തിരുവനന്തപുരം > കേരളത്തിലെ റോഡുകളുടെ ആരോഗ്യം കുറ്റമറ്റവിധം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന മലയാള മനോരമയുടെ “സംശയ’ ത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടിരിക്കുന്നുവെന്നതിൽ സംശയമില്ലെന്നും, അതേസമയം പാതകളുടെ ആരോഗ്യം കുറ്റമറ്റവിധം പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുപറയാനാകുമോ എന്നുമാണ് മനോരമയുടെ എഡിറ്റോറിയൽ തുടക്കത്തിൽ പറയുന്നത്. എന്നാൽ റോഡ് പരിപാലനം മെച്ചപ്പെടുത്താൻ വരുത്തിയ സുതാര്യമായ മാറ്റങ്ങളെ കുറിച്ച് ഒരക്ഷരം എഴുതാൻ മനോരമ തയ്യാറായില്ല. കേരളത്തിലെ പൊതുമരാമത്ത് റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ടുള്ള പച്ച, നീല ബോർഡുകളെ കുറിച്ച് മലയാള മനോരമ എഡിറ്റോറിയൽ പറയാതെ പോയതാണ് മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ അക്കമിട്ട് നിരത്തുന്നത്.
സാമൂഹ്യമാധ്യമങ്ങൾവഴി കേരളത്തിലെ റോഡുകളിലെ മാറ്റം ജനങ്ങൾ പ്രചരിപ്പിച്ചപ്പോഴാണ് മലയാള മനോരമയ്ക്ക് പോലും ഇപ്പോൾ കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ടുവെന്ന് തുടക്കം തന്നെ സമ്മതിക്കേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു. പരിപാലന കാലാവധി പരസ്യപ്പെടുത്തിയ ബോർഡുകളും റണ്ണിങ് കോൺട്രാക്ട് എന്ന പുതിയ സംവിധാനവും വന്നപ്പോൾ കേരളത്തിലെ റോഡുകൾ മെയിന്റനൻസ് ഉറപ്പുവരുത്തി പരാതി ഇല്ലാത്ത നിലയിൽ മഹാഭൂരിപക്ഷം റോഡുകളും മാറി. പരിപാലന കാലാവധി പരസ്യപ്പെടുത്തിയത് കൊണ്ടുണ്ടായ മാറ്റം എന്നത്, അതിന് കേടുപാടുകൾ സംഭവിച്ചാൽ ബന്ധപ്പെട്ട കരാറുകാർതന്നെ അതിന് ചെലവ് വഹിക്കണം. അത് കരാറുകാനെ ഓർമ്മപ്പെടുത്താൻ ചുമതലയുള്ള ഉദ്ദ്യോഗസ്ഥരുണ്ട്. പച്ച ബോർഡുകളിൽ കരാറുകാരന്റെ പേരും ഫോൺ നമ്പറും വച്ച്, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഡിപ്പാർട്ട്മെന്റ് ഫോൺ നമ്പറും വച്ചിട്ടുണ്ട്. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന ബോർഡ് എല്ലാവരും ഇപ്പോൾ കണ്ടിട്ടുണ്ടാകും. ഇതിലൂടെ ആ റോഡിന്റെ കാര്യത്തിൽ ജനങ്ങൾക്ക് നിലപാട് സ്വീകരിക്കാൻ കഴിയും. ജനപ്രതിനിധികൾക്ക് അതിൽ ഇടപെട്ട് ശക്തമായ സമീപനം സ്വീകരിക്കാൻ കഴിയും. ഇതിന് ഉത്തരവാദി ആരാണെന്ന് തിരിച്ചറിയാൻ കഴിയും. അയാൾ അത് ശ്രദ്ധിക്കേണ്ടിവരും റിയാസ് പറഞ്ഞു.
വീഡിയോ പൂർണരൂപം കാണാം:















