ന്യൂഡൽഹി
ബിജെപിയും മണിപ്പുർ മുഖ്യമന്ത്രി എൻ ബീരേൻ സിങ്ങുമാണ് കലാപത്തിന് മുഖ്യ ഉത്തരവാദികളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ക്ഷേത്രിമയൂം ശാന്ത പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭിന്നത വളർത്തിയത് ബിജെപിയുടെ നയങ്ങളും കുതന്ത്രങ്ങളുമാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും -മണിപ്പുരിൽനിന്നുള്ള പ്രതിപക്ഷപാർടി സംഘത്തിന്റെ ഭാഗമായി ഡൽഹിയിൽ എത്തിയ ക്ഷേത്രിമയൂം ‘ദേശാഭിമാനി’യോട് പറഞ്ഞു.
ബീരേൻ സിങ്ങിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. 50 ദിവസമായി കലാപം തുടരുമ്പോഴും മുഖ്യമന്ത്രി പൊലീസ് സംവിധാനത്തെ വേണ്ടവിധം ഉപയോഗിച്ചില്ല. പൊലീസിന്റെ ആയുധശാലകളിൽനിന്ന് നാലായിരത്തിൽപ്പരം തോക്ക് അക്രമികൾ കൊള്ളയടിച്ചു. ഇതിന് വിശദീകരണം നൽകാനോ തോക്കുകൾ വീണ്ടെടുക്കാനോ കഴിഞ്ഞില്ല. മെയ്ത്തീ വിഭാഗത്തിന് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്ന ഹൈക്കോടതി വിധി വരുംമുമ്പേ സർക്കാരിന്റെ നടപടികൾ കുക്കികളെ പ്രകോപിപ്പിച്ചിരുന്നു. കുക്കികളെ മയക്കുമരുന്ന് മാഫിയയുടെ ആളുകളായും കാട്ടുകള്ളന്മാരായും ചിത്രീകരിച്ച് വ്യാപക പ്രചാരണം നടന്നു. സത്യത്തിൽ മയക്കുമരുന്ന് മാഫിയയും വനംകൊള്ള ലോബിയും മെയ്ത്തീകളുടെ ആധിപത്യത്തിലാണ്.
വനങ്ങളിൽ കൃഷി ചെയ്യുന്ന കുക്കികളെ ഏകപക്ഷീയമായി കുടിയൊഴിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കി. കുക്കികളെ വിദേശികളായി ചിത്രീകരിച്ച് ബിജെപി ധ്രുവീകരണരാഷ്ട്രീയം പയറ്റി. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ഇതിനു പരിഹാരം കാണാൻ ശ്രമിക്കാതെ കുറുക്കുവഴികളിലൂടെ രാഷ്ട്രീയ ആധിപത്യം നേടാൻ ബിജെപി നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനത്തെ കലാപഭൂമിയാക്കിയതെന്നും -ക്ഷേത്രമയൂം പറഞ്ഞു.