തിരുവനന്തപുരം
വി ഡി സതീശന്റെയും കെ സുധാകരന്റെയും പുകമറ പ്രകടനങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്സുമാത്രമേ ഉണ്ടാകൂവെന്ന് കോൺഗ്രസ് ഗ്രൂപ്പുകൾ. ഇരുവരും ചേർന്ന് പാർടിയെ സ്വന്തം അടുക്കളയാക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ആഴം തുറന്നുകാട്ടുന്നതായി മുൻ പ്രസിഡന്റുകൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. മോൻസണുമായുള്ള ബന്ധത്തിൽ സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നു എന്നാണ് മുല്ലപ്പള്ളി തുറന്നടിച്ചത്. വിവാദ നായകന്മാരുമായുള്ള സൗഹൃദത്തെ എന്തുകൊണ്ട് സുധാകരൻ സൂക്ഷിച്ചില്ല എന്നു ചോദിച്ച അദ്ദേഹം സമൂഹം സൂക്ഷ്മമായി ഇതെല്ലാം വീക്ഷിക്കുന്നുണ്ടെന്ന മുന്നറിയിപ്പും നൽകി. സുധാകരന്റെയും സതീശന്റെയും തന്നിഷ്ടപ്രകാരമുള്ള പോക്കിൽ പ്രതിഷേധമുള്ള മുഴുവൻ വിഭാഗങ്ങളുടെയും ശബ്ദമാണിതെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്. മോൻസണുമായുള്ള സുധാകരന്റെ ബന്ധവും വിജിലൻസ് അന്വേഷണം നേരിടുന്ന സതീശന്റെ പുനർജനി കേസും ആയുധമാക്കാനാണ് എതിർചേരിയുടെ നീക്കം. വിവാദങ്ങൾ പാർടിയുടെ പ്രതിഛായയെ ബാധിക്കുന്നെന്ന ആക്ഷേപമാണുയരുന്നത്.
കോൺഗ്രസിലെ പ്രശ്നങ്ങൾ തീർന്ന് ഐക്യമായെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ എഴുതിയ അന്നുതന്നെ മുല്ലപ്പള്ളി പ്രതികരിച്ചതും യാദൃച്ഛികമല്ല. ബ്ലോക്ക് പ്രസിഡന്റുമാരെ സതീശനും സുധാകരനും വീതംവച്ചതിലെ അതൃപ്തി പുകയുന്നുണ്ട്. ന്യൂനപക്ഷങ്ങളെയും ദളിതരെയും അടുപ്പിച്ചിട്ടില്ലെന്നാണ് പരാതി. പാർടിയുമായി ബന്ധംപോലും ഇല്ലാത്തവരെയടക്കം പണംവാങ്ങി നിയമിച്ചെന്ന ആക്ഷേപമാണ് തിരുവനന്തപുരത്ത്. പ്രതിഷേധംമൂലം ചിലർക്ക് ചുമതലയേൽക്കാൻ ഡിസിസിയിൽ പോകേണ്ടി വന്നു. ഉള്ളൂരിൽനിന്ന് എണ്ണൂറോളം പേരാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസിലെ ഇത്തരം ഏറ്റുമുട്ടലുകളെ മാധ്യമങ്ങളുടെ സഹായത്തോടെ വ്യാജ ആരോപണങ്ങളുന്നയിച്ച് മറയ്ക്കാനാണ് ശ്രമം. എ, ഐ ഗ്രൂപ്പ് നേതാക്കൾ കോൺഗ്രസ് പ്രസിഡന്റ് ഖാർഖെയെ കാണുമെന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും തീയ്യതി ലഭിക്കുന്ന മുറയ്ക്ക് നേരിട്ട് കണ്ട് അതൃപ്തി അറിയിക്കുമെന്നുമാണ് നേതാക്കൾ പറയുന്നത്. കലഹം കൂടുതൽ രൂക്ഷമാകുമെന്നതിന്റെ സൂചനയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
ജാഗ്രത വേണം ;
ജനങ്ങൾ കാണുന്നു
മോൻസൺ വിവാദത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിവാദ നായകന്മാരുമായുള്ള സൗഹൃദം സൂക്ഷിക്കണം. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന്ന ബോധം പൊതുപ്രവർത്തകർക്കുണ്ടാകണം –- മുല്ലപ്പള്ളി പറഞ്ഞു.
പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായുള്ള സുധാകരന്റെ ബന്ധത്തെപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാൻ എഐസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.