ഇടുക്കി
ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികൾക്ക് അതത് ഘടകങ്ങളിൽ ഉന്നതസ്ഥാനങ്ങൾ നൽകി സംരക്ഷണം. ഒന്നാംപ്രതി നിഖിൽ പൈലിക്ക് യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ വൈസ് ചെയർമാനായാണ് സ്ഥാനക്കയറ്റം. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായിരിക്കെയാണ് കൊലപാതകം നടത്തിയത്.
അഞ്ചാംപ്രതി നിതിൻ ഉപ്പുമാക്കലിനെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. നാലാംപ്രതി കെഎസ്യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന നിഥിൻ ലൂക്കോസിനെ ജില്ലാ പ്രസിഡന്റായി നിയമിച്ചു. രണ്ടാംപ്രതി ഇടയാലിൻ ജെറിൻ ജോജോ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ആറാംപ്രതി സോയിമോൻ സണ്ണി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മൂന്നാംപ്രതി ടോണി തേക്കിലക്കാട്ട് കെഎസ്യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റുമാണ്. ആകെ എട്ടുപ്രതികളിൽ ആറുപേരും നേതാക്കളാണ്. എല്ലാവരും ജാമ്യത്തിലും.
ജൂലൈ 12ന് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കെപിസിസിയുടെ സംരക്ഷണം. എട്ടുപ്രതികളിൽ ആരെങ്കിലും ഹാജരാകാതിരുന്ന് വിസ്താരം നീട്ടിക്കൊണ്ടുപോകാനുള്ള ആലോചനയും നടക്കുന്നു. ഇതിനിടെ രണ്ട് പ്രതികളുടെ വിടുതൽ ഹർജി കഴിഞ്ഞദിവസം ഇടുക്കി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളിൽ ജെസിൻ ജോയ്, വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവർക്കെതിരായാണ് വിധി പ്രസ്താവം. മൂന്നുമുതൽ അഞ്ചുവരെ പ്രതികളായവരെ സഹായിക്കുകയും വസ്ത്രവും മൊബൈൽ ഫോണും ഒളിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളെ സ്ഥലത്തുനിന്ന് മാറ്റാൻ ഇന്നോവ കാറുമായെത്തിയതും തൊടുപുഴയിലെത്തിച്ച് പണം നൽകിയതും ജെസിനാണ്. 2022 ജനുവരി 10നായിരുന്നു അരുംകൊല. കൊലപാതകത്തെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചു. പ്രതികൾക്ക് സഹായ സംരക്ഷണവുമായി അന്നുമുതൽ നേതൃത്വം രംഗത്തുമുണ്ട്.