ഭാഗം: 6
സുമാത്രയിലെ മേഡാനിൽ രണ്ടു ദിവസം നീണ്ട ഓട്ടപ്രദക്ഷിണത്തിന് ശേഷം വെള്ളിയാഴ്ച ജക്കാർത്തയിലേക്ക് വിമാനം പിടിക്കാൻ പുറപ്പെട്ടു. വഴിയിൽ റഊഫിന് പാർട്ട്ണർഷിപ്പുള്ള കാർഷിക ഉൽപന്നങ്ങളുടെ എക്സ്പോർട്ട് കമ്പനിയിലൊന്ന് കയറി. അടക്ക, തേങ്ങ, ഇഞ്ചി തുടങ്ങിയ മലഞ്ചരക്കാണ് പ്രധാനമായും കയറ്റി അയക്കുന്നത്. ഒരു കാലത്ത് ഇന്ത്യയിലേക്ക് അടക്ക വന്നിരുന്നത് ഇൻഡോനേഷ്യയിൽ നിന്നാണ്. എന്നാൽ ഇറക്കുമതിച്ചുങ്കം ഉയർത്തിയതോടെ ബിസിനസിൽ ഇടിച്ചിൽ വന്നു. ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ, തായ്ലൻ്റ് ഇറാൻ തുടങ്ങി 15 രാജ്യങ്ങളിലേക്കാണ് അദ്ദേഹത്തിന്റെകമ്പനിയുടെ ഇപ്പോഴത്തെ കയറ്റുമതി. രണ്ടുതരം അടക്കകളാണുള്ളത്. ഒന്ന് സാധാരണ ഉണക്കിയ അടക്ക. രണ്ടാമത്തേത് പുഴുങ്ങി ഉണക്കിയ അടക്ക. ടൺ കണക്കിന് അടക്ക പുഴുങ്ങാനുള്ള വലിയ സംവിധാനം കമ്പനിയിലുണ്ട്. എല്ലാം നടന്ന് കണ്ടു. നിരവധി സ്ത്രീകളാണ് അവിടെ ജോലി ചെയ്യുന്നത്. ഇന്തോനേഷ്യയുടെ വിവിധ ദ്വീപുകളിൽ സമാന ബിസിനസിൽ ഏർപ്പെട്ട മലയാളികൾ വേറെയുമുണ്ട്.
കാർഷിക ഉൽപന്നങ്ങളുടെ എക്സ്പോർട്ട് കമ്പനി
എയർപോർട്ടിന് അടുത്തുള്ള പള്ളിയിൽ വെള്ളിയാഴ്ചയിലെ ”ജുമുഅ”ക്ക് (സംഘടിത പ്രാർത്ഥന) കൂടാമെന്ന് നിശ്ചയിച്ച് 11.30 ന് തന്നെ പുറപ്പെട്ടു. മേഡാൻ നഗരത്തിൽ നിന്ന് ഏതാണ്ട് 60 കിലോമീറ്ററുണ്ട് എയർപോർട്ടിലേക്ക്. നാലുവരിപ്പാത ആയതിനാൽ 45 മിനുട്ടേ ഉദ്ദേശിച്ച സ്ഥലത്തെത്താൻ എടുത്തുള്ളൂ. പള്ളി എയർപോർട്ടിനുള്ളിലാണ്. വെള്ളിയാഴ്ച ‘പ്രസംഗം’ (ഖുതുബ) ഇന്തോനേഷ്യൻ ഭാഷയിലാണ് ‘ഇമാം’ (പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നയാൾ) നടത്തിയത്. അരമണിക്കൂർ നീണ്ട പ്രസംഗം. എയർപോർട്ടിലെ ജീവനക്കാരും യാത്രക്കാരുമാണ് ‘ജുമുഅ’ക്ക് സമ്മേളിച്ചത്. പ്രധാന പ്രാർത്ഥനാ ഹാളിൽ തന്നെ സ്ത്രീകൾക്കുള്ള സൗകര്യമുണ്ട്. ഇമാമിന്റെപ്രഭാഷണം എന്തിനെക്കുറിച്ചാണെന്ന് റഊഫിനോട് ആരാഞ്ഞു. വരാൻ പോകുന്ന