കൊച്ചി > യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെ തുടർന്നുള്ള ക്രിമിനൽ കോടതിയലക്ഷ്യക്കേസിൽ കെ എം ഷാജഹാൻ സമർപ്പിച്ച മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചില്ല. ഷാജഹാന്റെ സത്യവാങ്മൂലം നിരുപാധികമായുള്ള മാപ്പായി കണക്കാക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. ജഡ്ജിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന് മാപ്പ് നൽകണമെന്നും അപേക്ഷയിൽ വ്യക്തമായി പറഞ്ഞിട്ടില്ല.
നിരുപാധികം മാപ്പ് അപേക്ഷിച്ച് മറ്റൊരു സത്യവാങ്മൂലം നൽകാമെന്ന് ഇതോടെ ഷാജഹാൻ കോടതിയെ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷിച്ചുള്ള സത്യവാങ്മൂലം മാത്രം നൽകിയാൽ പോരെന്നും യുട്യൂബ് ചാനലിലൂടെ മാപ്പ് പറയണമെന്നും അതിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്രയും നടപടികൾ പൂർത്തിയാക്കിയാലേ നിരുപാധികം മാപ്പ് അപേക്ഷിച്ചതായി കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് പി ബി സുരേഷ്കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഷാജഹാൻ ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. മാപ്പ് പറയാൻ തയ്യാറാണെന്ന് ഷാജഹാൻ കോടതിയെ അറിയിക്കുകയും മാപ്പപേക്ഷ സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. കേസിന്റെ വിവിധഘട്ടങ്ങളിൽ ഷാജഹാൻ ഹാജരാകാതിരുന്നതിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.