തിരുവനന്തപുരം
ആദിവാസി ഊരിലെ തൊഴിൽരഹിതരായ നാൽപ്പതോളം പേരെ സംരംഭകരാക്കി കേരള സർവകലാശാല. തിരുവനന്തപുരം വിതുര മണിതൂക്കി ഊരിലാണ് വിതുര പഞ്ചായത്തിന്റെയും ബാംബൂ മിഷന്റെയും സഹകരണത്തോടെ കേരള സർവകലാശാല സോഷ്യോളജി വിഭാഗം സ്റ്റാർട്ടപ്പ് പദ്ധതി നടപ്പാക്കുന്നത്. പ്രഗത്ഭരായ പരിശീലകരുടെ മേൽനോട്ടത്തിൽ ഊരുകളിൽ നിർമിച്ച മനോഹരമായ കരകൗശല വസ്തുക്കൾ ഓൺലൈൻ വഴി വിൽപ്പന നടത്തും. സംസ്ഥാനത്ത് ഔട്ട്ലെറ്റുകളും സ്ഥാപിക്കും. തൊഴിൽരഹിതരായ ആദിവാസി വിഭാഗങ്ങൾക്ക് വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഊരിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാൽപ്പത് പേർക്ക് പരിശീലനം നൽകി സ്റ്റാർട്ടപ് രൂപീകരിച്ചു. ഇത് കേരള സർവകലാശാലയിലെ സ്റ്റാർട്ടപ് ഇൻകുബേഷൻ സെന്ററായ ക്യൂബിക്കിന് കീഴിൽ പ്രവർത്തിക്കും. കേരള സ്റ്റാർട്ടപ് മിഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാംബൂ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, സുവനീറുകൾ എന്നിവയാണ് നിർമിക്കുക. വിപണനവും മറ്റ് സാങ്കേതിക സഹായങ്ങളും കേരള സർവകലാശാല ലഭ്യമാക്കും. ടൂറിസം കേന്ദ്രങ്ങളിലും ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തും. മറ്റ് ജില്ലകളിലെ ആദിവാസി ഊരുകളിലും പദ്ധതി നടപ്പാക്കും. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ 19 ന് ആരംഭിക്കുന്ന റിസർച്ച് ഫെസ്റ്റിൽ സ്റ്റാർട്ടപ്പുകളുടെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. സോഷ്യോളജി വിഭാഗം മേധാവി ഡോ. ആർ എസ് സന്ധ്യയുടെ നേതൃത്വത്തിലാണ് സ്റ്റാർട്ടപ് നടപ്പാക്കുന്നത്. സോഷ്യോളജി വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഊരുകളിൽ വിവിധ ക്ഷേമപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.