ഹജ്ജിനെ കുറിച്ചും ബലിപെരുന്നാളിനെ കുറിച്ചുമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവപ്രീതിക്കായി തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ബലി നൽകാൻ തയ്യാറാണെന്ന് ഇബ്രാഹിം നബി (എബ്രഹാം) പടച്ച തമ്പുരാനെ അറിയിച്ചു. പറഞ്ഞതിലെ ആത്മാർത്ഥത പരീക്ഷിക്കാൻ വാർധക്യത്തിൽ അദ്ദേഹത്തിനുണ്ടായ ഏകമകൻ ഇസ്മാഈലിനെ ബലിനൽകാൻ ദൈവം കൽപ്പിച്ചു. വിഷമത്തോടെയെങ്കിലും മകനോട് ഇബ്രാഹിം നബി കാര്യങ്ങൾ പറഞ്ഞു. ദൈവ ഇച്ഛ നടപ്പിലാക്കാൻ ഇസ്മായിൽ പിതാവിനോട് അഭ്യർത്ഥിച്ചു. മകന്റെകഴുത്തിൽ കത്തിവെച്ച് അറുക്കാൻ തുടങ്ങിയ ഇബ്രാഹീമിനോട് ദൈവം അരുൾ ചെയ്തത് ഇങ്ങിനെ; “അല്ലയോ ഇബ്രാഹിം, പരീക്ഷണത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു. അങ്ങേക്ക് ഈ ഭൂമുഖത്ത് ഏറ്റവും ഇഷ്ടപ്പെട്ടതിനെ ദൈവ പ്രീതിക്കായി ബലി നൽകാനുള്ള സന്നദ്ധത ബോദ്ധ്യമായിരിക്കുന്നു. പ്രതീകാത്മകമായി താങ്കൾ ഒരു ആടിനെ ബലിയറുക്കുക”.
ഇബ്രാഹീമിൻ്റ മുന്നിൽ ഒരു അടിനെ ഈശ്വരൻ പ്രത്യക്ഷപ്പെടുത്തി. അതിനെ അദ്ദേഹം ദൈവത്തിനായി ബലി നൽകി. ‘ഇസ്മായിൽ’ എന്നത് കൊണ്ട് ഏറ്റവും പ്രിയപ്പെട്ടത് എന്നേ അർത്ഥമുള്ളൂ. ഓരോരുത്തർക്കും അവനവന് ഇഷ്ടപ്പെട്ടത് വ്യത്യസ്തമാകാം. ചിലരുടെ ഇസ്മായിൽ, പണമാകാം. ചിലർക്ക് ഇസ്മായിൽ അധികാരമാകാം. മറ്റുചിലർക്ക് മക്കളോ കുടുംബമോ ആകാം. എന്തുമാകട്ടെ, ദൈവത്തിനായി സമർപ്പിക്കാൻ ഒരുക്കമാണെന്നതിന്റെപ്രതീകാത്മക പ്രഖ്യാപനമാണ് ഹജ്ജിനോടനുബന്ധിച്ച ബലി കർമ്മം. ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ ഇതിനെ അനുഗരിച്ചാണ് അവരുടെ ഏറ്റവും “പ്രിയപ്പെട്ടതിനെ” മൃഗങ്ങളെ പ്രതീകവൽകരിച്ച് ബലിയറുക്കുന്നത്. ഓരോരുത്തരും ബലി കർമ്മത്തിൽ പങ്കാളികളാകണമെന്നും ഒറ്റക്ക് ഒരു മൃഗത്തെ ബലിനൽകാൻ ഒരാൾക്ക് കഴിയില്ലെങ്കിൽ ഒരു കൂട്ടം ആളുകൾ പങ്കാളികളായി ബലി നടത്തണമെന്നും ഇമാം വിശ്വാസികളെ ഉൽബോധിപ്പിച്ചതായി റഊഫ് ഓർത്തെടുത്തു.
