തിരുവനന്തപുരം
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് വെള്ളിയാഴ്ച സംഘടിപ്പിച്ച മൂന്നുമണിക്കൂർ പ്രത്യേക പരിപാടി ‘മിണ്ടാനാണ് തീരുമാനം’ ലക്ഷ്യമിട്ടത് എൽഡിഎഫ് സർക്കാരാണെങ്കിലും ഫലത്തിൽ കൊണ്ടത് നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളിൽ. പ്രതികരിച്ച പല പ്രശസ്ത മാധ്യമപ്രവർത്തകരും കേരളത്തിലെ ഏതെങ്കിലും സംഭവത്തിനല്ല ഗൗരവം കൊടുത്തത്. മാധ്യമസ്വാതന്ത്ര്യം അപകടപ്പെടുത്തുന്ന സമീപനങ്ങൾക്കെതിരെ പൊതുവായ നിലപാടാണ് പങ്കുവച്ചത്. എം എൻ കാരശേരിയെപ്പോലെ പതിവ് വിമർശകർ മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ എൽഡിഎഫ് വിരോധ ചൂണ്ടയിൽ കുരുങ്ങിയത്.
വസ്തുതകൾ മുന്നിൽവച്ചു വേണം മാധ്യമപ്രവർത്തനം നടത്താനെന്നും പക്ഷപാതപരമായി ആയിരിക്കരുത് റിപ്പോർട്ടിങ് എന്നും പ്രശസ്ത അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജോസി സെബാസ്റ്റ്യൻ പ്രതികരിച്ചു. സിദ്ധാർഥ് വരദരാജൻ, ഉമാകാന്ത് ലഖേര തുടങ്ങി ദേശീയ തലത്തിലുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെല്ലാം മോദിയുടെ വരവിനുശേഷം മാധ്യമസ്വാതന്ത്ര്യത്തിനു വന്നുചേർന്ന ഗുരുതരമായ അപകടസ്ഥിതിയെ ഓർമിപ്പിച്ചു.
സർക്കാരിനെയും എസ്എഫ്ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് പാർടി സെക്രട്ടറി പറഞ്ഞു, മാർക് ലിസ്റ്റിലെ പിശക് റിപ്പോർട്ട് ചെയ്തതിന് ലേഖികയ്ക്കെതിരെ കേസ്, വാർത്തയുടെ സോഴ്സ് വെളിപ്പെടുത്തണമെന്ന് മനോരമയുടെ കൊല്ലത്തെ ലേഖകനോട് പൊലീസ് ആവശ്യപ്പെട്ടു തുടങ്ങി പച്ചക്കള്ളങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി. വിമർശിച്ചാൽ കേസെടുക്കുമെന്നോ മാധ്യമങ്ങൾക്കെതിരെയോ താൻ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇല്ലാത്ത കഥയുണ്ടാക്കി സർക്കാരിനും എസ്എഫ്ഐക്കും എതിരെ ഗൂഢാലോചന നടത്തി പ്രചാരണം നടത്തിയാൽ അത് അന്വേഷിക്കുമെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാർത്ത റിപ്പോർട്ട് ചെയ്തതിന് ആർക്കെതിരെയും കേസില്ല, ആർഷോയുടെ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. അഴിമതിക്കാരെ കണ്ടെത്താൻ സഹായിക്കണമെന്നാണ് കൊല്ലത്തെ മനോരമ ലേഖകനോട് പൊലീസ് ആവശ്യപ്പെട്ടത്. അനവധി മാധ്യമപ്രവർത്തകർ മുമ്പും പൊലീസിനെ സഹായിച്ചിട്ടുമുണ്ട്. ഇത്തരം വസ്തുതകൾക്കു നേരെ കണ്ണടച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ‘മിണ്ടാനുള്ള തീരുമാനം’
തരംപോലെയേ മിണ്ടൂ
‘മിണ്ടാനാണ് തീരുമാന’മെങ്കിൽ ഏഷ്യാനെറ്റ് ആദ്യം മിണ്ടേണ്ടത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കരുവാക്കി സൃഷ്ടിച്ച സ്വന്തം വ്യാജവാർത്തയെക്കുറിച്ചാണ്, സ്ഥാപനത്തിന്റെ തലപ്പത്തും ന്യൂസ് റൂമിലും തുടരുന്ന പോക്സോ കേസ് പ്രതികളെക്കുറിച്ചാണ്. മിണ്ടേണ്ടപ്പോൾ മഹാമൗനത്തിലാവുകയും തരംപോലെ മിണ്ടിയതുമാണ് ഏഷ്യാനെറ്റിന്റെ ചരിത്രം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വ്യാജവാർത്ത നിർമിച്ചതിന് പോക്സോ കേസിൽ അകപ്പെട്ട മാധ്യമസംഘമാണ് ഏഷ്യാനെറ്റിനായി ‘മിണ്ടാനാണ് തീരുമാന’മെന്ന ക്യാമ്പയിൻ നയിക്കുന്നത്.
‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന പരമ്പരയ്ക്കായി സ്കൂൾ വിദ്യാർഥിനിയെ കരുവാക്കി വ്യാജ വീഡിയോ നിർമിച്ച സംഭവത്തിൽ ചാനൽ തലവൻമാരോട് പരാതി പറഞ്ഞതിനും പൊലീസിന് മൊഴി നൽകിയതിനുമുള്ള പ്രതികാരമായി വനിതാ റിപ്പോർട്ടറെ ഏഷ്യാനെറ്റ് പുകച്ച് പുറത്തുചാടിച്ചു. ഈ കേസിലെ പോക്സോ പ്രതികളായ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധുസൂര്യകുമാറും റസിഡന്റ് എഡിറ്റർ ഷാജഹാനും റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫും ഉൾപ്പെടെയുള്ളവർ ചാനലിൽ സസുഖം വാഴുമ്പോഴാണ് മാധ്യമ നൈതികതയെക്കുറിച്ച് ഏഷ്യാനെറ്റിന്റെ ക്യാമ്പയിൻ. പോക്സോ പ്രകാരം കേസ് എടുത്തപ്പോഴും കൃത്രിമ വീഡിയോ ദൃശ്യങ്ങൾ ഉണ്ടാക്കിയെന്ന് പകൽപോലെ തെളിഞ്ഞപ്പോഴും ഖേദപ്രകടനമെന്ന മിനിമം മാധ്യമധർമം ഏഷ്യാനെറ്റ് പാലിച്ചിട്ടില്ല. തെറ്റുപറ്റിയെന്ന് വരികൾക്കിടയിൽപ്പോലും പറഞ്ഞിട്ടുമില്ല. ദീർഘനാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതെ ഒളിച്ചുകളിച്ചു.
ഏഷ്യാനെറ്റ് വിളിച്ചത് മുതലാളി കേസിൽ
കുടുക്കിയ പത്രപ്രവർത്തകനെ
രാജീവ് ചന്ദ്രശേഖർ കേസ് കൊടുത്ത, ദ വയറിന്റെ ഫൗണ്ടർ എഡിറ്റർ സിദ്ധാർഥ് വരദരാജനെ വിളിക്കേണ്ടിവന്നതും എഷ്യനെറ്റിന്റെ ക്യാമ്പയിന്റെ പാപ്പരത്വം വെളിപ്പെടുത്തി. പ്രതിരോധ രംഗത്തെ നിക്ഷേപകനായ രാജീവ് ചന്ദ്രശേഖർ പ്രതിരോധത്തിനായുള്ള പാർലമെന്ററി കമ്മിറ്റി അംഗമാകുന്നതിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച റിപ്പോർട്ട് നൽകിയതിനായിരുന്നു കേസ്. രണ്ട് വർഷത്തിലേറെ നീണ്ട നിമയപോരാട്ടം വേണ്ടിവന്നു സിദ്ധാർഥിന് ഈ കേസിൽ നിന്ന് ഒഴിവാകാൻ. ചർച്ചയിലും സിദ്ധർഥ് വരദരാജൻ മോദിയുടേതാണ് മാധ്യമവേട്ടയെന്ന് അടിരവയിട്ടു.