തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയശേഷം ഏറ്റെടുക്കാൻ ആരുമില്ലാതിരുന്ന എട്ട്പേരെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സുരക്ഷിതയിടത്തേക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. ഇവരുടെ തുടർപരിചരണം അടക്കമുള്ളവ മെഡിക്കൽ കോളേജ് ആശുപത്രി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായ ശേഷവും ആരും ഏറ്റെടുക്കാനില്ലാത്തവരുടെ എണ്ണം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും യോഗം ചേർന്ന് പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഹോമുകളിൽ ഇവരുടെ പുനരധിവാസം ഉറപ്പാക്കി. ഈ വർഷം ഇതുവരെ 17 രോഗികളെ പുനരധിവസിപ്പിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ട് ജയചന്ദ്രൻ, ആർഎംഒ മോഹൻ റോയ് എന്നിവർ ഒപ്പമുണ്ടായിരുന്നു.