‘ജുമുഅ’ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലഘു പലഹാരങ്ങൾ പ്രധാന കവാടത്തിന് മുന്നിൽ വിവിധ പെട്ടികളിൽ വെച്ചിരിക്കുന്നു. ആവശ്യമുള്ളവർ അതിൽനിന്ന് ആവശ്യമുള്ളത് എടുത്ത് ഭക്ഷിക്കുന്നുണ്ട്. ഞങ്ങളും ഓരോന്നെടുത്തു. നല്ല രുചി. വെള്ളിയാഴ്ച പള്ളികളിൽ ഇത് പതിവാണെത്രെ. ഞങ്ങൾ ധൃതിയിൽ എയർപോർട്ടിലേക്ക് നീങ്ങി. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഫ്ലൈറ്റ് ഒരു മണിക്കൂർ ലൈറ്റാണെന്ന്. ബോഡിംഗ് പാസ്സെടുത്ത് നേരെ ഉച്ചഭക്ഷണം കഴിക്കാൻ കെഎഫ്സിയിലേക്ക് പോയി. ഇന്തോനേഷ്യൻ ചുവയോടെയുള്ള ചിക്കൺ എനിക്കത്ര ബോധിച്ചില്ല. വിമാനത്തിൽ കയറാനായി നടക്കവെ “രാമായണ” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് ശ്രദ്ധയിൽ പെട്ടു. മധുര പലഹാരങ്ങളുടെ പേക്കറ്റുകൾ വിൽക്കുന്ന കടയാണത്. ഹിജാബ് ധരിച്ച മൂന്ന് പെൺകുട്ടികളാണ് ‘രാമായണ’യിലെ ജീവനക്കാർ. ഭൂരിഭാഗം മുസ്ലിങ്ങളുള്ള സുമാത്രയിലെ മേഡാൻ എയർപോർട്ടിനുള്ളിൽ ‘രാമായണ’ എന്ന പേരിൽ ഒരു ബേക്കറി കണ്ടപ്പോൾ സന്തോഷവും അതിലേറെ അഭിമാനവും തോന്നി. രാമായണവും മഹാഭാരതവും ലോക ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് സംഭാവന ചെയ്തവരുടെ നേരവകാശികൾ ഭാരതമാണല്ലോ. ഒപ്പം, നമ്മുടെ രാജ്യത്ത് മുഗൾ ചരിത്രം തന്നെ പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ച കേന്ദ്ര സർക്കാർ നിലപാടിനോട് പുച്ഛവും തോന്നി. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളിൽ മുസ്ലിങ്ങളും ഹൈന്ദവരും എത്ര സുരക്ഷിതരാണ്. രാജഭരണമാണെങ്കിലും അറബ് നാടുകളിൽ പ്രവാസികളായ സഹോദര മതസ്ഥർ പീഡിപ്പിക്കപ്പെടുന്നത് കേൾക്കാറുണ്ടോ? മണിപ്പൂരിലുൾപ്പടെ നടന്ന തീയിടലും ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കലും തല്ലിക്കൊല്ലലും ചുട്ട്കൊല്ലലും നമ്മുടെ രാജ്യത്ത് മാത്രം എന്താണ് ഉണ്ടാകുന്നത്? നരേന്ദ്രമോദിയും അമിത്ഷായും യോഗി ആദിത്യനാഥുമൊക്കെ അവരുടെ മനസ്സിന്റെവാതിലുകൾ ലോകത്തിലേക്ക് തുറന്നിട്ടാൽ തീരുന്നതല്ലേ ഇപ്പോൾ ഇന്ത്യയിലുള്ള പ്രശ്നങ്ങൾ? ഗാന്ധിജിയും നഹ്റുവും ഡോ: ബി.ആർ അംബേദ്കറും സർദാർ പട്ടേലും മൗലാനാ ആസാദും എ.കെ ഗോപാലനും വിഭാവനം ചെയ്ത സഹിഷ്ണുതയുടെ നാടാണ് ഇന്ത്യ. ബഹുസ്വരതക്ക് കേളികേട്ട ഇന്ത്യയെ നമുക്ക് തിരിച്ചു പിടിക്കണം. വിമാനത്തിലിരുന്ന് മേഘങ്ങളെ നോക്കിയിരുന്നപ്പോൾ അലോചനകൾ അങ്ങിനെ പോയി.
