കൊച്ചി
അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് കെ വിദ്യ വ്യാജരേഖ ചമച്ചെന്ന കേസിൽ അഗളി പൊലീസ് തിങ്കളാഴ്ച മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തി. മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിളയുടെ മൊഴി അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. വിദ്യ അഗളി കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ മുൻ വൈസ് പ്രിൻസിപ്പലിന്റെ ഒപ്പാണ്. അതുകൊണ്ടാണ് വൈസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തത്.
മഹാരാജാസ് കോളേജ് നൽകുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയും വിദ്യ അസ്പയർ സ്കോളർഷിപ്പിന് ചേർന്നതിന്റെ രേഖകളും ശേഖരിച്ചു. 2018 ജൂൺ നാലുമുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിൽ അതിഥി അധ്യാപികയായിരുന്നുവെന്നാണ് വിദ്യ നൽകിയ സർട്ടിഫിക്കറ്റുകളിലുള്ളത്. ഇതിൽ രണ്ടാമത്തെ സർട്ടിഫിക്കറ്റ് നൽകിയത് 2021 ഏപ്രിൽ ഒന്നാണ്. ഏപ്രിൽ ഒന്ന് പെസഹ വ്യാഴമാണെന്നും ഇത് അവധി ദിവസമായിരുന്നുവെന്നും വൈസ് പ്രിൻസിപ്പൽ മൊഴി നൽകി.
വിദ്യ അഭിമുഖത്തിന് കാണിച്ച സർട്ടിഫിക്കറ്റ് മഹാരാജാസ് കോളേജിന്റേത് അല്ലെന്ന് ഡോ. ബിന്ദു ശർമിള മാധ്യമങ്ങളോട് പറഞ്ഞു. സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച വാചകങ്ങൾ വ്യത്യസ്തമാണ്. അതിലെ സീൽ മഹാരാജാസിന്റേതല്ല. സർട്ടിഫിക്കറ്റിലെ ഒപ്പും കോളേജ് എംബ്ലവും വ്യാജമാണ്. കോളേജ് അധികൃതരുടെ സഹായം വിദ്യയ്ക്ക് ലഭിച്ചിട്ടില്ലെന്നും ബിന്ദു ശർമിള പറഞ്ഞു. വിദ്യ ഒളിവിലാണെന്നും കേസന്വേഷണം അതിവേഗം പുരോഗമിക്കുകയാണെന്ന് അഗളി ഡിവൈഎസ്പി എൻ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
രേഖകൾ പിടിച്ചെടുത്തു
വ്യാജരേഖ കേസിൽ അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ കെ വിദ്യ സമർപ്പിച്ച രേഖകൾ അഗളി പൊലീസ് പിടിച്ചെടുത്തു. ജൂൺ മൂന്നിന് നടന്ന അഭിമുഖത്തിൽ വിദ്യ സമർപ്പിച്ച 15 ഓളം രേഖകളാണ് പൊലീസ് ശേഖരിച്ചത്. ബയോഡാറ്റ ഒഴികെയുള്ള രേഖകൾ വിദ്യ സ്വയം സാക്ഷ്യപ്പെടുത്താത്തവയാണ്. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ലാലിമോൾ വർഗീസ്, മലയാളം വിഭാഗം മേധാവി ആർ പ്രീതമോൾ, പി ജ്യോതിലക്ഷ്മി എന്നിവരുടെ മൊഴി ഇൻസ്പെക്ടർ കെ സലീമിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി.
അധ്യാപകരുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇതിനായി മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ അപേക്ഷ നൽകും. തിങ്കൾ പകൽ 11ന് എത്തിയ പൊലീസ് രണ്ടോടെ മടങ്ങിയെങ്കിലും വൈകിട്ട് നാലിന് മടങ്ങിയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ശാസ്ത്രീയ പരിശോധനക്കായി ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു.
ആർഷോയുടെ പരാതി:
പരീക്ഷാ കൺട്രോളറുടെ മൊഴിയെടുത്തു
വ്യാജരേഖ ചമച്ച് പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ പരീക്ഷാ കൺട്രോളറുടെ മൊഴിയെടുത്തു. തിങ്കളാഴ്ച കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പകൽ 11 മുതൽ രണ്ടുവരെയായിരുന്നു മൊഴിയെടുപ്പ്. എൻഐസി സോഫ്റ്റ്വെയറിന്റെ തകരാർമൂലമാണ് മാർക്ക് ലിസ്റ്റിൽ എഴുതാത്ത പരീക്ഷ വിജയിച്ചതായി വന്നതെന്ന് പരീക്ഷാ കൺട്രോളർ മൊഴി നൽകി. പരീക്ഷാ വിവരം, നടപടിക്രമം, ഫലപ്രഖ്യാപനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കൺട്രോളറിൽനിന്ന് പൊലീസ് ശേഖരിച്ചു. ആർഷോയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. പരാതിയിൽ ഉറച്ച് നിൽക്കുന്നതായാണ് മൊഴി നൽകിയത്.
കഴിഞ്ഞദിവസം കോളേജിലെ ആർക്കിയോളജിക്കൽവകുപ്പ് കോ–-ഓർഡിനേറ്റർ വിനോദ്കുമാർ കലോലിക്കൽ, പ്രിൻസിപ്പൽ വി എസ് ജോയ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹാരാജാസ് കോളേജ് കെഎസ്യു യൂണിറ്റ് ഭാരവാഹി സി എ ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളാണിവർ. ക്രമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാട്സാപ് സന്ദേശം പരിശോധിക്കും
കോളേജിലെ അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പില് മാര്ക്ക് ലിസ്റ്റില് പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല സംഘടന അധ്യാപകന് ശബ്ദസന്ദേശം അയച്ചതിലും അന്വേഷകസംഘം വ്യക്തത തേടും. ആര്ഷോയുടെ മാര്ക്ക് ലിസ്റ്റ് മാര്ച്ച് 23ന് പുറത്തുവന്നതിനു പിന്നാലെ മെയ് 12നാണ് ശബ്ദസന്ദേശം ഗ്രൂപ്പിൽ വന്നത്. സംഭവം വിവാദമായതിനുപിന്നാലെ ഈ അധ്യാപകന് ഇതേ ഗ്രൂപ്പില് വീണ്ടും സന്ദേശം അയച്ചു. അന്ന് പറഞ്ഞിരുന്ന കാര്യം ഗൗരവത്തിലെടുത്തിരുന്നെങ്കില് ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണ് അധ്യാപകൻ പറഞ്ഞത്. എന്നാല്, ഒന്നിലധികം വിദ്യാര്ഥികളുടെ മാര്ക്കില് തെറ്റുണ്ടെന്നിരിക്കെ ആര്ഷോയുടെ കാര്യംമാത്രം ഉന്നയിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് കോളേജിലെ മറ്റ് അധ്യാപകരുടെ വാദം. എന്നാൽ, പാസ്വേഡ് സംരക്ഷണമുള്ള മാര്ക്ക് ലിസ്റ്റ് എങ്ങനെ അധ്യാപകന് ലഭിച്ചു എന്നാണ് മറ്റ് അധ്യാപകർ ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകാനൊരുങ്ങുകയാണിവർ.















