തിരുവനന്തപുരം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അപേക്ഷിക്കുകപോലും ചെയ്യാത്ത പരീക്ഷയിൽ ജയിച്ചെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും പ്രതിപക്ഷവും കെഎസ്യു വനിതാ നേതാവിന്റെ മാർക്ക് തട്ടിപ്പ് തമസ്കരിച്ചു. മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗത്തിലെ കെഎസ്യു നേതാവായ വിദ്യാർഥിനിയാണ് പുനർമൂല്യനിർണയത്തിൽ 12 മാർക്ക് അധികം സംഘടിപ്പിച്ചത്. ഈ വാർത്ത മുക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം നടത്തുന്നത്.
മൂന്നം സെമസ്റ്റർ ആർക്കിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റെക്കോഡിങ് എന്ന വിഷയത്തിൽ എഴുത്തു പരീക്ഷയിൽ വനിതാ നേതാവിന് ആകെ കിട്ടിയത് 18 മാർക്ക്. കോളേജിലെ രണ്ട് അധ്യാപകർ പരിശോധിച്ചിട്ടും ഒരു മാർക്കുപോലും കൂടുതൽ ലഭിക്കാതിരുന്ന വനിതാ നേതാവിന് പുനർമൂല്യനിർണയത്തിൽ ഒറ്റയടിക്ക് കൂടിയത് 12 മാർക്ക്. എറണാകുളത്തെ പ്രധാനപ്പെട്ട മറ്റൊരു കോളേജിലായിരുന്നു പുനർമൂല്യനിർണയം. 18 മാർക്കോടെ പരീക്ഷയിൽ തോറ്റ നേതാവിന് ജയിക്കാൻ ആറ് മാർക്കുകൂടി വേണ്ടിയിരുന്നു. ആവശ്യമായതിന്റെ ഇരട്ടി മാർക്കാണ് പുനർമൂല്യനിർണയത്തിൽ ലഭിച്ചത്. സർവകലാശാല ചട്ടപ്രകാരം ആകെ മാർക്കിന്റെ 15 ശതമാത്തിൽ അധികം പുനർമൂല്യനിർണയത്തിൽ ലഭിച്ചാൽ ഉത്തരക്കടലാസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. വനിതാ നേതാവിന്റെ വിഷയത്തിൽ കൃത്യം 15 ശതമാനമായ 12 മാർക്കാണ് അനുവദിച്ചത്. ഇക്കാര്യങ്ങൾ ശ്രദ്ധയിലുണ്ടായിട്ടും മാധ്യമങ്ങൾക്ക് വാർത്തയായില്ല. പകരം വനിതാ നേതാവിന്റെ പ്രതികരണംമാത്രം നൽകി വിഷയം ഒതുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.