കളമശേരി
ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് സ്ഥാപനങ്ങളിലൊന്ന് ഏലൂരിൽ തുടങ്ങി. ഡിഎച്ച്എൽ ലോജിസ്റ്റിക് പാർക്കാണ് ഏലൂർ വടക്കുഭാഗത്ത് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വ്യവസായ, നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന്റെ നേർസാക്ഷ്യമായി ഡിഎച്ച്എല്ലിന്റെ വരവ്.
അമ്പത്തയ്യായിരം ചതുരശ്രയടിയിലാണ് ഡിഎച്ച്എൽ ലോജിസ്റ്റിക് പാർക്ക്. സപ്ലൈചെയിൻ വെയർഹൗസാണ് പ്രവർത്തനം തുടങ്ങിയത്. 27,000 അടി പാർക്കിങ് ഏരിയയും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്. കമ്പനി രണ്ടുകോടി രൂപ ചെലവഴിച്ച് ആധുനിക സുരക്ഷാസംവിധാനങ്ങൾ ഒരുക്കി.
കമ്പനിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള 20 പേർ ഉൾപ്പെടെ 90 ജീവനക്കാരുണ്ട്. ഇതിൽ 50 പേർ ഏലൂരുകാരാണ്. പ്രവർത്തനം പൂർണതോതിലാകുമ്പോൾ 50 പേർക്കുകൂടി തൊഴിൽ ലഭിക്കും. ഡ്വെൽ, ലെനോവൊ, എച്ച്പി, സാംസങ്, ലെവിൽ, നൈക്ക്, അഡിഡാസ് തുടങ്ങി ലോകോത്തര കമ്പനികളുടെ വെയർഹൗസായാണ് നിലവിൽ സ്ഥാപനം പ്രവർത്തിക്കുക. കൂടുതൽ കമ്പനികൾ എത്താൻ സാധ്യതയുണ്ട്.
വിആർഎൽ ലോജിസ്റ്റിക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഡിഎച്ച്എൽ ലോജിസ്റ്റിക് പാർക്ക്. വിആർഎൽ ലോജിസ്റ്റിക് പ്രവർത്തനം നിർത്തിയപ്പോൾ തൽപ്പരകക്ഷികൾ കുപ്രചാരണങ്ങളും വിവാദങ്ങളും ഉയർത്തി. തൊഴിലാളി സംഘടനകൾ സ്ഥാപനം പൂട്ടിച്ചെന്നായിരുന്നു ആരോപണം. യൂണിയനുകൾ വൻ വേതനവർധന ആവശ്യപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടാൻ തീരുമാനിച്ചെന്നുമായിരുന്നു പ്രചാരണം. പ്രവർത്തനം നിർത്തുന്ന വിവരമറിഞ്ഞ ഉടൻ മന്ത്രി പി രാജീവ് ഉടമകളുമായി ബന്ധപ്പെട്ടു. കേരളത്തിലെ പ്രവർത്തനച്ചെലവ് കൂടുതലായതിനാൽ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഉടമകളുടെ മറുപടി.
ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ തൊഴിലാളികളിൽ 20 പേർ ഐഎൻടിയുസിയും 15 പേർ സിഐടിയുവുമായിരുന്നു. സംഘടനകൾ ഒരു പണിമുടക്കുപ്രഖ്യാപനവും നടത്തിയിരുന്നില്ല. എന്നിട്ടും മന്ത്രിയുടെ മണ്ഡലത്തിൽ സിഐടിയു ഇടപെട്ട് സ്ഥാപനം പൂട്ടിച്ചെന്നായിരുന്നു മാധ്യമവാർത്ത. ഇതേസ്ഥാനത്ത് ആഗോളതലത്തിൽത്തന്നെ മുൻനിരയിൽ നിൽക്കുന്ന സ്ഥാപനം ആരംഭിച്ചത് കേരളത്തെയും തൊഴിലാളി സംഘടനകളെയും ഇകഴ്ത്താൻ ശ്രമിച്ചവർക്കുള്ള മറുപടികൂടിയാണ്.
പിന്തുണ നൽകും: മന്ത്രി പി രാജീവ്
കളമശേരി
ഏലൂരിൽ പ്രവർത്തനമാരംഭിച്ച ഡിഎച്ച്എൽ ലോജിസ്റ്റിക് പാർക്കിന്റെ മികച്ച പ്രവർത്തനത്തിന് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്. സ്ഥാപനം സന്ദർശിക്കുകയായിരുന്നു മന്ത്രി. ഡിഎച്ച്എൽ ക്ലസ്റ്റർ മാനേജർ ബാലശരവണൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സർക്കാരിന്റെ പിന്തുണയിൽ കൂടുതൽ ആത്മവിശ്വാസം ലഭിച്ചതായി ക്ലസ്റ്റർ മാനേജർ പറഞ്ഞു. ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ ഒപ്പമുണ്ടായി.
ഡിഎച്ച്എൽ സീനിയർ മാനേജർ സി ശ്രീമുകുന്ദൻ, വെയർഹൗസ് മാനേജർ എസ് രഘുനാഥൻ, ദക്ഷിണേന്ത്യ മേഖലാ സെക്യൂരിറ്റി ചീഫ് എ ഉദയകുമാർ, കേരള ട്രാൻസ്പോർട്ട് ഹെഡ് അർജുൻ പവിത്രൻ, സൈറ്റ് മാനേജർ രഘുനാഥൻ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.