തിരുവനന്തപുരം
പുതിയ അധ്യയന വർഷം സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളുടെ പഠന നിലവാരം ഉയർത്തുന്നതിനും സാങ്കേതികമേന്മ വർധിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ സാങ്കേതിക സർവകലാശാലയ്ക്ക് 14.64 കോടി രൂപ അനുവദിച്ചു. സർവകലാശാല നേരിട്ട് പഠന വകുപ്പുകൾ ആരംഭിക്കുന്നതിന് പ്രാഥമികമായി 1.25 കോടി രൂപയാണ് നൽകിയിട്ടുള്ളത്.
വിളപ്പിൽശാലയിൽ ഉയരുന്ന സർവകലാശാലാ ആസ്ഥാനത്ത് പഠനവകുപ്പുകൾ ആരംഭിക്കാനാണ് തീരുമാനമെങ്കിലും ഈ അധ്യയന വർഷം തന്നെ ഗവേഷണ മേഖലയിൽ വിവിധ പഠന വകുപ്പുകൾക്ക് രൂപം നൽകാൻ ശ്രമിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. എൻജിനിയറിങ് വിദ്യാർഥികളുടെ നൂതന ആശയങ്ങൾ വ്യവസായ സൗഹൃദ കേരളത്തിന് അനുയോജ്യമാംവിധം രൂപപ്പെടുത്തുന്നതിനും തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിനുമുള്ള പ്രാരംഭ പദ്ധതികൾക്കായി 1.27 കോടി രൂപയാണ് അനുവദിച്ചത്.
ലോകോത്തര എൻജിനിയറിങ് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അനുനിമിഷമുള്ള കുതിച്ചുചാട്ടങ്ങൾക്കും അനുസരിച്ച് സ്വാശ്രയ എൻജിനിയറിങ് കോളേജിലെ ഉൾപ്പെടെ അധ്യാപകരെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലെ അക്കാദമിക് കാര്യങ്ങൾകൂടി പരിശീലിപ്പിക്കുന്നതിനാണ് രണ്ടു കോടി.
വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനും വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള പരിശീലനത്തിനും വിദ്യാർഥികൾക്ക് നൽകുന്നതിനായി 3.5 കോടി വിനിയോഗിക്കും. എൻജിനിയറിങ് പഠനം അക്കാദമിക് പ്രവർത്തനത്തിലൊതുങ്ങാതെ പ്രായോഗിക പരിശീലനവും പുതിയ വ്യവസായ ലോകത്തിന് ആവശ്യമായ നൈപുണ്യ ശേഷിയുംകൂടി അവർക്ക് ലഭ്യമാക്കുകയുമാണ് സർക്കാർ ലക്ഷ്യം. വിദ്യാർഥികളുടെ കണ്ടുപിടിത്തം പ്രോത്സാഹിപ്പിക്കൽ, സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങളിൽ പങ്കാളികളാക്കൽ എന്നിവയ്ക്ക് ഉൾപ്പെടെയാണ് സർവകലാശാലയ്ക്ക് അനുവദിച്ച തുക ചെലവാക്കുക.
സർവകലാശാലയുടെ ഐടി അടിസ്ഥാന സൗകര്യവികസനത്തിനും ഓൺലൈൻ സംവിധാനങ്ങളുടെ നവീകരണത്തിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണത്തിന് ആവശ്യമായ ബുക്കുകൾക്കും ഓൺലൈൻ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും 1.5 കോടി വിനിയോഗിക്കും.