ഭാഗം: 10
ഇന്തോനേഷ്യയോട് തൽക്കാലം യാത്ര പറയുകയാണ്. രാവിലെ എഴുന്നേറ്റപ്പോൾ ഒരു ദു:ഖവാർത്ത സുമാത്രയിൽ നിന്ന് റഊഫ് വിളിച്ച് പറഞ്ഞു. ബാലി കാണാനെത്തിയ രണ്ട് ഇന്ത്യക്കാർ കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. പാസ്പോർട്ടും മററു രേഖകളും അയച്ചു തന്നു. തമിഴ്നാട്ടുകാരാണ്. മധുവിധു ആഘോഷിക്കാൻ വന്നപ്പോഴാണത്രെ അപകടം. ഞാനത് ഉടനെ തന്നെ നോർക്കയുടെ സി.ഇ.ഒക്ക് ഫോർവേഡ് ചെയ്തു. അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞ് വോയ്സ്ക്ലിപ്പുമിട്ടു. ചെന്നൈലെ നോർക്കാ ചുമതലക്കാരി അനു ചാക്കോക്കും വിവരങ്ങൾ അയച്ച് കൊടുത്തു.
മദ്രാസ് സർക്കാരിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാനും കോർഡിനേറ്റ് ചെയ്യാനും അവർക്കാകും. സി.ഇ.ഒയുടെയും അനുവിന്റെയും ടെലഫോൺ നമ്പറുകൾ റഊഫിന് കൈമറി. രണ്ട് മൂന്ന് ദിവസം മുമ്പ് മഹാരാഷ്ട്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ച വാർത്ത ജക്കാർത്തയിൽ നിന്ന് ജലീൽ വിളിച്ച് പറഞ്ഞിരുന്നു. അയാളുടെ ബന്ധുക്കളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജലീൽ പിന്നാലെയുണ്ട്. മലയാളി സമാജം പ്രവർത്തകർ മലയാളികളുടെ കാര്യങ്ങൾ മാത്രമല്ല ഇന്ത്യക്കാരുടെ മൊത്തം കാര്യങ്ങൾ നോക്കുന്നു എന്നറിയാൻ സാധിച്ചതിൽ സന്തോഷം തോന്നി.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഡ്രൈവർ പന്ത്രണ്ട് മണിയോടെ എത്തി. വെള്ളിയാഴ്ചയായതിനാൽ നേരെ ജുമുഅക്കാണ് (കൂട്ടുപ്രാർത്ഥന) പോയത്. പരമ്പരാഗത കേരളീയ വേഷത്തിൽ തന്നെയാകട്ടെ ഇന്നത്തെ ചുറ്റലെന്ന് തീരുമാനിച്ചു. ജുമുഅക്ക് പോയത് ബാലിയിലെ “പൂജാ മണ്ഡല”യിലെ (ആരാധനാ സമുച്ചയം) ഇബ്നുബത്തൂത്ത ഗ്രാൻ്റ് മസ്ജിദിലാണ്. പള്ളി തെരഞ്ഞെടുത്തത് ഡ്രൈവർ മേഡനാണ്. തന്റെ മുസ്ലിം സുഹൃത്തിനെ വിളിച്ചാണ് എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞത്. ഒരു സമുച്ചയത്തിൽ അഞ്ച് ആരാധനാലയങ്ങൾ തോളുരുമ്മി നിൽക്കുന്ന ലോകത്തിലെ മത സൗഹാർദ്ദത്തിന്റെ കേന്ദ്രമണ് പൂജാമണ്ഡല. ഇങ്ങിനെ ഒരു കാഴ്ച അണ്ഠകഠാഹത്തിൽ മറ്റെവിടെയും കാണാനാവില്ല. ബാലിയിലെ ബഡുംങ്ങ് റീജൻസിയിലെ സൗത്ത് കുട്ട ജില്ലയിൽ നുസാഡുവയിലാണ് അഞ്ച് വ്യത്യസ്ത ആരാധനാലയങ്ങളുടെ ഈ അപൂർവ്വ സംഗമം.
വെള്ളിയാഴ്ച ബാങ്ക് കൊടുക്കുന്നതിന് 15 മിനുട്ട് മുമ്പ് ഹൈന്ദവ ഭൂരിപക്ഷ ബാലിയിലെ ജുമുഅ നടക്കുന്ന പള്ളികളിൽ നിന്നെല്ലാം ഖുർആൻ പാരായണം മൈക്കിലൂടെ കേൾക്കാം. മുസ്ലിങ്ങൾ ഹൈന്ദവ സംസ്കാരത്തോടും ഹൈന്ദവർ ഇസ്ലാമിക സംസ്കാരത്തോടും കാണിക്കുന്ന പരസ്പര ബഹുമാനം നമ്മുടെ നാട്ടിലെ ഹിസംഘികളും മുസംഘികളും കണ്ടു പഠിക്കേണ്ടതാണ്.
