തിരുവനന്തപുരം
കേരളത്തിലെ ബിജെപിയെ നിയന്ത്രിക്കാനാകുന്നില്ലെന്ന ആക്ഷേപത്തിൽനിന്ന് രക്ഷപ്പെടാൻ സംഘടനാ സെക്രട്ടറിയെ പുറത്താക്കി ആർഎസ്എസ്. ജനറൽ സെക്രട്ടറി എം ഗണേഷിനെയാണ് ബിജെപിയുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. ജോയിന്റ് ജനറൽ സെക്രട്ടറി കെ സുഭാഷിന് ചുമതല നൽകിയേക്കും. മൂന്നുദിവസമായി തിരുവനന്തപുരത്തു നടന്ന സംഘപരിവാർ സംഘടനകളുടെ ചുമതലയുള്ള പ്രചാരകന്മാരുടെ യോഗത്തിലാണ് തീരുമാനം.
കേരളത്തിലെ ബിജെപിയിലുള്ള ഗ്രൂപ്പുകളി ഉൾപ്പെടെ നിയന്ത്രിക്കാൻ ആർഎസ്എസിന് കഴിയുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. ബിജെപി നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെ ഉയർന്നപ്പോഴും ആർഎസ്എസ് ഇടപെട്ടിരുന്നില്ല. സംഘടനയെ മറികടന്ന് ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നുവെന്ന പരാതി ആർഎസ്എസ് നേതൃത്വത്തിനും ഉണ്ടായിരുന്നു. പൊതുജനങ്ങളിൽനിന്ന് ബിജെപി അകന്നുപോകുന്നതിൽ ആർഎസ്എസ് താക്കീത് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് തിരുവനന്തപുരത്ത് പ്രചാരകൻമാരുടെ ബൈഠക് വിളിച്ചുചേർത്തത്.
അതേസമയം ബിജെപി സംസ്ഥാന പ്രസഡിന്റ് കെ സുരേന്ദ്രന്റെ പേരിൽ പ്രചരിച്ച ‘വ്യാജസന്ദേശം’ ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ‘എം ഗണേഷിനെ പുറത്താക്കി’ എന്നുകാണിച്ച് ബിജെപി ലെറ്റർ പാഡിൽ സുരേന്ദ്രൻ പുറത്തിറക്കിയതായുള്ള അറിയിപ്പാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അറിയിപ്പ് വ്യാജസൃഷ്ടിയാണെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും ആർഎസ്എസ് തീരുമാനം ആരു ചോർത്തിയെന്ന ചോദ്യത്തിന് മറുപടിയില്ല. ആർഎസ്എസ് ഇടപെട്ടാലും ബിജെപിയിലെ ഗ്രൂപ്പുകളി അവസാനിക്കില്ല എന്നതിന് തെളിവാണ് സമൂഹമാധ്യമങ്ങളിലെ ‘പുറത്താക്കൽ നോട്ടീസ്’.
ബിജെപി പ്രവർത്തനത്തിൽ അതൃപ്തി
ഗ്രൂപ്പുപോര് രൂക്ഷമായി തുടരുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ആർഎസ്എസ് നേതൃത്വം. രണ്ടുദിവസത്തെ ആർഎസ്എസ് സംസ്ഥാന നേതൃയോഗത്തിനുമുന്നോടിയായി എളമക്കര മാധവമന്ദിരത്തിൽ എത്തിയ സംഘടനാചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനോടാണ് നേതൃത്വം അതൃപ്തി അറിയിച്ചത്. സഹ സർകാര്യവാഹക് അരുൺകുമാറും സംസ്ഥാന നേതൃത്വവും ബി എൽ സന്തോഷുമായി ചർച്ച നടത്തി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിലുള്ള പോരായ്മകളാണ് സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ഗണേഷിനെ മാറ്റി കെ സുഭാഷിനെ നിയമിക്കാനുള്ള ആർഎസ്എസ് തീരുമാനത്തിനുപിന്നിലെന്ന് നേതൃത്വം ബി എൽ സന്തോഷിനെ അറിയിച്ചു. വെള്ളി , ശനി ദിവസങ്ങളിൽ എളമക്കര ഭാസ്കരീയത്തിലാണ് ആർഎസ്എസ് വാർഷിക നേതൃയോഗം.