തിരുവനന്തപുരം
ദുരിതാശ്വാസനിധിക്കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാൻ ഹർജിക്കാരന്റെ ശ്രമം. ലോകായുക്തയുടെ പൂർണബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്ക മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഹർജിക്കാരൻ ആർ എസ് ശശികുമാർ അപേക്ഷ ഫയൽ ചെയ്തു. സർക്കാരിനുവേണ്ടി കേസ് നീട്ടിക്കൊണ്ടുപോകുന്നുവെന്ന് മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്ന ഹർജിക്കാരൻ പുതിയ അപേക്ഷ നൽകിയിരിക്കുന്നത് വിഷയം തീർപ്പാകാതെ നീണ്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ്.|
നേരത്തേ ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് കേട്ട കേസ് പൂർണബെഞ്ചിന് വിട്ടിരുന്നു. നേരത്തേ വാദം കേൾക്കാൻ തീരുമാനിച്ച കേസാണ് പൂർണബെഞ്ചിന് കൈമാറിയതെന്നാരോപിച്ച് ഹർജിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി നിലനിൽക്കുമ്പോൾ കേസ് ലോകായുക്ത പരിഗണിക്കരുതെന്നാണ് പുതിയ ആവശ്യം.
ദുരിതാശ്വാസനിധിക്കേസ് ലോകായുക്ത പരിഗണിക്കാമോ എന്നതിൽ വിരുദ്ധാഭിപ്രായമുയർന്നതിനെത്തുടർന്നാണ് പൂർണബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഇതേത്തുടർന്ന് ശശികുമാറും ഒരു വിഭാഗം മാധ്യമങ്ങളും ദുരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പരിഗണിക്കാമെന്നും അന്വേഷണം വേണ്ടതാണെന്നും ലോകായുക്ത ഒരിക്കൽ പറഞ്ഞെന്നും മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും കേസ് വൈകിക്കാൻ വേണ്ടിയാണ് ഈ നടപടികളെന്നുമായിരുന്നു അന്നത്തെ ആക്ഷേപം.