തൃശൂർ
ആറു പതിറ്റാണ്ട് മുമ്പ് എകെജിയോടൊപ്പം കർഷക ജാഥയിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ച വെള്ളാറ്റഞ്ഞൂർ അരീക്കര തെക്കേ പുഷ്പകത്ത് ദേവകി നമ്പീശൻ (89) അന്തരിച്ചു. സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ പരേതനായ എ എസ് എൻ നമ്പീശന്റെ ഭാര്യയാണ്. തൃശൂർ പൂത്തോളിൽ മകൾ ആര്യാദേവിയുടെ വീട്ടിൽ ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കൾ രാവിലെ പത്തിന് വെള്ളാറ്റഞ്ഞൂർ കുടുംബ ശ്മശാനത്തിൽ. മണിമലർകാവ് മാറുമറയ്ക്കൽ സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് ആവേശം പകർന്നു. അതുര സേവനരംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് വിരമിച്ച ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ് ആയിരുന്നു. എൻജിഒ യൂണിയൻ ജില്ലാ വനിത സബ് കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. വേലൂർ പഞ്ചായത്ത് അംഗമായും സേവനം അനുഷ്ഠിച്ചു. മക്കൾ: എ എൻ ആര്യാദേവി (റിട്ട. മാനേജർ എസ്ബിഐ), എ എൻ സതീദേവകി നമ്പീശൻ അന്തരിച്ചുദേവി (റിട്ട. സെക്രട്ടറി, എരുമപ്പെട്ടി പഞ്ചായത്ത് സഹകരണ ബാങ്ക്), എ എൻ സോമനാഥൻ (റിട്ട. കെഎസ്എഫ്ഇ സീനിയർ മാനേജർ, പ്രസിഡന്റ് വെള്ളാറ്റഞ്ഞൂർ സഹകരണ ബാങ്ക്, സിപിഐ എം വെള്ളാറ്റഞ്ഞൂർ ലോക്കൽ കമ്മിറ്റിയംഗം), എ എൻ ഗീതാദേവി (റിട്ട. സെൻട്രൽ സ്കൂൾ അധ്യാപിക, നേവൽ ബേസ്, കൊച്ചി). മരുമക്കൾ: എം ഡി രാമൻ (റിട്ട. ബിഎസ്എൻഎൽ), പരേതനായ പി കെ ഹരി കൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, നമ്പൂതിരി വിദ്യാലയം തൃശൂർ, സിപിഐ എം വേലൂർ മുൻ ലോക്കൽ സെക്രട്ടറി), ഉഷാകുമാരി, സി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, ജിയോജിത്ത് സെക്യൂരിറ്റീസ്, എറണാകുളം).
ജനപ്രതിനിധികൾ, രാഷ്ട്രീയ–- കലാ സാഹിത്യ രംഗത്തെ പ്രമുഖർ ഉൾപ്പെടെ അനേകംപേർ പൂത്തോളിലെ വസതിയിലും വെള്ളാറ്റഞ്ഞൂരിലെ വസതിയിലും എത്തി അന്ത്യോപചാരമർപ്പിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര നായിക ദേവകി നമ്പീശന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.