കൊച്ചി> താൽക്കാലിക പരിഹാരമെന്ന നിലയിലാണ് നഗരമാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതെന്നും വ്യവസ്ഥകളോടെയാണ് അതനുവദിച്ചിട്ടുള്ളതെന്നും തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരത്ത് സംവിധാനങ്ങളൊരുക്കാതെ മാലിന്യം അവിടേക്ക് എത്തിക്കരുതെന്നു തന്നെയായിരുന്നു സർക്കാർ നിലപാട്. എന്നാൽ മാലിന്യ ശേഖരണത്തിന് ചുമതലപ്പെടുത്തിയ ഏജൻസിക്ക് പൂർണ്ണതോതിൽ അതിന് കഴിയാതെ വന്നതുകൊണ്ടു മാത്രമാണ് അടിയന്തിര പരിഹാരമായി മാലിന്യം ബ്രഹ്മപുരത്തെത്തിക്കാൻ അനുവദിച്ചതെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനപ്രതിനിധികളുടെയും നഗരഭരണ നേതൃത്വത്തിന്റെയും ഏകകണ്ഠമായി ആവശ്യമാണ് സർക്കാർ പരിഗണിച്ചത്. എന്നാൽ അത് താൽക്കാലികവും വ്യവസ്ഥകൾ പാലിച്ചുള്ളതുമായിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്ത് രണ്ട് ഷെഡുകളുള്ളത് രണ്ടുമാസത്തിനകം മാലിന്യ സംസ്കരണത്തിന് സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരുവർഷത്തിനുള്ളിൽ തന്നെ ബിപിസിഎലിന്റെ സംസ്കരണ പ്ലാന്റ് പൂർത്തിയാക്കാനാകും.
സർക്കാരും ഗകാർപറേഷനും സ്വീകരിച്ച നടപടികളുടെ ഭാഗമായി നഗരത്തിൽ നിന്ന് പ്രതിദിനം ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവിൽ 100–-120 ടണ്ണോളം കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം 180– 200 ടൺ വരെയാണ് ഇതിനുമുമ്പ് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയിരുന്നത്. അത് 50– 60 ടണ്ണായി കുറയ്ക്കാനായി. 2008 മുതൽ മാലിന്യം ശേഖരിച്ച് ബ്രഹ്മപുരത്ത് കൊണ്ടുപോയി കൂട്ടിയിടുന്ന സ്ഥിതിയായിരുന്നു. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായത്. ബയോബിന്നുകൾ ഉപയോഗിച്ച് ഉറവിട മാലിന്യ സംസ്കരണവും ഡിവിഷനുകൾക്ക് കീഴിൽ കമ്യൂണിറ്റി മാലിന്യ സംസ്കരണവും വ്യാപിച്ചതിന്റെ ഫലമാണ് ഈ മാറ്റമെന്നും എം ബി രാജേഷ് പറഞ്ഞു.