ന്യൂഡൽഹി
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യ ചർച്ചകൾ സജീവമാകുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മോദി സർക്കാരും യോഗി സർക്കാരും. പ്രാദേശിക, ദേശീയ, രാജ്യാന്തര മാധ്യമങ്ങളെ ബിജെപി സർക്കാരുകൾ തുടർച്ചയായി വേട്ടയാടുന്നു. ദേശീയ മാധ്യമങ്ങളിൽ ഭൂരിപക്ഷവും കേന്ദ്ര സർക്കാർ ശിങ്കിടികളായ കോർപറേറ്റുകളുടെ കൈപ്പിടിയിലാണ്. പരിമിത വിഭവങ്ങളാൽ ചെറുത്തുനിൽക്കുന്ന ഇതര മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിർദയം അടിച്ചമർത്താനാണ് കേന്ദ്രവും ഉത്തർപ്രദേശ് സർക്കാരും ശ്രമിക്കുന്നത്. 180 രാജ്യം ഉൾപ്പെട്ട ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആയി ഇടിഞ്ഞു.
ജനവിരുദ്ധ നയങ്ങൾക്കെതിരെ റിപ്പോർട്ടുകളും വിശകലനങ്ങളും നൽകിയതിന് ‘ദ കാരവൻ’ മാസികയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. 2017ൽ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോർട്ടുകളുടെ പേരിൽ നിലവിലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ‘ദ വയർ’ ചുമതലക്കാരെ വർഷങ്ങൾ കോടതി കയറ്റി. പ്രതിരോധമേഖലയിലെ സ്വകാര്യ നിക്ഷേപകനായ രാജീവ് ചന്ദ്രശേഖർ പ്രതിരോധ മന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി അംഗമായിരിക്കുന്നതിലെ ഭിന്നതാൽപ്പര്യം, അതിതീവ്ര ദേശീയവാദം പ്രോത്സാഹിപ്പിക്കുന്ന ‘ദ റിപ്പബ്ലിക്’ ചാനൽ നയം എന്നിവ തുറന്നുകാട്ടിയതാണ് ‘ദ വയർ’ പോർട്ടലിനെതിരായ കേസുകൾക്ക് വഴിയൊരുക്കിയത്. യുപിയിലും ‘ദ വയറി’നെതിരെ നിരന്തരം കേസുകളെടുത്തു. കർഷകസമരകാലത്ത് പ്രക്ഷോഭകൻ പൊലീസ് അതിക്രമത്തിൽ മരിച്ചെന്ന ട്വീറ്റിന്റെ പേരിൽ രാജ്ദീപ് സർദേശായ്, വിനോദ് കെ ജോസ്, മൃണാൽ പാണ്ഡെ എന്നീ പ്രമുഖ മാധ്യമപ്രവർത്തകരെയെല്ലാം ഡൽഹി പൊലീസ് കേസിൽ കുടുക്കി. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം തടഞ്ഞു. കേന്ദ്ര സർക്കാരിന് മാപ്പപേക്ഷ എഴുതിനൽകിയാണ് ഏഷ്യാനെറ്റ് തിരിച്ചുവന്നത്.
കള്ളപ്രചാരണങ്ങൾ പൊളിക്കുന്ന ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ജയിലിലടച്ചു. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയ ‘ഔട്ട്ലുക്ക്’ വാരിക എഡിറ്റർ റൂബൻ ബാനർജിക്ക് തൽസ്ഥാനം നഷ്ടമായി. കേന്ദ്ര സർക്കാർ അവകാശവാദങ്ങൾ വസ്തുതാ അന്വേഷണത്തിന്റെ ഭാഗമായി പൊളിച്ചടുക്കിയ അവതാരകൻ പുണ്യ പ്രസൂൺ ബാജ്പേയിയെ എബിപി ന്യൂസിൽനിന്ന് പുറത്താക്കി. ഇതിനുപിന്നിൽ കേന്ദ്ര സർക്കാർ ഇടപെട്ടതായി ആരോപണം ഉയർന്നു.