തിരുവനന്തപുരം
കേരള സർവകലാശാലയിൽ ഈ അധ്യയനവർഷംമുതൽ നാലു കോഴ്സിൽ നാലുവർഷ ബിരുദം ആരംഭിക്കും. കാര്യവട്ടം ക്യാമ്പസിൽ ബിഎ ഓണേഴ്സ് ഇൻ ലംഗ്വേജ് ആൻഡ് കമ്യൂണിക്കേഷൻസ്, ബിഎ ഓണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിഎസ്സി ലൈഫ് സയൻസ് കോഴ്സുകളിലും സർവകലാശാല നേരിട്ട് നടത്തുന്ന യുഐടി സെന്ററുകളിലെ ബികോം ബിരുദ കോഴ്സിലും മാറ്റം വരും. കോളേജുകളിൽ നാലുവർഷ ബിരുദം തുടങ്ങുന്നതിന് അഫിലിയേറ്റഡ് കോളേജുകളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. പത്തു വർഷമായി ബിരുദവും അനുബന്ധ പിജി കോഴ്സും നടത്തിവരുന്ന കോളേജുകൾക്കാണ് അനുമതി.
നാലുവർഷ ബിരുദമാകുന്നതോടെ നിലവിലെ മെയിൻ, മേജർ എന്നീ രീതികൾ മേജർ, മൈനർ എന്നിങ്ങനെ മാറ്റംവരും. ഐച്ഛികവിഷയം മേജറായും താൽപ്പര്യമുള്ള വിഷയം മൈനറായും തെരഞ്ഞെടുക്കാവുന്ന തരത്തിലാകും ബിരുദകോഴ്സ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ കാര്യവട്ടം ക്യാമ്പസിലെ 44 ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തിൽ നടപ്പാക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. കോഴ്സ് കരിക്കുലം, അക്കാദമിക പദ്ധതികൾ എന്നിവ തയ്യാറാക്കാൻ വിശദമായ പഠനം നടന്നുവരികയാണ്. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെടും. കോഴ്സിലേക്കുള്ള പ്രവേശനത്തിന് പ്രത്യേക അപേക്ഷ ക്ഷണിക്കും. ഇതിനുള്ള നടപടി പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
2024–- -25 അക്കാദമിക വർഷംമുതൽ സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങും. താൽപ്പര്യമുള്ള സർവകലാശാലകൾക്ക് ഈ വർഷംമുതൽ ബിരുദം തുടങ്ങാമെന്ന നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേരളയിൽ കോഴ്സുകൾ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശിൽപ്പശാല ജൂലൈ ആറിന് സർവകലാശാലയിൽ നടത്തും.















