കൊച്ചി> മോൻസൺ മാവുങ്കലിന്റെ പേരിൽ നിലവിലുള്ളത് രണ്ട് പോക്സോ അടക്കം നാലു പീഡനക്കേസുകൾ. വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണിന് മൂന്നു ജീവപര്യന്തം കഠിനതടവും 5.25 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. 2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഈ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോൻസണിന്റെ പേഴ്സണൽ മേക്കപ്പ്മാൻ തൃശൂർ തിരുവില്വാമല കുന്നേൽവീട്ടിൽ ജോഷിക്കെതിരെ മറ്റൊരു പോക്സോ കേസ് നിലവിലുണ്ട്. അതിന്റെ വിചാരണനടപടികൾ പെരുമ്പാവൂർ അതിവേഗ കോടതിയിൽ പുരോഗമിക്കുന്നു. ഇതിൽ മോൻസൺ രണ്ടാംപ്രതിയാണ്.
ഇതേ പെൺകുട്ടിയെ പ്രായപൂർത്തിയായശേഷം പീഡിപ്പിച്ചതിന് മറ്റൊരു കേസും മോൻസണിന് എതിരെയുണ്ട്. 2020 മുതൽ അറസ്റ്റിലാകുന്ന 2021 സെപ്തംബർ 26ന് രണ്ടുദിവസം മുമ്പുവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ജീവനക്കാരിയെ പീഡിപ്പിച്ചതിന് മറ്റൊരു ബലാത്സംഗക്കേസും മോൻസണിനെതിരെയുണ്ട്. ഇതിന്റെ വിചാരണയും ഉടൻ ആരംഭിക്കും.
പാർലമെന്റ് കമ്മിറ്റിയുടെ പേപ്പർ നൽകാമെന്ന് വാഗ്ദാനം
കൊച്ചി> ഫെമ നിയമപ്രകാരം പിടിച്ചുവച്ച പണം ലഭിക്കാൻ പാർലമെന്റ് പബ്ലിക് ഫിനാൻസ് കമ്മിറ്റിയുടെ പേപ്പർ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് 25 ലക്ഷം രൂപ കെ സുധാകരന്റെ സാന്നിധ്യത്തിൽ പരാതിക്കാർ മോൻസണിന് കൈമാറിയത്. മുൻ എംപി എന്നനിലയിൽ പാർലമെന്റ് പബ്ലിക് ഫിനാൻസ് കമ്മിറ്റിയിലുള്ളവരുമായി തനിക്ക് പരിചയമുണ്ടെന്ന് സുധാകരൻ അവകാശപ്പെട്ടതായി പരാതിക്കാർ പറയുന്നു. 2018 നവംബർ 22ന് മോൻസണിന്റെ കലൂരിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ഫെമ നിയമപ്രകാരം കേന്ദ്രം തടഞ്ഞ 2,62,600 കോടി രൂപ ലഭിക്കാൻ പാർലമെന്റിന്റെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ടയക്കാൻ 25 ലക്ഷം രൂപ അടിയന്തരമായി വേണമെന്ന് മോൻസൺ പരാതിക്കാരിലൊരാളായ അനൂപ് മുഹമ്മദിനെ അറിയിച്ചിരുന്നു. തുടർന്നാണ് സുധാകരനുമായി സംസാരിക്കാൻ അനൂപിനെ കലൂരിലെ വീട്ടിലേക്ക് വരുത്തിയത്. അന്ന് സുധാകരൻ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുധാകരന്റെ ഉറപ്പിലാണ് പണം നൽകിയതെന്നും പരാതിയിലുണ്ട്. സുധാകരനുമായി സംസാരിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ പറയുന്നത്.