ന്യൂഡൽഹി
കലാപം നിയന്ത്രണാതീതമായി തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക് തീവച്ച് എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ ലാംസങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇറോയ്സെംബയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവന്ന രണ്ടു വാഹനമാണ് ആക്രമിക്കപ്പെട്ടത്. തിങ്കൾ രാവിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്പിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. മെയ് മൂന്നിന് ആരംഭിച്ച കലാപം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനശേഷവും രൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ഞായറാഴ്ച പുലർച്ചെ കാക്ചിങ് ജില്ലയിൽ രണ്ടു ഗ്രാമത്തിന് തീയിട്ട അക്രമികൾ കോൺഗ്രസ് എംഎൽഎയുടെ വീടും തകർത്തു. സുംഗു ബസാറിൽ ബിജെപിയിൽനിന്നുള്ള മൂന്നു പേരടക്കം നാല് എംഎൽഎമാരെ ജനങ്ങൾ തടഞ്ഞുവച്ചു. വീടുകളിൽ സുരക്ഷിതമായി കഴിയാനാകാത്തതിനാൽ പൊലീസ് ഉദ്യോഗസ്ഥർ അടക്കം കുടുംബസമേതം ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഡോക്ടർമാർ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലംമാറ്റത്തിനായി കൂട്ടത്തോടെ ശ്രമിക്കുന്നു. മണിപ്പുർ ഇപ്പോൾ അരക്ഷിതവും സങ്കീർണവുമായ അവസ്ഥയിലാണെന്ന് അവിടെ കഴിയുന്ന ക്രൈസ്തവ വൈദികൻ പറഞ്ഞു. പള്ളികൾക്കുനേരെ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഫാൽ–- ദിമാപുർ ദേശീയപാത രണ്ടിൽ ഉപരോധം തുടരുന്നതിനാൽ അവശ്യവസ്തുക്കൾക്ക് ക്ഷാമവും നേരിടുന്നുണ്ട്.