തിരുവനന്തപുരം> ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സിനിമകൾ ഒടിടിയിൽ എത്തുന്നത് തിയറ്ററുകളിൽ പ്രേക്ഷകർ എത്തുന്നത് ഇല്ലാതാക്കുന്നുവെന്ന് “ഒ ബേബി’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന വാർത്താസമ്മേളനത്തിൽ സംവിധായകൻ രഞ്ജൻ പ്രമോദ്.
“ഒ ബേബി’ ഉൾപ്പെടെയുള്ള സിനിമകൾ ഒടിടിയിലൂടെമാത്രം കാണുമ്പോൾ ആകെ സിനിമയുടെ വളരെ ചെറിയ ശതമാനംമാത്രമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ കഥയും രാഷ്ട്രീയവുമെല്ലാം ഒടിടിയിലൂടെ പ്രേക്ഷകരിൽ എത്തുമ്പോഴും യഥാർഥത്തിലുള്ള സിനിമയുടെ സൗന്ദര്യം തിയറ്ററിൽ നിന്നുമാത്രമേ ലഭിക്കുകയുള്ളൂ. തിയറ്ററുകളെ ഉപേക്ഷിച്ച് ഒടിടിയിലേക്ക് ചുരുങ്ങുമ്പോൾ കലാരൂപം എന്നനിലയിലും സാമ്പത്തികമായും സിനിമ വെല്ലുവിളിയിലേക്ക് പോകുകയാണെന്നും തിയറ്ററുകളിലെത്തി സിനിമയെ പ്രേത്സാഹിപ്പിക്കാൻ പ്രേക്ഷകർ തയ്യാറാകണമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഒ ബേബി’ യിലെ അഭിനേതാക്കളായ ഗോപാലകൃഷ്ണൻ, ദേവദത്ത്, വിഷ്ണു അഗസ്ത്യ, സഹസംവിധായകൻ വിഷ്ണു എന്നിവർ പങ്കെടുത്തു.