1997-ലാണ് ഗ്രാന്റ് മസ്ജിദ് ഉൾപ്പടെ അഞ്ചു ആരാധനാലയങ്ങൾ ഒരു കോമ്പൗണ്ടിൽ പണിതത്. ഇന്തോനേഷ്യൻ കേന്ദ്ര സർക്കാരും ബാലി പ്രൊവിൻശ്യാ ഗവൺമെന്റും സംയുക്തമായാണ് സൗഹൃദ ആരാധനലായ കോംപ്ലക്സ് പണിതത്. ഈ സമുച്ചയം “പൂജാ മണ്ഡല” എന്നറിയപ്പെടുന്നു. ബാലിയുടെയും ഇന്തോനേഷ്യയുടെയും കലർപ്പില്ലാത്ത മതേതര സ്തംഭമായി പൂജാ മണ്ഡല സുഗന്ധം പരത്തി നിൽക്കുന്നു. ജറേജ കത്തോലിക് ചർച്ച്, വിഹാര ബുദ്ധ ഗുണക്ഷേത്രം, ജറേജ കൃസ്ത്യൻ പ്രൊട്ടസ്റ്റൻ്റ് ചർച്ച്, പുര ജഗന്നാഥ ക്ഷേത്രം എന്നിവയോടൊപ്പമാണ് ഇബ്ൻബത്തൂത്ത മസ്ജിദിന്റെ നിൽപ്പ്.
ഈ അഞ്ച് ആരാധനാലയങ്ങളും പണിതിരിക്കുന്നത് പൊതു പാർക്കിംഗിന് അഭിമുഖമായാണ്. എല്ലാ ആരാധനാലയങ്ങളുടെയും മുറ്റം ഒന്നാണ്. അഞ്ച് ആരാധനാലയങ്ങളിൽ പോകുന്ന വിവിധ മതസ്തരായ സുഹൃത്തുക്കളും ഇറങ്ങുന്നത് ഒരേ മുറ്റത്തേക്ക്. എല്ലാവരും അവസാനം എത്തുന്നത് ഒരിടത്താണെന്ന വലിയ സന്ദേശം.
പള്ളിയിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കം നിറയെ ആളുകളായിരുന്നു. ഏതാണ്ടൊരു മൂവ്വായിരത്തിലധികം പേർ വിവിധ നിലകളിലായി ജുമുഅക്ക് എത്തിയിട്ടുണ്ട്. സൗമ്യമായ വെള്ളിയാഴ്ച പ്രഭാഷണം. ഭാഷയറിയാത്തത് കൊണ്ട് ഒന്നും മനസ്സിലായില്ല. മസ്ജിദിനോട് ചേർന്ന് പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്തായി പള്ളിയുടെ ഒരു റിസപ്ഷൻ കൗണ്ടർ കണ്ടത് കൗതുകമുളവാക്കി. സ്ത്രീകളാണ് അവിടെ ഇരിക്കുന്നത്. ഇബ്നുബത്തൂത്ത മസ്ജിദിന്റെ ചരിത്രം അവരോടാണ് ചോദിച്ചറിഞ്ഞത്. അവർക്ക് അൽപസ്വൽപ്പം ഇംഗ്ലീഷ് അറിയാം. അതെല്ലാം കമ്മിറ്റി ഭാരവാഹികളോട് അന്വേഷിച്ച് ഒന്നുകൂടി ഉറപ്പുവരുത്തി.
ഇന്തോനേഷ്യയിലെ തെക്കൻ ബാലിയിൽ സ്ഥിതി ചെയ്യുന്ന മുൻ മത്സ്യബന്ധന ഗ്രാമമാണ് കുട്ട. ഇന്നിതൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. സൂര്യൻ ചുട്ടുപഴുത്ത കുട്ടയിലെ ബീച്ചുകൾ പ്രസിദ്ധമാണ്. സുഖലോലുപതക്ക് പേരുകേട്ട ഇടം. കുട്ട ഉൾപ്പെടെ ബാലിയിലേക്കുള്ള ആദ്യ കുടിയേറ്റം ആരംഭിച്ചത് ബിസി 2500-ൽ ഏഷ്യൻ മെയിൻലാൻഡിൽ നിന്നാണ്. തുടർന്ന് ബി സി നൂറാമാണ്ടിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ഹൈന്ദവ സമൂഹത്തിന്റെ വരവുണ്ടായി. 1597-ലാണ് യൂറോപ്യന്മാർ ബാലിയിൽ എത്തിയത്. കൂട്ടത്തിൽ പ്രഥമസ്ഥാനീയർ ഡച്ചുകാരാണ്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി അവർ നിരവധി വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധം വരെ ഡച്ച് നിയന്ത്രണം ഇന്തോനേഷ്യൻ ദ്വീപുകളിൽ നിലനിന്നു. അൽപ്പകാലം ഈ പ്രദേശം ജപ്പാനീസ് കൈവശത്തിലായി. യുദ്ധത്തിന്റെ അവസാനത്തിൽ മോചിപ്പിക്കപ്പെട്ട ബാലി ദ്വീപിന് ഹോളണ്ടിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു.
ആദ്യം ഈസ്റ്റ് ഇന്തോനേഷ്യയുടെ ഭാഗമായി മാറി. വൈകാതെ മുസ്ലിം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ അഭിവാജ്യഘടകമാകാൻ ബാലി തീരുമാനിച്ചു. ”മതം” വിട്ട് പോകാനല്ല കൂടിച്ചേരാനാണ് ഇന്തോനേഷ്യയെ പ്രേരിപ്പിച്ചത്. വിശ്വാസം പറഞ്ഞ് പാക്കിസ്ഥാൻ വിഭജിച്ച് പോയ പോലെ ബാലി മാറി നിന്നില്ല. ഇന്തോനേഷ്യയോട് ഇഴുകിച്ചേർന്നു. ബാലിയുടെ ഹൈന്ദവ പൈതൃകം സംരക്ഷിക്കുന്നതിൽ ഇന്തോനേഷ്യൻ സർക്കാർ മുന്തിയ പരിഗണന നൽകി. ഒരിക്കലും അവരിൽ അന്യതാബോധത്തിന് വഴിമരുന്നിട്ടില്ല. ബാലിയെ ഭരണ സൗകര്യത്തിനായി വെട്ടിമുറിച്ചില്ല. ബാലി നിവാസികളെ വേദനിപ്പിച്ചില്ല. ഹൃദയത്തോട് ചേർത്തു നിർത്തി. ഹൈന്ദവ- മുസ്ലിം- ക്രൈസ്തവ- ബൗദ്ധ മൈത്രിക്ക് കേളികേട്ട ബാലി വിനോദ സഞ്ചാരികളുടെ തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രമായത് യാദൃശ്ചികമല്ല.
