മലപ്പുറം
കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ ലീഗ് സംസ്ഥാന സമിതി യോഗത്തിലും വിമർശം. ലോക്സഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ വരാനിരിക്കേ, കോൺഗ്രസ് ഗ്രൂപ്പ് തർക്കവുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ് നേതാക്കൾ. യുഡിഎഫ് കെട്ടുറപ്പോടെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സംസ്ഥാന സമിതി യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ എക്കാലത്തും അഭിപ്രായവ്യത്യാസങ്ങൾ പതിവാണ്. അത് അവസാനിപ്പിക്കേണ്ടിടത്ത് അവസാനിപ്പിച്ച് മുന്നോട്ടുപോകാനാകണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യം ചർച്ചചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലേ അത് തീരുമാനിക്കൂ. തെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ച്, ആറ് തീയതികളിൽ വയനാട്ടിൽ ശിൽപ്പശാല സംഘടിപ്പിക്കും.
പാർടിയിൽ അഞ്ചംഗ അച്ചടക്കസമിതി രൂപീകരിച്ചു. ഡൽഹിയിൽ ദേശീയ ആസ്ഥാനത്തിന് സ്ഥലം കണ്ടെത്തി. ഇവിടെ സാംസ്കാരിക സമുച്ചയം നിർമിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിനുമായി 50 കോടി രൂപ സമാഹരിക്കാനും തീരുമാനിച്ചതായും പി എം എ സലാം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ ടി മുഹമ്മദ് ബഷീർ എംപി, എം കെ മുനീർ എംഎൽഎ എന്നിവരും യോഗത്തിൽ പങ്കെടുത്തു.