കോഴിക്കോട്> സിനിമാ സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപിയിൽ നിന്ന് രാജിവെച്ചു. സംവിധായകൻ രാജസേനനും നടൻ ഭീമൻ രഘുവും ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് രാമസിംഹൻ അബൂബക്കറും പാർടി വിട്ടത്. ബിജെപി കലാകാരന്മാരെ അവഗണിക്കുന്നതായി ആക്ഷേപിച്ചാണ് സംസ്ഥാനസമിതി അംഗമായ രാമസിംഹൻ അബൂബക്കറിന്റെ രാജി. ബിജെപിയിൽ സ്വതന്ത്ര അഭിപ്രായത്തിന് സ്ഥാനമില്ലെന്നും പറഞ്ഞു. ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും സ്വതന്ത്രനാണെന്നും ഫേസ്ബുക്കിലൂടെ രാജി സ്ഥിരീകരിച്ച് രാമസിംഹൻ അബൂബക്കർ വെളിപ്പെടുത്തി.
നേരത്തെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കമുള്ള നേതൃത്വത്തെ നിശിതമായി ഇദ്ദേഹം വിമർശിക്കയുണ്ടായി. സംസ്ഥാനത്തേത്. ബിജെപിയല്ല കെ ജെ പി (കേരള ജനതാ പാർടി)യാണെന്ന വിമർശനവും ഉയർത്തുകയുണ്ടായി. സംസ്ഥാനസമിതി അംഗമായിട്ടും നേതൃത്വം പരിഗണിക്കാത്തതാണ് രാജിക്ക് കാരണം. ഒരാഴ്ച മുമ്പ് രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് ഇ മെയിൽ ചെയ്തിട്ടുണ്ട്. രാജിയെക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും രാമസിംഹൻ അബൂബക്കർ ‘ദേശാഭിമാനി’യോട് പറഞ്ഞു.