കാസർകോട് > വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്ന് ചെയർമാൻ നിരന്തരം പറയുമ്പോഴും കാസർകോട് നഗരസഭയിൽ ധൂർത്തിന് കുറവില്ല. ഫെബ്രുവരി നാലുമുതൽ ആറുവരെ ശുചിത്വമിഷൻ കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ പങ്കെടുക്കാൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൂട്ടരും പോയതിന്റെ ചെലവ് ഞെട്ടിക്കുന്നതാണ്.
ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങൾ 5000 രൂപയിൽ താഴെ ചെലവഴിച്ചിടത്ത് കാസർകോട് നഗരസഭ മുടക്കിയത് 25,360 രൂപ!. മറ്റുള്ളവർ ട്രെയിനിൽ ടിക്കറ്റെടുത്ത് പോയപ്പോൾ കാസർകോട് നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സംഘവും പോയത് ഇന്നോവ ക്രസ്റ്റ കാറിൽ. കാർ വാടക മാത്രം 16,600 രൂപ. ഹോട്ടൽ വാടകയിനത്തിൽ 4500 രൂപയും രണ്ടുദിവസത്തെ ഭക്ഷണത്തിനായി 4050 രൂപയും ചെലവായതായാണ് കാണിച്ചിട്ടുള്ളത്. ഇതിനൊപ്പം ബാഗ് വാങ്ങിയ 210 രൂപയും ചേർത്തിട്ടുണ്ട്.
മറ്റ് തദ്ദേശസ്ഥാപനങ്ങളിൽനിന്നും രണ്ടും മൂന്നും പേർ മാത്രം പോയപ്പോഴാണ് ഉല്ലാസയാത്രയ്ക്ക് എന്നതുപോലെ കാസർകോട്ടുനിന്നും ഇന്നോവ കാറിൽ ഏഴുപേർ കൊച്ചിയിലേക്ക് പോയത്. ഇതിനായി 25,000 രൂപയുടെ മുൻകൂർ അനുമതി ചെയർമാൻ നൽകിയതിനാൽ ഇത്രയും പണം കൈപ്പറ്റിയാണ് സംഘം യാത്രയായത്. ചെലവായ തുക നൽകണമെന്നാവശ്യപ്പെട്ടുള്ള കത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിലെത്തിയപ്പോഴാണ് കൊച്ചി യാത്രയ്ക്ക് ഇത്രയേറെ പണം എന്തിനാണ് ചെലവഴിച്ചതെന്ന ആശങ്കയുണർന്നത്.
തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഹസീന നൗഷാദ് ഉൾപ്പെടെയുള്ളവർ കണക്കിൽ വ്യക്തത ആവശ്യപ്പെട്ടതോടെയാണ് യാത്ര ട്രെയിനിലല്ല, ആഘോഷപൂർവം ഇന്നോവ കാറിലായിരുന്നുവെന്നും മറ്റും വ്യക്തമായത്. കേവലം 5000 രൂപയിൽ താഴെ മാത്രം ചെലവാകേണ്ടിയിരുന്ന യാത്രയ്ക്കാണ് കാൽ ലക്ഷത്തിലേറെ രൂപ ചെലവഴിച്ചത്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്ന് പറയുന്ന നഗരസഭയിലാണ് ഇത്തരത്തിലുള്ള ധൂർത്ത്.