തിരുവനന്തപുരം> ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തെയും ഇവിടുത്തെ വിദ്യാർഥികളെയും പര്യസ്യമായി അപമാനിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകർച്ചയിലാണെന്നും ക്രൈംറേറ്റ് കുറവുള്ള കേരളത്തിൽ നിയമം കൈയിലെടുക്കാനുള്ള പ്രവണത കൂടുതലാണെന്നുമാണ് ഗവർണർ മാധ്യമങ്ങളോട് വിശദീകരിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിംവർക്കിലെ എല്ലാ കാറ്റഗറിയിലും ആദ്യ അമ്പതിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലകളും കോളേജുകളും ഇടം നേടിയതിനെ വിസ്മരിച്ചായിരുന്നു ഗവർണറുടെ പ്രസ്താവന. ദേശീയ റാങ്കിങ്ങിൽ 24ാം റാങ്ക് നേട്ടം കൈവരിച്ച കേരള സർവകലാശാല, സർക്കാർ സർവകലാശാലകളിൽ ദേശീയതലത്തിൽ 12ാം സ്ഥാനത്തുമാണ് എത്തിയത്. കേരളയ്ക്ക് പുറമെ കലിക്കറ്റ്, കുസാറ്റ്, എംജി സർവകലാശാലയും തിരുവനന്തപുരം മെഡിക്കൽ കോളേജും, ഡെന്റൽ കോളേജും പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ ഇടം നേടിയിരുന്നു.
കേരള കേഡറിൽ നിന്ന് നിരവധി ഐഎഎസ് ഉദ്യോഗസ്ഥർ മികച്ച റാങ്കോടെയാണ് സർവീസിൽ പ്രവേശിക്കുന്നത്. എന്നാൽ, കേരളത്തിൽ നിന്നുള്ള 38 ഐഐഎസ് ഉദ്യോഗാർഥികളിൽ പകുതിയും കേരളത്തിന് പുറത്ത് പഠിച്ചവരാണെന്നും മൂന്നിലൊരു ശതമാനം ചെന്നൈയിലും ബെംഗളൂരുവിലും പ്രത്യേക കോച്ചിങ്ങ് നടത്തിയതാണെന്നും ആയിരുന്നു ഗവർണറുടെ ആരോപണം. ദേശീയമാധ്യമങ്ങൾക്ക് മുന്നിലടക്കം കേരളത്തെ അപകീർത്തപ്പെടുത്തുന്ന സംസാരത്തിന് ശേഷം ഗവർണർ നേരെയെത്തിയത് സംസ്ഥാനത്തെ ആദ്യ കെഎഎസ് ബാച്ചിലെ 104 ഉദ്യോഗസ്ഥരെ അനുമോദിക്കാൻ വേണ്ടിയാണ്. സ്വന്തം വാക്കുകൾ തെറ്റായിരുന്നുവെന്ന് ഉറപ്പിക്കുന്ന പരിപാടിയാണ് രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ നടത്തിയത്.