രണ്ട് പോക്സോ ഉൾപ്പെടെ നാല് പീഡനക്കേസ്, പുരാവസ്തു തട്ടിപ്പും വഞ്ചനയുമടക്കം പതിനാറ് കേസാണ് മോൻസണിന് നേരെ ഉള്ളത്. ഇയാളെയാണ് സുധാകരൻ വെള്ളരിപ്രാവാക്കുന്നത്. തന്നോട് ജയിലിൽനിന്ന് ഫോണിൽ മോൻസൺ മാപ്പുപറഞ്ഞെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസൺ ജയിലിൽ വച്ച് സുധാകരനെ ഫോണിൽ ബന്ധപ്പെട്ടതിന് രേഖയില്ല. ഇനി നിയമവിരുദ്ധമായാണ് ബന്ധപ്പെട്ടതെങ്കിൽ അക്കാര്യം സുധാകരൻ നിയമപാലകരെ അറിയിച്ചിട്ടുമില്ല. സഹപ്രവർത്തകരോടില്ലാത്ത അനുകമ്പകുറ്റവാളിയോട് സുധാകരൻ കാട്ടുന്നതിൽ കോൺഗ്രസിനള്ളിൽ തന്നെ അമർഷമുണ്ട്. തള്ളിപ്പറയാൻ കഴിയാത്തതരത്തിൽ സുധാകനെതിരായ ചില തെളിവ് മോൻസണിന്റെ പക്കലുണ്ടോയെന്നും സംശയിക്കുന്നു. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനുമെല്ലാം ഈ വികാരം നേതാക്കളുമായി പങ്കിടുന്നുണ്ട്.