കൊച്ചി > പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂർ മണ്ഡലത്തിൽ നടത്തിയ പുനർജനി പദ്ധതിയുടെ മറവിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപിരിവ് നടത്തിയതിൽ എഫ്സിആർഐ നിയമത്തിൻ്റെ ലംഘനം നടന്നു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ ആണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇട്ടത്.
വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ, പണപിരിവ്, പുനർജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകൾ എന്നിവയാണ് വിജിലൻസ് അന്വേഷിക്കുക. വി ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ ആണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ആയത്.
ധനസമാഹരണത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘനം നടന്നോ എന്നാണ് പ്രാഥമികമായി പരിശോധിക്കുക. വിജിലൻസിന് ലഭിച്ച പരാതിയിൽ രഹസ്യാനേഷണവും, നിയമോപദേശവും തേടിയ ശേഷമാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ പേരിൽ സോളാർ ഇൻവെർട്ടർ തട്ടിപ്പും നടന്നതായി കഴിഞ്ഞ ദിവസം ആക്ഷേപം ഉയർന്നിരുന്നു. വിദേശത്തുനിന്ന് അനധികൃതമായി പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക.
പുനർജനി പദ്ധതിയിൽ വൻതട്ടിപ്പ് നടന്നതായി സിപിഐ എം പറഞ്ഞത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദേശരാജ്യങ്ങളിലടക്കം പദ്ധതിയുടെ പേരിൽ കോടികൾ പിരിച്ചു. ഇതുസംബന്ധിച്ച് കണക്കുകൾ രാഷ്ട്രീയ പാർടികൾ ആവശ്യപ്പെട്ട സന്ദർഭത്തിൽ സാമൂഹ്യ ഓഡിറ്റ് നടത്തി കണക്കുകൾ പ്രസിദ്ധപ്പെടുത്തുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പൊതുജനമധ്യത്തിൽ കണക്കുകൾ പറയാത്ത പ്രതിപക്ഷനേതാവ് പുനർജനി പദ്ധതിയുടെ പേരിലുള്ള പുതിയ തട്ടിപ്പുകൾ പുറത്തുവരുന്നതോടെ കൂടുതൽ അപഹാസ്യനാകും.