ബാലിയുടെ ഒളിഞ്ഞിരിക്കുന്ന സ്വർഗ്ഗമാണ് ഗെഗർ ബീച്ച്. സൂര്യൻ അസ്തമിക്കുന്നത് വരെ നീന്താനും മീൻ പിടിക്കാനും സൺബാത്ത് നടത്താനും അനുയോജ്യമായ ശാന്തമായ ബീച്ച്. കടലിന്റെ ആഴം തീരെ കുറവാണിവിടെ. കടൽ തിരമാലകൾ കണ്ടാൽ കുളത്തിലെ ഓളങ്ങളാണെന്നേ തോന്നൂ. ഗെഗാർ ബീച്ചിനെ സുന്ദരമായാണ് പ്രകൃതി ഡിസൈൻ ചെയ്തിരിക്കുന്നത്. ആകാശത്തിന് കണ്ടാൽ കൊതിക്കുന്ന നീല ഛായ അടിച്ചിട്ടുണ്ട്. വെള്ളത്തിനും നീല നിറം. മണൽ വെള്ളയും. വല്ലാത്തൊരു ദൃശ്യമാണത്. മനുഷ്യ ഇടപെടലിലൂടെ അധികൃതർ ഗെഗാർ ബീച്ചിനെ അതിസുന്ദരിയാക്കിയിട്ടുണ്ട്.
ജുമുഅ പിരിഞ്ഞ് നേരെ പോയത് ബീച്ചിലേക്കാണ്. സൂര്യൻ ദാക്ഷിണ്യമില്ലാതെ കത്തുന്നു. വിദേശ ടൂറിസ്റ്റുകൾക്ക് എന്ത് മഴ! എന്ത് വെയിൽ? ബീച്ചിെലെ വിവിധ റസ്റ്റോറന്റുകാർ അവരുടെ സ്ഥാപനങ്ങൾക്കു മുന്നിൽ ഇരിക്കാൻ കസേരകളും കിടക്കാൻ ദിവാൻ കോട്ടുകൾ പോലെ പൊക്കത്തിൽ തലവെച്ച് കിടന്ന് കടൽ കാണാൻ കട്ടിലുകളും നിരത്തിയിട്ടുണ്ട്. അവിടെ ഇരിക്കാനും കിടക്കാനും വാടക കൊടുക്കണം. ഹോട്ടലിൽ നിന്ന് ഭക്ഷണവും പണം കൊടുത്ത് കഴിക്കാം. ഉച്ചച്ചൂടിലും നിരവധി യൂറോപ്യർ സമാധാനത്തോടെ കിടന്നുറങ്ങുന്നത് കണ്ടു.
ഒരു പൗരാണിക ക്ഷേത്രം പാറകൾക്കുമുകളിലായി തലയെടുപ്പോടെ നിൽക്കുന്നത് ഗഗാർ ബീച്ചിന്റെ മാറ്റ് കൂട്ടി. ആത്മീയതയും വിനോദവും എവിടെയൊക്കെയോ വെച്ച് സന്ധിക്കുന്ന ധാരകളാണെന്ന് ബാലിയിലെ കാഴ്ചകൾ പറയാതെ പറയുന്നു. നുസാഡുവയിലേക്ക് ഇന്ത്യൻമഹാ സമുദ്രം തള്ളി നിൽക്കുന്ന ഒരു വിശാലമായ സമുദ്ര പ്രദേശമുണ്ട്. അതിന് മുകളിലൂടെ 16 കിലോമീറ്റർ നീണ്ട് കിടക്കുന്ന ഒരു “മാരത്തോൺ പാലത്തിന്” മുകളിലൂടെയാണ് അങ്ങോട്ടുമിങ്ങോട്ടും പോയത്. അപൂർവ്വ അനുഭവങ്ങളിൽ ഒന്നായിരുന്നു കിലോമീറ്ററുകൾ നീണ്ട കടൽ പാലത്തിന് മുകകളിലൂടെയുള്ള സഞ്ചാരം. രണ്ട് നിലകളിലായി മൂന്ന് വ്യത്യസ്ത ദിശകളിലേക്ക് പോകാൻ കെട്ടിപ്പൊക്കിയ പാലത്തിന്റെ ഫ്ലൈഓവറുകൾ കാണേണ്ടതുതന്നെ.
ഗെഗാർ ബീച്ചിൽ നിന്ന് മടങ്ങവെ പുരാണേതിഹാസത്തിലെ ഒരു യുദ്ധരംഗം ശിൽപ്പവൽക്കരിച്ചത് കണ്ണിൽ പെട്ടു. വലിയ ശിൽപം. “ക്ഷത്രിയ ഗത്തോത്ത് കച്ച”. അതിന് തൊട്ടടുത്തായി ഒരു പള്ളിയും ക്ഷേത്രവും ചർച്ചും ഒരു മുറ്റത്ത് ചേട്ടനനിയൻമാരെപ്പോലെ നിൽക്കുന്നു. ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. നൂറുൽ ഹുദാ മസ്ജിദും ജഗത് തീർത്ഥ ക്ഷേത്രവും എക്ലീസിയ ചർച്ചും ഒരു മുറ്റത്ത് നിൽക്കുന്നു. അവയുടെ പിന്നിലായി ഒരു സർക്കാർ വിദ്യാലയവുമുണ്ട്.
