മിയാമി > രഹസ്യരേഖാ കേസിൽ കോടതിയിൽ എത്തിയ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മിയാമി കോടതി നടപടി ക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്തു. പിന്നാലെ ട്രംപിനെ ജാമ്യത്തിൽ വിട്ടു. പ്രതിരോധ രഹസ്യരേഖകൾ കൈവശം വയ്ക്കൽ, അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ 37 കുറ്റം ചുമത്തപ്പെട്ട ട്രംപ് ചൊവ്വ വൈകിട്ടോടെ കോടതിയിൽ എത്തിയപ്പോഴാണ് നടപടി.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റ് നടപടി ക്രമങ്ങളുടെ ഭാഗമായി അറസ്റ്റിലാകുന്നത്. തുടർന്ന് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. തനിക്കുമേൽ ചുമത്തിയ 37 കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കോടതിക്ക് പുറത്ത് ട്രംപ് അനുകൂലികളും ട്രംപ് വിരുദ്ധരും പ്ലകാർഡുകളും ബാനറുകളുമായി തമ്പടിച്ചത് സംഘർഷ സാധ്യതയുണ്ടാക്കി. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെയും കോടതിയിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. യു.എസിൽ ക്രിമിനൽ കേസ് ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ പ്രസിഡന്റാണ് ട്രംപ്.
കഴിഞ്ഞവർഷം ട്രംപിന്റെ ഫ്ലോറിഡയിലെ റിസോർട്ട് മാർ- എ-ലാഗോയിലും ന്യൂയോര്ക്കിലെ ട്രംപ് ഗോള്ഫ് ക്ലബിലും എഫ്ബിഐ നടത്തിയ പരിശോധനയിൽ 11,000 രേഖ പിടിച്ചെടുത്തിരുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള സുപ്രധാന രേഖകൾ കണ്ടെടുത്തതിലായിരുന്നു കേസ്. ശിക്ഷിക്കപ്പെട്ടാൽ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുൾപ്പെടെ ട്രംപിന് തിരിച്ചടി നേരിട്ടേക്കും.















