കൊച്ചി> സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്ന് ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന പദ്ധതിക്ക് കൊച്ചി നഗരസഭാ പ്രദേശത്ത് തുടക്കം. സ്വകാര്യ ഏജൻസികൾ കിലോയ്ക്ക് 54 രൂപ നിരക്കിൽ എടുക്കുന്ന നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ ഉൾപ്പെടെ സാനിറ്ററി, ബയോമെഡിക്കൽ മാലിന്യങ്ങൾ കിലോയ്ക്ക് 12 രൂപ നിരക്കിലാണ് കോർപറേഷൻ ശേഖരിക്കുന്നത്. കേരള എൻവയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെയിൽ) മായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി മേയർ കെ എ അൻസിയ നിർവ്വഹിച്ചു.
ഏകീകൃത സംവിധാനത്തിലൂടെ നിശ്ചിത കലണ്ടർ പ്രകാരം ബയോമെഡിക്കൽ മാലിന്യ ശേഖരണം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് കൊച്ചി. വിവിധ ഏജൻസികൾ മുഖേന പ്രത്യേക ആപ്പ്ലിക്കേഷൻ ഉപയോഗപ്പെടുത്തിയാണ് കെയിൽ മാലിന്യം ശേഖരിക്കുക. ഉപഭോക്താക്കൾക്ക് ടോൾ ഫ്രീ നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്ത് ശേഖരണം ഉറപ്പാക്കാം. ബയോമെഡിക്കൽ മാലിന്യ സംസ്ക്കരണ ചട്ടങ്ങൾ പ്രകാരമുള്ള ബാഗുകൾ ഏജൻസി ഉപഭോക്താക്കൾക്ക് നൽകും. ഇരുചക്രവാഹനങ്ങളിൽ വീടുകളിലെത്തി ശേഖരിക്കുന്ന മാലിന്യം പിന്നീട് വലിയ വാഹനത്തിൽ ശാസ്ത്രീയ സംസ്കരണത്തിനായി കൊണ്ടു പോകും.
കിലോഗ്രാമിന് എല്ലാ നികുതികളും ഉൾപ്പടെയാണ് 12 രൂപ യൂസർ ഫീ ഈടാക്കുന്നത്. നേരത്തെ തന്നെ ബയോ മെഡിക്കൽ മാലിന്യശേഖരണം തുടങ്ങിയിരുന്നെങ്കിലും യൂസർഫീ കൂടുതലായിരുന്നു. നഗരവാസികൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സംസ്കരണ ചെലവ് നഗരസഭ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. ബയോ മെഡിക്കൽ മാലിന്യ സംസ്കരണത്തിനുള്ള യൂണിറ്റ് സ്വന്തമായി സ്ഥാപിക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്.
ഇപ്പോൾ ഈടാക്കുന്ന യൂസർഫീ മാലിന്യശേഖരണ ചിലവ് മാത്രമാണ്. സ്ഥിരംസമിതി അധ്യക്ഷരായ ടി കെ അഷ്റഫ്, പി ആർ റെനീഷ് തുടങ്ങിയവർ മാലിന്യശേഖരണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
കലണ്ടർ ഇങ്ങനെ
കൊച്ചി
നിശ്ചിത കലണ്ടർ പ്രകാരമാണ് വീടുകളിൽ നിന്നുള്ള ബയോഗമെഡിക്കൽ മാലിന്യം ഏജൻസികൾ ശേഖരിക്കുന്നത്. ഓരോ ഡിവിഷനുകൾക്കും നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ ഇങ്ങനെ. തിങ്കൾ–1, 2, 3, 4, 5, 6, 7, 8, 9, 10, 24, 25, 26, 27, 28 ഡിവിഷനുകൾ.
ചൊവ്വ-50 മുതൽ 64 വരെയുള്ള ഡിവിഷനുകൾ. ബുധൻ–- 31, 32, 33 വരെയും 65 മുതൽ 74 വരെയും. വ്യാഴം- 34 മുതൽ 41 വരെ. വെള്ളി– 11 മുതൽ 23 വരെയും 42 മുതൽ 49വരെയും 29, 30 ഡിവിഷനുകളിലും.