ന്യൂഡൽഹി > ഹിന്ദു ഗ്രൂപ്പ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡിൽ നിന്ന് മാലിനി പർത്ഥസാരഥി രാജിവച്ചു. ചെങ്കോൽ വിവാദവുമായി ബന്ധപ്പെട്ട് ബോർഡുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജി. എഡിറ്റോറിയൽ വീക്ഷണങ്ങളെ നിക്ഷ്പക്ഷമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും അവർ പറഞ്ഞു. കുറച്ചുകാലങ്ങളായി എഡിറ്റോറിയൽ, എഡിറ്റോറിയൽ ബോർഡ് എന്നിവയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മാലിനി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ എഡിറ്റർ ഇൻ ചീഫ് എൻ റാമുമായി ആയിരുന്നു പ്രധാന തർക്കങ്ങൾ.
അടുത്തിടെ ചെങ്കോൽ വിഷയവുമായി ബന്ധപ്പെട്ട് ദ ഹിന്ദുവിന്റെ വസ്തുതാ പരിശോധനയെ ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി എതിർക്കുകയുണ്ടായി. ഇതിനോട് അനുകൂലമായാണ് മാലിനി പ്രതികരിച്ചത്. “അധികാര കൈമാറ്റം’ എന്ന നിലയിൽ ഇന്ത്യയുടെ അവസാന വൈസ്രോയി ലോർഡ് മൗണ്ട് ബാറ്റൺ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ചെങ്കോൽ കൈമാറിയിട്ടില്ലെന്നായിരുന്നു ഹിന്ദുവിന്റെ റിപ്പോർട്ട്. ഇതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. ഇതിൽ ആർഎസ്എസ് പറയുന്നതിനോട് മൃദുവായ നിലപാടാണ് മാലിനി സ്വീകരിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും മാലിനി രംഗത്തെത്തിയിട്ടുണ്ട്.















