‘ഏഷ്യാനെറ്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാര്ടിയുമായി അടുത്ത ബന്ധമുണ്ട്. ഇന്നത്തെ കാലത്ത് മൂലധനമാധ്യമങ്ങള് അധികാരവ്യവസ്ഥ കൂടിയാണ്. ഹിന്ദുത്വവും അവരുടെ ഭരണവുമായി സന്ധി ചെയ്യുക വഴി ഒരുവക ‘മാധ്യമഭീകരത’ തന്നെ രാജ്യത്തുണ്ടായിരിക്കുന്നു. ജനങ്ങള്‍ എങ്ങനെ ചിന്തിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു’- അശോകന് ചരുവില്‍ എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
‘മറുനാടന്‍ മലയാളി’ പത്രാധിപര്‍ ഷാജന് സ്കറിയക്കും ‘ഏഷ്യാനെറ്റ്’ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനുമെതിരെ ചില വ്യക്തികള്‍ നല്കിയ പരാതിയില്‍ കേസ് എടുത്തത് മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി ചില സുഹൃത്തുക്കള്‍ വ്യാഖ്യാനിക്കുന്നുണ്ട്.
മാധ്യമസ്വാതന്ത്ര്യം പരമപ്രധാനമാണ്. അതിന്റെ അഭാവത്തില്‍ രാജ്യത്തിനെന്തു സംഭവിക്കും എന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലം തെളിയിച്ചിട്ടുള്ളതാണ്. മാധ്യമങ്ങളെ വിലക്കു വാങ്ങിക്കൊണ്ടാണ് മോദിയും അദാനിയും ഇന്ന് മാധ്യമസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നത്.
ഭരണവര്‍ഗ്ഗവും സര്‍ക്കാരുകളുമാണ് എന്നും മാധ്യമസ്വാതന്ത്യത്തെ തടസപ്പെടുത്തിയിട്ടുള്ളത്. മറുനാടനും ഏഷ്യാനെറ്റും നേരിടുന്ന കേസുകള്‍ ഏതെങ്കിലും അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടതല്ല. അധികാരത്തിനു പുറത്തുള്ള വ്യക്തികളാണ് അവര്‍ക്കെതിരെ കേസുകൊടുത്തിരിക്കുന്നത്. അത്തരം കേസുകളെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നത് ഉചിതമല്ല. മാധ്യമങ്ങള്‍ സ്ഥാപനങ്ങള്‍ കൂടിയാണ്. കോടിക്കണക്കിനു രൂപ മുതല്‍ മുടക്കി നടത്തുന്ന പ്രവര്‍ത്തനമാണ്.
ഏഷ്യാനെറ്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാര്ടിയുമായി അടുത്ത ബന്ധമുണ്ട്. ഇന്നത്തെ കാലത്ത് മൂലധനമാധ്യമങ്ങള് അധികാരവ്യവസ്ഥ കൂടിയാണ്. ഹിന്ദുത്വവും അവരുടെ ഭരണവുമായി സന്ധി ചെയ്യുക വഴി ഒരുവക ‘മാധ്യമഭീകരത’ തന്നെ രാജ്യത്തുണ്ടായിരിക്കുന്നു. ജനങ്ങള്‍ എങ്ങനെ ചിന്തിക്കണമെന്ന് അവര്‍ തീരുമാനിക്കുന്നു. ‘മാധ്യമവിരോധം’ സമ്പാദിച്ച വ്യക്തിയെ അയാളുടെ രാഷ്ടീയ / മത / സാമൂഹ്യ സംഘടനകള്‍ തന്നെ തള്ളിക്കളയുന്ന കാലമാണ്.
അത്തരം മാധ്യമസ്ഥാപനങ്ങള്‍ ഒരു വ്യക്തിയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ നിസ്സഹായനായിപ്പോകും. തകര്‍ന്നു പോകും. ആത്മരക്ഷാര്‍ത്ഥം പോലീസിനേയും സര്‍ക്കാരിനേയും ആശ്രയിക്കുകയല്ലാതെ അയാള്‍ക്ക് വേറെ അവലംബമില്ല. പൗരന്റെ ജീവിതത്തെ സംരക്ഷിക്കാനും നിയമത്തിന് ബാധ്യതയുണ്ട്.