കൊച്ചി> സിപിഐ എം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ എന്നിവരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 1995 ഏപ്രിൽ 12ന് ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രയിൽവച്ച് ഇ പി ജയരാജനുനേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കുമ്പോഴാണ് ഗൂഢാലോചനയിലെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടിനെക്കുറിച്ച് സ്പെഷ്യൽ ഗവ. പ്ലീഡർ എസ് യു നാസർ ഹൈക്കോടതിയെ അറിയിച്ചത്. 1995ൽ സുധാകരൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി 2016 ആഗസ്ത് 10ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിന്റെ പകർപ്പും ഹാജരാക്കി.
ഉന്നത സിപിഐ എം നേതാക്കളോട് കെ സുധാകരനുണ്ടായിരുന്ന രാഷ്ട്രീയ, വ്യക്തി വൈരാഗ്യമാണ് അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലേക്ക് നയിച്ചത്. ഒന്നും മൂന്നും പ്രതികളായ സുധാകരനും രാജീവനും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ്, ഡൽഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിൽ താമസിച്ച് മറ്റൊരു പ്രതി എം വി രാഘവനുമായി ടെലിഫോണിലൂടെ ഗൂഢാലോചന നടത്തി. സംസ്ഥാനത്തിന് പുറത്തുവച്ച് മൂന്നു നേതാക്കളെയും ആക്രമിക്കാൻ പദ്ധതിയിട്ടു. 1995ൽ പഞ്ചാബിൽ നടന്ന സിപിഐ എം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ആക്രമിക്കാനായിരുന്നു പദ്ധതി. ജയരാജൻ യാത്ര ചെയ്ത രാജധാനി എക്സ്പ്രസിൽ കണ്ണൂർ സ്വദേശികളായ നാലാം പ്രതി ശശിയും അഞ്ചാം പ്രതി പി കെ ദിനേശനും കയറി. ട്രെയിൻ ആന്ധ്രപ്രദേശിലെ ചിരാല സ്റ്റേഷനു സമീപമെത്തിയപ്പോൾ ജയരാജനുനേരെ ദിനേശൻ രണ്ട് റൗണ്ട് വെടിവച്ചു. കഴുത്തിൽ വെടിയേറ്റു.
ചിരാല പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് ഇ പി ജയരാജൻ തിരുവനന്തപുരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. തുടർന്ന് തമ്പാനൂർ പൊലീസ് കേസെടുത്തു. സുധാകരൻ, രാജീവൻ, വിക്രംചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരടക്കം അഞ്ചുപേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. ഇതിൽ രണ്ടാംപ്രതി എം വി രാഘവൻ കുറ്റപത്രം സമർപ്പിച്ചശേഷവും നാലാംപ്രതി ശശി അന്വേഷണ കാലയളവിലും മരിച്ചു.
സുധാകരനും മൂന്നാം പ്രതി രാജീവനുമെതിരായ വിചാരണ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുമ്പോൾ 2016ലാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി പരിഗണിച്ച് അന്തിമവാദത്തിനായി 27 ലേക്ക് മാറ്റി.