പരസ്യ സംവിധായകൻ സൂരജ് വർമ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കൊള്ള’. ബോബി സഞ്ജയ് ടീം എഴുതിയ കഥയ്ക്ക് ജാസിം ജലാൽ, നെൽസൺ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ. വിനയ് ഫോർട്, രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് തിയറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ വിശേഷങ്ങളുമായി വിനയ് ഫോർട്.
ഒരു കുഞ്ഞ് ത്രില്ലർ
അവകാശവാദമൊന്നുമില്ലാത്ത ചെറിയ സിനിമയാണ് ‘കൊള്ള’. രണ്ടു മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുമെന്നതിൽ സംശയമില്ല . കോവിഡിന് മുമ്പത്തെപ്പോലെയല്ല ഇപ്പോൾ. ഒരുപാട് ഇന്റനാഷണൽ സിനിമകൾ ഉൾപ്പെടെ, പല ജോണറിലുള്ള സിനിമകളും വെബ് സീരീസുകളുമൊക്കെ കണ്ട് നല്ല ധാരണയുള്ള പ്രേക്ഷകരുടെ മുന്നിലേക്കാണ് നമ്മൾ ഒരു സിനിമയുമായി വരുന്നത്. സിനിമ കാണുന്നതിനിടയിൽ പ്രേക്ഷകർ ബോറടിച്ച് പോക്കറ്റിൽ നിന്നും സ്മാർട് ഫോൺ കൈയിലെടുക്കാത്ത ഒരവസ്ഥയുണ്ടാകുക എന്നത് വലിയ വെല്ലുവിളിയാണ്. ‘കൊള്ള’ ആളുകളെ ബോറടിപ്പിക്കില്ല.
എല്ലാവരും സെലിബ്രിറ്റികളായ കാലം
സോഷ്യൽ മീഡിയ വെല്ലുവിളി തന്നെയാണ്. എല്ലാവരും സെലിബ്രിറ്റികളായ ഒരു കാലമാണിത്. റീൽസും സ്കിറ്റും ചാനലുകളുമെല്ലാമായി നല്ല കഴിവുള്ള ആളുകൾ ഓരോ ദിവസവും മണിക്കൂറിലും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ല വെല്ലുവിളിയാണ് ഈ മേഖലയിൽ. ഒരു ആക്ടർ എന്ന നിലയിൽ വളരെ ഓർഗാനിക്കായി നിൽക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. സിനിമ ചെയ്യുന്നവർ വളരെ സത്യസന്ധമായി വിഷയത്തെ സമീപിച്ചാൽ തീർച്ചയായും ശ്രദ്ധിക്കപ്പെടുകയും നമ്മളെ പ്രേക്ഷകർ എറ്റെടുക്കുകയും ചെയ്യും. സോഷ്യൽ മീഡിയ വന്നതോടെ പുതിയ തലമുറയ്ക്ക് ഒരുപാട് സാധ്യതകളുണ്ടായെങ്കിലും വെല്ലുവിളികളുമുണ്ട്. ആർട്ടിനെ അതിന്റെ ഒറിജിനലായി സമീപിക്കുക. നമ്മൾ ട്രൂ ആർട്ടിസ്റ്റായിരിക്കുക അത്രയും ചെയ്താൽ മതി.
ഒപ്പം നിൽക്കണം
ഒരു സിനിമയിൽ കമ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ആ സിനിമ തിയറ്ററിൽ എത്തുന്നതുവരെ അതിനൊപ്പം നിൽക്കേണ്ടത് അഭിനയിക്കുന്നവരുടെ കടമയാണ്. എത്ര മോശം സിനിമയായാലും അതിൽനിന്നും മാറിനിൽക്കുന്നത് ശരിയല്ല.
വെബ് സീരീസ് സാധ്യതയാണ്
മലയാളത്തിൽ ഒരുപാട് പുതിയ വെബ്സീരീസുകൾ വരുന്നുണ്ട്. പലതിലും സീനിയർ നടീനടന്മാർ ഉൾപ്പെടെ അഭിനയിക്കുന്നവയാണ്. തീർച്ചയായും അത് നല്ലതുതന്നെയാണ്. ലോകത്തെ മികച്ച വെബ്സീരീസുകളെല്ലാം കാണാനും പഠിക്കാനുമുള്ള സാഹചര്യം നമുക്കിപ്പോൾ ഉണ്ട്. നല്ല അവസരം വന്നാൽ വെബ്സീരീസുമായി സഹകരിക്കും.
നാടകക്കാരുടെ ‘ആട്ടം’
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആട്ടം. ഇരുപത് വർഷത്തോളമായി സൗഹൃദമുള്ള ‘ലോകധർമി’യിലെ നാടക സുഹൃത്തുക്കളെല്ലാം കൂടിച്ചേരുന്ന സിനിമ കൂടിയാണ്. ആനന്ദ് ഏകർഷിയാണ് സംവിധായകൻ. ഒരുമിച്ച് യാത്ര ചെയ്തും ഇടപെട്ടും ആശയവിനിമയം നടത്തിയും ഉണ്ടായ സിനിമകൂടിയാണ്. മാസങ്ങളോളം റിഹേഴ്സൽ ചെയ്താണ് അതിൽ അഭിനയിച്ചത്. ജൂലൈ അവസാനം പുറത്തിറങ്ങും.
സാധാരണക്കാർക്കിടയിൽ
സാംസ്കാരിക പരിപാടികൾ, ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ, ഫിലിം ഫെസ്റ്റിവലുകൾ എന്നിവയെല്ലാം നമ്മെ സാധാരണ മനുഷ്യരുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാൽ ഇത്തരം പരിപാടികളിലെല്ലാം പങ്കെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. നടൻ എന്ന നിലയിൽ സഹജീവികളെ കൂടുതൽ അടുത്തറിയാൻ ഇത്തരം പരിപാടികൾ സഹായിക്കാറുണ്ട്. നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളെപ്പറ്റി പഠിക്കാനും ഈ ഇടപെടൽ സഹായിക്കാറുണ്ട്. മാത്രമല്ല, കലാകാരൻ സമൂഹത്തിനൊപ്പം ചേർന്ന് നടക്കേണ്ടവർ കൂടിയാണ്.
പുതിയ ചിത്രങ്ങൾ
വാതിൽ, ബെർമുഡ, ദി തേഡ് മർഡർ, ഫാമിലി, സോമന്റെ കൃതാവ്, നിവിൻ പോളിയുടെ പേരിടാത്ത ചിത്രം, കെ എസ് ബാവ സംവിധാനം ചെയ്യുന്ന സിനിമ, പ്രിൻസ് ജോയിയുടെ ആന്തോളജി തുടങ്ങി ഒമ്പത് ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്. അപ്പൻ സംവിധാനം ചെയ്യുന്ന മജുവിന്റെ പുതിയ ചിത്രമാണ് ഷൂട്ടിങ് തുടങ്ങാനുള്ളത്.