കുട്ട ബീച്ചിലെത്തുമ്പോൾ കടൽ ദേവതയായ “ബറൂണയുടെ” ഒരു മഹാശിൽപം ഗേറ്റിനു മുന്നിൽ സഞ്ചാരികളെ സ്വാഗതം ചെയ്ത് നിൽപ്പുണ്ട്. കിലോമീറ്ററുകൾ നീളത്തിൽ ബീച്ച് നീണ്ട് നിവർന്ന് കിടക്കുകയാണ്. അത്രയും ദൂരം പതിനൊന്നടി വീതിയിൽ ടൈലിട്ട് നിർമ്മിച്ച നടപ്പാതയും ഇരുഭാഗത്തും പടർന്ന് പന്തലിച്ച് നിൽക്കുന്ന മരങ്ങളും കാഴ്ചക്കാരെ വല്ലാതെ ഭ്രമിപ്പിക്കും. മരത്തണലിലൂടെ ഇളം തെന്നലേറ്റ് നടപ്പാതയിലൂടെ നടക്കുമ്പോൾ ഏത് പ്രക്ഷുപ്തമായ മനസ്സും ശാന്തമാകും. എപ്പോൾ ബീച്ചിലെത്തിയാലും തണൽ മരങ്ങളുടെ ശീതളിമയിൽ കടൽ കണ്ടാസ്വദിച്ച് നിൽക്കാം, നടക്കാം. ടൈൽ പാകിയ വഴിയുടെ ഇരുവശവും അഞ്ചടിവീതിയും പത്തടി നീളവുമുള്ള ഒരേപോലുള്ള ചെറിയ ബങ്കുകൾ ഇടവിട്ടിടവിട്ട് വെച്ചിട്ടുണ്ട്.
എല്ലാത്തിലും വിവിധയിനം പാനിയങ്ങളുടെയും ഇളനീരിൻ്റെയും കരകൗശല വസ്തുക്കളുടെയും കച്ചവടം പൊടിപൊടിക്കുന്നു. കുട്ട ബീച്ചും തെരുവും രാത്രി ഉറങ്ങാറില്ലത്രെ. ഇരുപത്തിനാല് മണിക്കൂറും രണ്ടും സജീവമാണ്. കുട്ട സ്ട്രീറ്റ് കോഴിക്കോട്ടെ മിഠായി തെരുവിന്റെ അഞ്ചിരട്ടി വരും. അവിടെ കിട്ടാത്ത വസ്തുക്കളില്ല. വിനോദ സഞ്ചാരികൾ ഇമ വെട്ടാതെ നേരം ചെലവിടുന്ന മനോഹര സ്ട്രീറ്റ്. നിറക്കൂട്ടുകളുടെ വൻ ശേഖരം. വൈകുന്നേരമായാൽ അങ്ങോട്ട് അടുക്കാൻ പറ്റില്ല. ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് ഞാൻ അവിടെയെത്തിയത്. എല്ലാം വീക്ഷിച്ച് അഞ്ചുമണിയോടെ തിരിച്ച് പോന്നു. അപ്പോഴേക്കും തിരക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു. ഗഗാർ ബീച്ച് പോലെയല്ല കുട്ട ബീച്ച്. കേരളീയ ബീച്ചുകളോടാണ് കുട്ട ബീച്ചിന് സാമ്യത. കടലിനും ആകാശത്തിനുമെല്ലാം.
രണ്ടാഴ്ചയോളം നീണ്ട ഇന്തോനേഷ്യൻ പര്യടനത്തിന് സമാപ്തിയാവുകയാണ്. നാട് കാണലായിരുന്നില്ല ഈ സഞ്ചാരത്തിന്റെ ലക്ഷ്യം. കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന ഇന്തോനേഷ്യൻ വർത്തമാനങ്ങൾ സത്യസന്ധമായി വായനക്കാരെ അറിയിക്കലായിരുന്നു. ബഹുസ്വരതയുടെ കളിത്തൊട്ടിലായി ലോകത്ത് അറിയപ്പെട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. വിഭജനത്തിന്റെ മുറിവുകളെ അതിജീവിച്ചും ഭാരതം നാനാത്വത്തിൽ ഏകത്വം ദേശീയതയുടെ അടിസ്ഥാന ശിലയായി പ്രതിഷ്ഠിച്ചു. 1992-ലെ ബാബരീ മസ്ജിദ് തകർച്ച വലിയ ഉൾഭയം ഭാരതീയ പൗരൻമാരിൽ ഉണ്ടാക്കി. അതിനോടുള്ള പ്രതിലോമ പ്രതികരണമെന്നോണം ഭീകരവാദവും തീവ്രവാദവും തലപൊക്കിയത് രാജ്യസ്നേഹികളെ നടുക്കി. വർഗ്ഗീയ കലാപങ്ങൾ ഇടക്കിടെ കൊടുമ്പിരികൊള്ളാൻ തുടങ്ങി. ഗോധ്ര തീവണ്ടി ദുരന്തവും ഗുജറാത്ത് കലാപവും തുടർന്നുണ്ടായ മുസ്ലിം വംശഹത്യയും ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിന് സാരമായ പൊള്ളലേൽപ്പിച്ചു.
