തിരുവനന്തപുരം
കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ജൂലൈമുതൽ ഡ്രൈവർമാരായി വനിതകളും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ് അടുത്തമാസംമുതൽ വനിതാഡ്രൈവർമാർ ജോലിക്ക് കയറുക. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നിയമനം.
സ്വിഫ്റ്റിലെ ഡ്രൈവർ തസ്തികയിലേക്ക് 112 പേർ അപേക്ഷിച്ചിരുന്നു. 27 പേർ അന്തിമപട്ടികയിലുണ്ട്. ആദ്യം 20 പേർക്ക് നിയമനം നൽകാനാണ് തീരുമാനിച്ചിരുന്നെങ്കിലും സ്മാർട്ട് സിറ്റി പ്രോജക്ടിൽനിന്ന് 113 ബസുകൾ ലഭിച്ചതിനാൽ കൂടുതൽപേർക്ക് ജോലി നൽകും. തിരുവനന്തപുരം നഗരത്തിൽ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിലാണ് ആദ്യനിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി. ഹെവി ലൈസൻസുള്ളവർ പത്തുപേരുണ്ട്. മറ്റുള്ളവർക്ക് കെഎസ്ആർടിസി ഒരുമാസം പരിശീലനം നൽകി ഹെവി ലൈസൻസ് എടുത്ത് നൽകും. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് പരീക്ഷ നടത്തി പട്ടിക തയ്യാറാക്കിയത്. നിയമനം ലഭിക്കുന്നവർ 12 മാസം ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും അലവൻസുകളും ഇൻസെന്റീവും ലഭിക്കും.
പത്താംക്ലാസാണ് അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ചതെങ്കിലും പട്ടികയിൽ ഉള്ളവരിൽ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണ്. പിജിയും പ്രൊഫഷണൽ ഡിഗ്രിയുള്ളവരുമുണ്ട്. കെഎസ്ആർടിസിയിലെ ഏക വനിതാഡ്രൈവർ വി പി ഷീല നിലവിൽ കോതമംഗലം ഡിപ്പോയിലാണ്.
വീണ്ടും അപേക്ഷ ക്ഷണിച്ചു
കെഎസ്ആർടിസി സ്വിഫ്റ്റിൽ കൂടുതൽപേരെ വനിതാഡ്രൈവർമാരായി നിയമിക്കുന്നതിന്റെ ഭാഗമായി വീണ്ടും അപേക്ഷ ക്ഷണിച്ചു. ഹെവിലൈസൻസുള്ളവർക്ക് 35 വയസ്സും ലൈറ്റ് മോട്ടോർ ലൈസൻസുള്ളവർക്ക് 30 വയസ്സുമാണ് പ്രായപരിധി. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 17ന് വൈകിട്ട് അഞ്ചിന്.