ഇസ്താംബുൾ
യൂറോപ്യൻ ഫുട്ബോളിലെ പുതിയ ചാമ്പ്യനെ ഇന്നറിയാം. ചാമ്പ്യൻസ് ലീഗ് കിരീടപ്പോരാട്ടം രാത്രി ഇസ്താംബുളിലെ അറ്റാതുർക് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കും. സീസണിലെ മൂന്നാംകിരീടമാണ് സിറ്റിയുടെ ലക്ഷ്യം. മറുവശത്ത് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇന്റർ. സീസണിൽ ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും ഇന്റർ സ്വന്തമാക്കി.
സിറ്റിക്ക് ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടമില്ല. പെപ് ഗ്വാർഡിയോള പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ചാമ്പ്യൻസ് ലീഗ് കിരീടംമാത്രം കിട്ടിയില്ല. ഇക്കുറി ആ കുറവ് നികത്താനാണ് ഗ്വാർഡിയോളയുടെ ശ്രമം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവും എഫ്എ കപ്പും സീസണിൽ സിറ്റി നേടി. ഇന്ററിനെയും കീഴടക്കിയാൽ ട്രിപ്പിൾ കിരീടം രണ്ടുതവണ നേടുന്ന ആദ്യ പരിശീലകനാകും ഗ്വാർഡിയോള. ബാഴ്സലോണയിലുള്ള സമയത്താണ് ആദ്യമായി സീസണിൽ മൂന്ന് കിരീടം ചൂടിയത്.
എർലിങ് ഹാലണ്ട്, കെവിൻ ഡി ബ്രയ്ൻ, ഇകായ് ഗുൺഡോവൻ, ജാക് ഗ്രീലിഷ്, ബെർണാഡോ സിൽവ തുടങ്ങി മികച്ച നിരയുമായാണ് സിറ്റി കുതിക്കുന്നത്. സെമിയിൽ നിലവിലെ ചാമ്പ്യനായ റയൽ മാഡ്രിഡിനെയാണ് തകർത്തുവിട്ടത്. സിറ്റിക്ക് ഇന്റർ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. 13 വർഷത്തിനുശേഷമാണ് ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്. മൂന്ന് കിരീടമുണ്ട് അവർക്ക്. 2010ലായിരുന്നു അവസാന നേട്ടം.
സിമിയോണി ഇൻസാഗി പരിശീലിപ്പിക്കുന്ന ഇന്ററിന്റെ മധ്യനിര മികച്ചതാണ്. നിക്കോളോ ബാറെല്ല, മാഴ്സെലോ ബ്രോസോവിച്ച്, ഹകാൻ കൽഹാനോഗ്ലു എന്നിവരാണ് മധ്യനിരയിൽ. മുന്നേറ്റത്തിൽ അർജന്റീനക്കാരൻ ലൗതാരോ മാർട്ടിനെസ് മികച്ച കളിയാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ 13 കളിയിൽ 10 ഗോളടിച്ചു. പ്രായം മുപ്പത്തേഴായെങ്കിലും എഡിൻ സെക്കോയും ഇന്ററിന്റെ പ്രധാനതാരമാണ്.