അവിശ്വാസവും സംശയവും വിവിധ മത ജനവിഭാഗങ്ങൾക്കിടയിൽ ശക്തിപ്പെട്ടു. എന്നാലും ബഹുസ്വര സംസ്കാരത്തിന്റെ ഇന്ത്യൻ കപ്പൽ ആടിയും ഉലഞ്ഞും മുന്നോട്ട് നീങ്ങി. 2014 ഓടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. നരേന്ദ്ര മോദിയുടെ യുഗം മതാധിഷ്ഠിത സാമൂഹ്യ സൃഷ്ടിക്കായുള്ള രഥമുരുട്ടലായി. പ്രതിപക്ഷ പാർട്ടികളിലെ ചിദ്രത മുതലെടുത്ത് മോദിക്ക് രണ്ടാമൂഴം കിട്ടിയതോടെ മതേതര സൂര്യന് ഗ്രഹണം പറ്റി. മുസ്ലിങ്ങൾ മാത്രമല്ല ക്രൈസ്തവരും ഫാഷിസത്തിന്റെ രുചിയറിഞ്ഞു. 45% ക്രൈസ്തവർ അധിവസിക്കുന്ന മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്നു. നിരവധി ക്രൈസ്തവ മതവിശ്വാസികൾ പരലോകത്തേക്ക് ബലാൽക്കാരം പറഞ്ഞയക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരെ ശത്രുപക്ഷത്ത് നിർത്തി കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന ക്രൂരമായി തുടരുകയാണ്.
ന്യൂനപക്ഷ വിരുദ്ധത കേന്ദ്രം ഭരിക്കുന്നവരുടെ മുഖമുദ്രയായി. രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ അനുപാതം തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്ലാറ്റ്ഫോമുകളാണെന്ന അർത്ഥത്തിൽ 80:20 മൽസരമാണ് നടക്കുന്നതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുഖത്ത് വെച്ച് മറയില്ലാതെ പറഞ്ഞു. മുസ്ലിങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയിൽ നോട്ടപ്പുള്ളികളായി. മുസ്ലിങ്ങൾക്ക് മാത്രം ബാധകമാക്കി പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെട്ടു. കാശ്മീരിലെ മുസ്ലിം ഭൂരിപക്ഷത്തിന് തടയിടാൻ കാശ്മീർ വെട്ടിമുറിച്ചു. മുത്തലാഖ് നിയം നടപ്പിലാക്കി ഭാര്യയെ മൊഴിചൊല്ലുന്ന മുസ്ലിം പുരുഷന് മാത്രം കാരാഗൃഹം ഉറപ്പാക്കി.
ഏകസിവിൽകോഡ് നടപ്പിലാക്കാൻ കയ്യും മെയ്യും മറന്ന് കേന്ദ്ര ഭരണകൂടം കളത്തിലിറങ്ങി. കഷായത്തിൽ ചേർക്കാൻ പോലും പതിനഞ്ച് ശതമാനം വരുന്ന പ്രബല ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗത്തിൽ നിന്ന് ഒരാളെയും ഉൾപ്പെടുത്താത്ത മന്ത്രിസഭ ആദ്യമായി കേന്ദ്രത്തിൽ ഉണ്ടായി. രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് ഒരു മുസ്ലിം എം.എൽ.എയോ എംപിയോ ഇല്ലാത്ത അവസ്ഥയിൽ വഖഫ് കൈകാര്യം ചെയ്യാൻ പോലും ഒരു മുസ്ലിം പേരുകാരനില്ലാതായി. കോടികളുടെ വഖഫ് സ്വത്തുക്കൾ അനധികൃത കയ്യേറ്റങ്ങൾക്ക് വിധേയമായി.
പശുവിന്റെ പേരിൽ നിരവധി മനുഷ്യർ അടിച്ച് കൊല്ലപ്പെടുകയോ ചുട്ട്കൊല്ലപ്പെടുകയോ ചെയ്തു. പോലീസ് അകമ്പടിയിൽ മുസ്ലിം പേരുള്ള കുറ്റാരോപിതരായ മുൻ എംപിയും സഹോദരനും ക്യാമറകൾക്ക് മുന്നിൽ ലോകം കാൺകെ പോയിന്റ് ബ്ലാങ്കിൽ കൊലപ്പെടുത്തപ്പെട്ടു. ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. പുരോഹിതർ ചെയ്യേണ്ട ജോലി രാമക്ഷേത്രത്തിന് ശിലയിട്ട് കൊണ്ട് ഭരണാധികാരി നിർവ്വഹിച്ചതിന് രാജ്യം സാക്ഷിയായി. പാർലമെൻ്റ് ഉൽഘാടനം തീർത്തും മതചടങ്ങാക്കി മാറ്റി. മൂന്നാം ഊഴം കേന്ദ്രം ഭരിക്കുന്നവർക്ക് കിട്ടിയാൽ ഇന്ത്യ “ഹിന്ദുത്വ” രാഷ്ട്രമാകുമെന്ന അഭ്യൂഹം കാതുകളിൽ നിന്ന് കാതുകളിലേക്ക് ബോധപൂർവ്വം പ്രസരിപ്പിച്ചു. ആർ എസ് എസിന് നൂറ് വയസ്സാകുന്ന ദിവസം സമ്പൂണ്ണ മതരാഷ്ട്ര പ്രഖ്യാപനം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ ഒളിയില്ലാതെ പ്രഖ്യാപിച്ചു.
ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയുടെ ചുറ്റുവട്ടങ്ങളിൽ എന്ത് നടക്കുന്നു എന്ന് നിരീക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. അതിൻ്റെ ഭാഗമായി മഹാഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളുള്ള നേപ്പാളിൽ പോയി. അവിടെ തെരുവുകളിൽ ബീഫ് കബാബ് വിൽക്കുന്നത് കണ്ടു. ഹിന്ദുമതം അതീവ സഹിഷ്ണുതയോടെ സഹോദര മതസ്ഥരുമായി സഹവസിക്കുന്നത് കണ്ടു. മുസ്ലിം-ക്രൈസ്തവ-ബൗദ്ധ ന്യൂനപക്ഷങ്ങർ അവിടെ സുരക്ഷിതരാണെന്ന് മനസ്സിലാക്കി. മതത്തിന്റെ പേരിൽ മനുഷ്യർ മനുഷ്യരെ കൊല്ലുന്ന കാട്ടാളത്വം ഹിന്ദു ഭൂരിപക്ഷ നേപ്പാളിന് സങ്കൽപിക്കാനേ കഴിയില്ലെന്ന് ബോദ്ധ്യമായി. ഓരോരുത്തർക്കും ഇഷ്ടമുള്ളത് ഭുജിക്കാം. ഇഷ്ടം പോലെ ജീവിക്കാം. ഒരു തടസ്സവുമില്ല.
ഇന്ത്യയിൽ നിന്ന് ഭിന്നിച്ചുപോയ പാക്കിസ്ഥാൻ പിളർന്നുണ്ടായ ബംഗ്ലാദേശും സന്ദർശിച്ചു. ഹൈന്ദവ ന്യൂനപക്ഷങ്ങൾക്ക് ഒരവഗണനയും അവിടെ കണ്ടില്ല. ജനപ്രാതിനിധ്യ സഭകളിൽ അവർക്ക് പ്രാതിനിധ്യമുണ്ട്. ക്യാബിനറ്റിൽ മികച്ച വകുപ്പുകളോടെ അംഗത്വമുണ്ട്. ഇന്ത്യയിൽ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും “ജയ് ശ്രീറാം” വിളിപ്പിക്കുന്നത് പോലെ ഇടിച്ചും തൊഴിച്ചും “അല്ലാഹു അക്ബർ” വിളിപ്പിച്ച ഒരു സംഭവം പോലും അവിടെ നടന്നതായി ആരും ചൂണ്ടിക്കാണിച്ചില്ല. മനുഷ്യർ വർഗ്ഗീയമായി സംഘടിക്കുകയോ കലാപത്തിന് മുതിരുകയോ ചെയ്യുന്നില്ല. ചരിത്രത്തിൽ നിന്ന് ഒന്നും അവർ വെട്ടിമാറ്റിയില്ല. കുട്ടികളിൽ പരമത വിദ്വേഷം കുത്തിവെക്കുന്നില്ല. ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾ സ്നേഹത്തിലും ചങ്ങാത്തത്തിലുമാണ് ബംഗ്ലാദേശിൽ ജീവിക്കുന്നത്.
പിന്നീട് പോകണം എന്ന് നിശ്ചയിച്ചത് ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യയിൽ ബഹുഭൂരിപക്ഷ സമുദായം മുസ്ലിങ്ങളാണ്. ഹൈന്ദവരും ക്രൈസ്തവരും ബൗദ്ധരുമാണ് ന്യൂനപക്ഷങ്ങൾ. ഇവിടുത്തെ ഹിന്ദു-മുസ്ലിം ആത്മബന്ധത്തിൻ്റെ നേർക്കാഴ്ച കാണാനാണ് ലോകത്തെ നാലാമത്തെ ഏറ്റവും ജനസംഖ്യയുള്ള നാട്ടിലെത്തിയത്. കടന്നുപോയ വഴികളിലെല്ലാം അന്വേഷിച്ചതും തേടിയും ഹിന്ദു-മുസ്ലിം മൈത്രിയുടെ വേരുകളാണ്. പഴയകാല ഇന്ത്യ, ഇന്തോനേഷ്യയിലൂടെ ജീവിക്കുന്നുണ്ടെന്ന് കണ്ടുമുട്ടിയ മനുഷ്യരെല്ലാം സാക്ഷ്യപ്പെടുത്തി. ആ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് പത്ത് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചത്. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കാൻ ഓരോരുത്തരും തങ്ങളാൽ കഴിയുന്നത് ചെയ്യേണ്ട സമയമാണിത്. എനിക്കാവുന്നതാണ് മുഖപുസ്തകത്തിൽ കുറിച്ച അക്ഷരങ്ങളും ആശയങ്ങളും. ഇനി എല്ലാ യാത്രാ വിവരണങ്ങളും ക്രോഡീകരിച്ച് പുസ്തകമാക്കണം.
