കൊൽക്കത്ത
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണത്തോടനുബന്ധിച്ച് അരങ്ങേറിയ വ്യാപക ആക്രമണത്തെ ഗവർണർ സി വി ആനന്ദ ബോസ് രൂക്ഷമായി വിമർശിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭംഗോറിൽ വെള്ളിയാഴ്ച ഗവർണർ സന്ദർശിച്ചു. ഫലപ്രദമായ നടപടിയുണ്ടാകുമെന്ന് ഗവർണർ പറഞ്ഞു. അക്രമസംഭവങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറോട് ഗവർണർ റിപ്പോർട്ട് തേടി.
രണ്ട് സിപിഐ എം പ്രവർത്തകരെയടക്കം കൊലപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണ പരമ്പരയിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
കൊൽക്കത്തയിലെ പ്രതിഷേധ റാലിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ജില്ലാ സെക്രട്ടറി കല്ലോൽ മജുംദാർ എന്നിവർ നേതൃത്വം നൽകി. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികളെല്ലാം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സലിം പറഞ്ഞു.