സ്വന്തംലേഖകൻ
തിരുവനന്തപുരം
അന്താരാഷ്ട്ര ഷിപ്പോർട്ട് സുരക്ഷാ കോഡ് (ഐഎസ്പിഎസ് കോഡ്) സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഇതോടെ അന്താരാഷ്ട്ര കപ്പലുകൾക്ക് തുറമുഖത്ത് എത്താൻ കഴിയും. കഴിഞ്ഞദിവസമാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയത്. ആറുമാസത്തേക്കാണ് ഇത്. തുടർന്ന് ചില നിർദേശംകൂടി പാലിച്ചാൽ അഞ്ചുവർഷത്തേക്ക് ഈ അംഗീകാരം ലഭിക്കും.
എമിഗ്രേഷൻ ചെക്ക് പോയിന്റ് ഉൾപ്പെടെയുള്ള സംവിധാനം നേരത്തേ ഉള്ളതിനാൽ ക്രൂ ചെയിഞ്ച്, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, കപ്പലുകളുടെ ചെറുകിട അറ്റകുറ്റപ്പണി, കപ്പലുകളിലേക്ക് ആവശ്യമായ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും നൽകൽ തുടങ്ങിയവ നടത്താനാകും. ഇതിലൂടെ വരുമാനം നേടാൻ കഴിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ചെറുകിട കയറ്റിറക്ക് നടത്താനും കഴിയും. തുറമുഖത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 30 ലക്ഷത്തിന്റെ നിർമാണപ്രവൃത്തി മാസങ്ങൾക്കുമുമ്പ് പൂർത്തിയാക്കിയിരുന്നു.
കൊല്ലം തുറമുഖത്ത് ആഡംബരക്കപ്പലുകൾക്ക് വരാനും ക്രൂ ചെയിഞ്ച് നടത്താനുള്ള സൗകര്യങ്ങളും തുറമുഖ വകുപ്പ് ഒരുക്കി. എമിഗ്രേഷൻ ചെക്ക് പോയിന്റ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാന തുറമുഖവും കേരള മാരിടൈം ബോർഡും കത്തുനൽകിയിട്ടുണ്ട്. എമിഗ്രേഷൻ ചെക്ക് പോയിന്റുകൂടി സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യത വർധിക്കും.