നന്ദി പറയാൻ ഒരുപാട് പേരുണ്ട്. സമ്പന്നർ പണം നിക്ഷേപിക്കാനാണ് സാധാരണ ഇന്തോനേഷ്യയിൽ വരാറ്. അത്തരക്കാർക്ക് എല്ലാ സൗകര്യങ്ങളും ഇവിടുത്തെ സർക്കാർ ചെയ്ത് കൊടുക്കുന്നുമുണ്ട്. വിനോദ സഞ്ചാരത്തിനാണ് ഭൂരിഭാഗവും ബാലിയിൽ വന്നിറങ്ങാറ്. ഞാനും കച്ചവടാവശ്യാർത്തമോ നാട് കണ്ട് രസിക്കാനോ ഉദ്ദേശിച്ച് വന്നതാകാമെന്നാണ് ചിലരെങ്കിലും സംശയിച്ചത്. ബിസിനസ് എനിക്ക് പണ്ടേ താൽപര്യമില്ലാത്ത കാര്യമാണ്. ഇന്തോനേഷ്യൻ യാത്രയുടെ ഉദ്ദേശം പുസ്തക രചനായാണെന്ന് അറിഞ്ഞപ്പോൾ ഇന്തോനേഷ്യൻ മലയാളി സമാജത്തിലെ അംഗങ്ങൾക്ക് അതിശയം. അവർ കട്ടക്ക് കൂടെ നിന്നു.
സംഘടനയുടെ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബെന്നി പൗലോസ്, മുൻ പ്രസിഡണ്ട് ജലീൽ, സുമാത്ര ദ്വീപിലെ മലയാളിയും സുഹൃത്തുമായ റഊഫ്, സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജലീലിന്റെ നല്ലപാതിയുമായ നസ്റിൻ ബാനു, ഇന്തോനേഷ്യൻ പൗരന്മാരും മലയാളികളുമായ രാജ്മോഹൻ, എൻ കെ ഇബ്രാഹിംകുട്ടി സാഹിബ് എൻ്റെ മണ്ഡലക്കാരനായ കോലൊളമ്പ് നൗഷാദ് എന്നിവരൊക്കെ ഇന്തോനേഷ്യൻ സ്കെച്ചുകൾ വരക്കാൻ ആത്മർത്ഥമായി പിന്തുണച്ചു. ചരിത്രപ്രധാനമായ സ്ഥലങ്ങൾ മനസ്സിലാക്കി അവിടങ്ങളിൽ എന്നെ എത്തിക്കാൻ ശ്രമിച്ചു. എല്ലാവരോടുമുള്ള സ്നേഹവും കടപ്പാടും എന്നും നെഞ്ചകക്കൂട്ടിലുണ്ടാകും.
വിശുദ്ധ ഖുർആൻ പലയിടങ്ങളിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ”നിങ്ങൾ കാണുന്നില്ലേ? കേൾക്കുന്നില്ലേ? ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?”. നിരന്തരമായ സഞ്ചാരത്തിനും അന്വേഷണത്തിനും മനുഷ്യനെ പ്രേരിപ്പിക്കുന്ന സൂക്തങ്ങൾ. അനുസ്യൂത യാത്രകൾ സാംസ്കാരികവും വിശ്വാസപരവും സാമൂഹ്യവുമായ ഔന്നിത്യത്തിലേക്കാകും മനുഷ്യനെ വഴി നടത്തുക. ഓരോ ദേശത്തെ ജനങ്ങളുടെ ജീവിതരീതികളുടെയും ആകെത്തുകയെയാണ് സംസ്കാരം. ഭാഷ, കല, സംഗീതം, ആചാരങ്ങൾ, ജീവിത വീക്ഷണങ്ങൾ, മതം, വിശ്വാസം, വിശ്വാസ രാഹിത്യം, മാനവിക കാഴ്ചപ്പാടുകൾ ഇവയെല്ലാം സംസ്കാരത്തിൻ്റെ വിശാല ക്യാൻവാസിൽ ഉൾപ്പെടുന്നു.
പ്രാചീന കാലത്ത് ഉയിർകൊണ്ട നാഗരികതകൾക്ക് ദേശ പരിമിതികൾ ഉണ്ടായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അധിവസിച്ചിരുന്നവർ പരസ്പരം അറിയാനും കാണാനുമുള്ള സാഹചര്യങ്ങൾ പരിമിതം. അതിനാൽ തന്നെ പഴയകാല സംസ്കാരങ്ങൾ തമ്മിൽ വ്യതിരിക്തതകൾ നിലനിന്നു. ശാസ്ത്ര സാങ്കേതിക പുരോഗതിയും വാർത്താ വിതരണ പ്രക്ഷേപണ സംപ്രേക്ഷണ രംഗത്തെ അഭൂതപൂർവ്വമായ കുതിച്ചു ചാട്ടവും ലോക നാഗരികതകളെ ഒരു കൈക്കുമ്പിളിൽ എത്തിച്ചു. ലോകം മുഴുവൻ ഒരു നാടും ഗ്രാമവുമായി മാറി. ഭാഷയൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അടിസ്ഥാനപരമായി സമാന ചിന്താധാരയിലേക്ക് മനുഷ്യൻ എത്തിച്ചേർന്നു. സൃഷ്ടിപ്പിലെ നിസ്സാര വകഭേദങ്ങൾ പരസ്പരം തിരിച്ചറിയാനുള്ള ഉപാധികൾ മാത്രം. ഏറ്റക്കുറച്ചിലുകളോടെ ആണെങ്കിലും ആധുനിക മതേതര സോഷ്യലിസ്റ്റ് സങ്കൽപങ്ങൾ എല്ലാ സംസ്കൃതികളുടെയും ഭാഗമായിക്കഴിഞ്ഞു. മതാധിഷ്ഠിതമെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളിൽ പോലും “സ്വതന്ത്രചിന്ത”പ്രചാരം നേടുന്ന കാഴ്ച അവർണ്ണനീയം.
