കോട്ടയം> ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയും മുറവിളികൂട്ടുമ്പോൾതന്നെ ജീവനക്കാരുടെ സർഗവാസനകൾക്ക് കൂച്ചുവിലങ്ങിട്ട് മലയാള മനോരമയുടെ ഇരട്ടത്താപ്പ്.
തങ്ങളുടെ ജീവനക്കാരാരും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയൊ പ്രസാധകരിലൂടെയൊ ഒറ്റയക്ഷരവും എഴുതരുതെന്നാണ് മുന്നറിയിപ്പ്. അഥവാ എഴുതിയാൽ അത് ‘കോഡ് ഓഫ് കോൺടക്ടി’ന്റെ ലംഘനമാകും. ഇത് പുറത്താക്കലിലേക്ക് നയിക്കാവുന്ന കുറ്റമാകുമെന്നും ഉന്നത മാനേജ്മെന്റ് തയ്യാറാക്കിയ 30 പേജുള്ള പെരുമാറ്റച്ചട്ട സംഹിതയിൽ പറയുന്നു. ഇതിലെ ‘മൂൺ ലൈറ്റിങ്’ എന്ന ഭാഗത്ത് 3.8 എന്ന നമ്പരിൽ വിശദീകരിക്കുന്ന ഭാഗത്താണ് എഴുത്തുവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
‘എഴുത്തു വിലക്കി’ൽ പത്രാധിപ സമിതിക്കുള്ളിൽ നീരസം പുകയുന്നുണ്ട്. അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടിയുള്ള അനുമതിയോടെ ഇക്കാര്യത്തിൽ ഇളവ് നൽകുമെന്ന സൂചനയുണ്ടെങ്കിലും ആ വഴിക്കാരും ചിന്തിക്കില്ലെന്ന് മനോരമയിലുള്ളവർതന്നെ പറയുന്നു. മറ്റ് ജോലികൾ ചെയ്യുന്നതിനും വിലക്കുണ്ട്. ജോലിയുടെ ഭാഗമല്ലാതെ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നതും വിലക്കി. ഒടിയൻ, കുട്ടിസ്രാങ്ക് തുടങ്ങിയ ചലച്ചിത്രങ്ങളുടെ തിരക്കഥകളിലൂടെ നിരവധി അവാർഡുകൾ നേടിയ കെ ഹരികൃഷ്ണൻ, കഥകളും നോവലും എഴുതുന്ന രവിവർമ തമ്പുരാൻ, ബി മുരളി, ടോണി കെ ജോസ്, മനോജ് തെക്കേടത്ത് തുടങ്ങിയ എഴുത്തുകാരുടെ ഭാവനയുടെ ചിറകരിയുന്നതാണ് പുതിയ തീരുമാനം.
‘എഴുത്ത് വിലക്ക് ’ ഭീഷണിയായി പലഘട്ടങ്ങളിലും വന്നിരുന്നു. നിരവധി എഴുത്തുകാർ മനോരമ വിടുന്ന രീതിയും വന്നു. കെ ആർ മീര, കെ രേഖ, ജി ആർ ഇന്ദുഗോപൻ എന്നിവർ ഈ പട്ടികയിൽ വരും. ജീവനക്കാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഈ മാർഗരേഖയിൽ സ്ത്രീ–-പുരുഷ സൗഹൃദത്തെ കുറിച്ചുവരെ പരാമർശങ്ങളുണ്ട്.