നെടുമ്പാശേരി
കൊച്ചിയിൽനിന്ന് തിങ്കളാഴ്ച പകൽ 11.30ന് പുറപ്പെടുന്ന സൗദി എയർലൈൻസിന്റെ എസ് വി 373 വിമാനത്തിൽ ലക്ഷദ്വീപ് തീർഥാടകരും. കേരളത്തിൽനിന്നുള്ള 246 തീർഥാടകർക്കുപുറമെയാണ് ലക്ഷ്വദീപിൽനിന്നുള്ളവരും പുറപ്പെടുക. തമിഴ്നാട്ടിൽനിന്നുള്ള മൂന്ന് സ്ത്രീകളും സംഘത്തിലുണ്ട്. ലക്ഷദ്വീപുകൂടാതെ തമിഴ്നാട്ടിൽനിന്നുള്ള 48ഉം ഹരിയാനയിൽനിന്നുള്ള രണ്ട് തീർഥാടകരും കൊച്ചി വിമാനത്താവളമാണ് എംബാർക്കേഷൻ പോയിന്റായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽനിന്നുള്ള മുഴുവൻ തീർഥാടകരും (1672) കൊച്ചിവഴിയായിരുന്നു പുറപ്പെട്ടത്.
സ്ത്രീകൾക്കുമാത്രമായി നടത്തിയത് 9 സർവീസ്
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽനിന്ന് തീർഥാടനത്തിന് പോകുന്ന സ്ത്രീകൾക്കുമാത്രമായി ഞായറാഴ്ചവരെ ഒമ്പത് വിമാനങ്ങൾ സർവീസ് നടത്തി. തിങ്കളാഴ്ച രണ്ട് വിമാനങ്ങളും 17ന് ഒരു വിമാനവുംകൂടി സ്ത്രീകൾക്കുമാത്രമായി സർവീസ് നടത്തും. പത്താമത്തെ വിമാനം തിങ്കൾ രാവിലെ 8.45നും പതിനൊന്നാമത്തെ വിമാനം വൈകിട്ട് 6.25നും പുറപ്പെടും. അവസാന വിമാനം 17ന് പുലർച്ചെ 4.20നാണ്.
ലേഡീസ് വിത്തൗട്ട് മെഹ്റം കാറ്റഗറിയിൽപ്പെട്ട 1718 തീർഥാടകരാണ് 12 വിമാനങ്ങളിലായി കരിപ്പൂർവഴി യാത്രയാവുന്നത്.
മൂന്ന് ദിവസത്തെ ഇടവേളക്കുശേഷം കരിപ്പൂർ ഹജ്ജ് ക്യാമ്പിലേക്ക് തിങ്കൾമുതൽ പുരുഷ തീർഥാടകർ എത്തും. കഴിഞ്ഞ വ്യാഴംമുതൽ തിങ്കൾവരെയുള്ള 11 വിമാനങ്ങൾ വനിതാ തീർഥാടകർക്കുമാത്രമായി ഷെഡ്യൂൾ ചെയ്തതിനാൽ ഈ ദിവസങ്ങളിൽ ഹജ്ജ് ക്യാമ്പിൽ പുരുഷ തീർഥാടകരുണ്ടായിരുന്നില്ല. പുരുഷ തീർഥാടകരുടെ സാന്നിധ്യമില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ക്യാമ്പിലെ പുരുഷ വളന്റിയർമാരുടെയും എണ്ണം പരിമിതമായിരുന്നു. പകരം വനിതാ തീർഥാടകരുടെ സഹായത്തിനായി കൂടുതൽ വനിതാ വളന്റിയർമാരുണ്ടായിരുന്നു.
കരിപ്പൂരിൽനിന്ന് ഞായറാഴ്ച രണ്ട് വിമാനങ്ങളിലായി 290 പേർ യാത്രതിരിച്ചു. അവധി ദിനമായ ഞായറാഴ്ച ഹാജിമാരെ യാത്രയാക്കാനായി എയർപോർട്ടിലും ക്യാമ്പിലുമായി ധാരാളം പേരെത്തി.