തിരുവനന്തപുരം
സംസ്ഥാനത്ത് 10 മാസത്തിനിടെ പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയത് 32,061 തെരുവുനായകൾക്കും 4,38,473 വളർത്തുനായകൾക്കും. 2022 സെപ്തംബർ 22മുതൽ ജൂൺ 11വരെയുള്ള കണക്കാണിത്. 2022 ഏപ്രിൽ നാലുമുതൽ 2023 മെയ് 31വരെ 17,987 തെരുവുനായകളെ വന്ധീകരിച്ചു. 426 ഡോഗ് ക്യാച്ചർമാരുടെ നേതൃത്വത്തിലാണ് വന്ധ്യംകരണ പ്രവർത്തനം നടക്കുന്നത്. വാക്സിന് ദൗർലഭ്യമില്ല. നിലവിൽ 2.89 ലക്ഷം തെരുവുനായകളും 8.3 ലക്ഷം വളർത്തുനായകളും ഉള്ളതായാണ് വിവരം. കുടുംബശ്രീ മുഖാന്തരം നടത്തിയിരുന്ന അനിമൽ ബെർത്ത് കൺട്രേൾ (എബിസി) പദ്ധതി നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവ് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നിലവിൽ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് 20 എബിസി കേന്ദ്രമുണ്ട്. 10 എണ്ണം നിർമാണത്തിലാണ്. പലയിടത്തും പൊതുജനം എബിസി കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച 2023ലെ എബിസി റൂൾ പ്രകാരം കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് ഉടനടി യോഗം വിളിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
