വയറിന്റെ വിശപ്പ് പോലെത്തന്നെ ആത്മാവിൻ്റെ ദാഹവും പ്രധാനമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം പ്രബലമാണ്. അതിന് മനുഷ്യർ പല വഴികൾ തേടുന്നു. മതങ്ങളെയാണ് ആത്മീയതയുടെ നിതാനമായി ഭൂരിഭാഗവും കരുതുന്നത്. യോഗയും ധ്യാനവും ആത്മീയതയുടെ പുനരാഖ്യാനങ്ങളായി നിരീക്ഷിക്കുന്നവരുടെ എണ്ണവും കുറവല്ല. മനുഷ്യൻ്റെ ചിന്താ മണ്ഡലത്തിലുണ്ടായ വിപ്ലവകരമായ പരിവർത്തനം ആത്മീയതയെ മതത്തിൻ്റെ അതിർവരമ്പുകളിൽ നിന്ന് പുറത്ത് കൊണ്ടു വന്നതും കാണാം. അതേതുടർന്ന് ഒരുതരം “ഭൗതിക ആത്മീയത” വികാസം പ്രാപിച്ചു. സഹജീവികളുടെ ക്ഷേമത്തിൽ സംതൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥ.
എല്ലാറ്റിനെയും സഹിഷ്ണുതയോടെ ഉൾകൊള്ളാനാണ് ലോകം വെമ്പുന്നത്. മതവും ഭൗതികവാദവും സമാന്തരമായി സംവദിച്ച് മുന്നോട്ടു പോകുന്ന കാഴ്ച സുന്ദരമാണ്. വിശ്വാസ വൈജാത്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ മാനവിക അടിത്തറയിൽ സാംസ്കാരിക സൗധം പണിയുന്നതിലാണ് മനുഷ്യന് താൽപര്യം. എല്ലാ മതധാരകളിലെ തീവ്ര നിലപാടുകളെയും ലോകം കാണുന്നത് വെറുപ്പോടെയാണ്. ഫാഷിസത്തിൻ്റെയും ഭീകരവാദത്തിൻ്റെയും ശവദാഹത്തിന് മനുഷ്യർ തക്കംപാർത്തിരിക്കുകയാണ്. പരിതിവിട്ട പ്രത്യയശാസ്ത്ര അടിമത്വവും ആളുകൾ ഇഷ്ടപ്പെടുന്നില്ല.
എല്ലാ വിശ്വാസ ഭൂമികകളിലും നൻമയുടെ വേരുകൾ കാണാനുള്ള ത്വര എങ്ങും പ്രകടമാണ്. ഗതകാല ചരിത്രത്തെയും സ്മരണകളെയും മണ്ണിട്ട് മൂടാൻ ചില സംഘടിത ശ്രമങ്ങൾ പലദിക്കുകളിലും നടക്കുന്നുണ്ട്. സ്ഥായിയായ വിജയം അവക്കൊന്നും ഉണ്ടാകില്ല. ജനങ്ങളുടെ വൈകാരികതയുടെ മറപിടിച്ച് അൽപകാലം നിലനിൽക്കാൻ കഴിഞ്ഞേക്കാമെങ്കിലും. സംസ്കാരം, ഭൗതിക ലോകവുമായും, ആത്മീയത, അഭൗതിക ലോകവുമായും ബന്ധപ്പെട്ടതാണെന്ന പഴഞ്ചൻ ധാരണകൾ പൊളിച്ചെഴുത്തിന് വിധേയമാവുകയാണ്. ഇന്ത്യയിൽ ഉദയം കൊണ്ട “ഭക്തി പ്രസ്ഥാനവും” പേർഷ്യയിൽ ഉൽഭൂതമായ സൂഫിസവും ക്രൈസ്തവ ലോകത്ത് ഉയിർത്തെഴുന്നേറ്റ “വിമോചന ദൈവശാസ്ത്രവും (Liberation Theology) ഉൾകൊള്ളലിൻ്റെ സൗരഭ്യമാണ് പ്രസരിപ്പിക്കുന്നത്.
ശാസ്ത്രം ആത്മീയതക്കോ മതത്തിനോ എതിരല്ല. പക്ഷെ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത സങ്കൽപ്പങ്ങളെ ശാസ്ത്രത്തിന് എതിർത്തേ പറ്റൂ. ആ ധർമ്മം നിർവ്വഹിക്കുമ്പോൾ അതിനെ ആധുനികതയും ആധ്യാത്മികതയും തമ്മിലുള്ള സംഘർഷമായി കാണേണ്ടതില്ല. പകരം കാഴ്ചപ്പാടുകളുടെ വിനിമയമായി (Cultural Transaction) നിരീക്ഷിച്ചാൽ മതി. ഏതു മേഖലയിലാണെങ്കിലും ഒറ്റപ്പെട്ടു നിൽക്കേണ്ട കാലം അവസാനിച്ചിരിക്കുന്നു. കൂടിച്ചേരലിന്റെയും പരസ്പര ബഹുമാനത്തിൻ്റെയും പുതിയ യുഗമാണ് നമുക്കു മുന്നിൽ പിറന്നിരിക്കുന്നത്. ഈ വസ്തുത അംഗീകരിക്കാനാണ് മാനവിക സമൂഹം അറിഞ്ഞോ അറിയാതെയോ കൊതിക്കുന്നത്. ഓരോ യാത്രയും അവസാനിക്കുമ്പോൾ മനസ്സിന്റെ തെളിച്ചം വർധിക്കും. ആ തെളിച്ചത്തിന് എന്തൊരു തെളിച്ചമാണ്.
(അവസാനിച്ചു)