തിരുവനന്തപുരം> തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്ന് കോർപറേഷനുകളിലും 16 നഗരസഭകളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലുമായി 46 ഇടങ്ങളിലായിരുന്നു പരിശോധന. ഏകീകൃത തദ്ദേശ വകുപ്പ് നിലവിൽവന്നശേഷമുള്ള ആദ്യത്തെ മിന്നൽ പരിശോധനയായിരുന്നുവെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ നേമം സോണൽ ഓഫീസിൽ കെട്ടിട നമ്പർ അനുവദിച്ച ഫയലുകൾ പരിശോധിച്ചതിൽ കേരള മുൻസിപ്പൽ ബിൽഡിങ് റൂൾസ് (കെഎംബിആർ) ലംഘനം മറച്ചുവച്ച് ഒക്കുപൻസി സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഓവർസീയർമാരെ സസ്പെൻഡ് ചെയ്തു. ഇവിടെതന്നെ രണ്ടു ഫയലുകളിലെ വിവരങ്ങൾ അറിയാൻ നേരിട്ട് സ്ഥലം പരിശോധിച്ചപ്പോൾ ചട്ടം ലംഘിച്ച രണ്ട് കെട്ടിടങ്ങൾക്ക് ഓവർസീയറുടെ റിപ്പോർട്ട് ഇല്ലാതെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെയും സസ്പെൻഡ് ചെയ്തു.
പാലക്കാട് നഗരസഭയിൽ 2881 ലൈസൻസിനുള്ള അപേക്ഷ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിട്ടുമില്ല. ഉത്തരവാദിയായ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ചട്ടപ്രകാരം സൂക്ഷിക്കേണ്ട പേഴ്സണൽ രജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി രജിസ്റ്റർ എന്നിവയൊന്നും കൃത്യമായിരുന്നില്ല. കെട്ടിട നിർമാണ അനുമതി, ഒക്കുപ്പൻസി, കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളിൽ നടപടിയെടുക്കാത്തതും ബോധ്യപ്പെട്ടു. ഹെഡ് ക്ലാർക്കിനെ സസ്പെൻഡ് ചെയ്തു.
ജീവനക്കാരുടെ ഹാജർനില, കെട്ടിട നിർമ്മാണ അനുമതി/നമ്പർ അപേക്ഷകളിലെ കാലതാമസം, പൊതു ജനത്തിന് ലഭിക്കേണ്ട സേവന അപേക്ഷകളിൻമേലുള്ള കാലതാമസം എന്നിവ മുൻ നിർത്തിയായിരുന്നു പരിശോധന.
സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ അപേക്ഷയിൽ യഥാസമയം നടപടി എടുക്കാത്തതും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർ അനധികൃതമായി ഓഫീസിൽ ഹാജരാകാതിരിക്കുക, മദ്യപിച്ച് ഓഫീസിൽ എത്തുക തുടങ്ങിയ പ്രവണതകളും പരിശോധനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.