ഓൾഡ് ജക്കാർത്ത
എയർപോർട്ടിൽ ജലീലും നൗഷാദും കാത്ത് നിന്നിരുന്നു. അവരോടൊപ്പം പഴയ ജക്കാർത്തയിൽ തലകാട്ടിയാണ് യോഗ്യാകാർത്തയിലേക്ക് വണ്ടി കയറിയത്. പഴയ ഡച്ച് പ്രതാപത്തിന്റെ അടയാളങ്ങൾ മുഴുവൻ പേറിയാണ് ഓൾഡ് ജക്കാർത്തയുടെ നിൽപ്പ്. ഡച്ചു നഗരത്തിന്റെ പൈതൃകം, പറഞ്ഞാൽ വിശ്വസിക്കാത്ത ജാഗ്രതയോടെയാണ് ഇന്തോനേഷ്യൻ സർക്കാർ പരിരക്ഷിച്ചിരിക്കുന്നത്. പഴയ ഡച്ച് ഭരണ കേന്ദ്രങ്ങളും അന്നത്തെ കെട്ടിടങ്ങളുമെല്ലാം അതിന്റെ തനിമയിൽ മ്യൂസിയങ്ങളായാണ് നിലനിർത്തിയിരിക്കുന്നത്. വൈദ്യുതിയുടെ കണ്ണഞ്ചിപ്പിക്കുന്ന പൊലിമകളൊന്നും അവിടെയില്ല. പക്ഷെ, ജനത്തിരക്കിന് ഒരു കുറവുമില്ല. പഴയ ജക്കാർത്ത ഉറങ്ങാറില്ലെന്നാണ് കൂടെയുണ്ടായിരുന്ന നൗഷാദ് പറഞ്ഞത്. പാട്ടും നൃത്തവുമായി നേരം വെളുപ്പിക്കാൻ നവമിധുനങ്ങളും കമിതാക്കളും എത്തുന്നത് ഇവിടെയാണ്. സദാചാര പോലീസിന്റെ അതിക്രമങ്ങൾക്ക് ആരും വിധേയരാകാറില്ല. എത്ര നിർഭയമായാണെന്നോ പെൺകുട്ടികൾ അവിടെ ഇരിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും. ജലീലിന്റെ ഫ്ലാറ്റിൽ പോയി ഡിന്നർ കഴിച്ച് നസ്റിൻ ബാനുവിനോടും മക്കളോടും യാത്ര പറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ഗേറ്റിൽ വെച്ച് സുഹൃത്തുക്കളോട് സലാം പറഞ്ഞു.
പിന്നെ തനിച്ചായിരുന്നു യാത്ര. മനോഹരമായ റെയിൽവേ സ്റ്റേഷൻ. വൃത്തിയിലും സേവനത്തിലും ബഹദൂരം മുന്നിൽ. ആർക്കും ഒറ്റക്ക് ഒരു സഹായിയുമില്ലാതെ വരാം. ടിക്കറ്റ് നോക്കി നിങ്ങളെ എത്തിക്കേണ്ടിടത്ത് റെയിൽവേ ജീവനക്കാർ എത്തിക്കും. നല്ല പുഷ്ബാക്ക് സീറ്റാണ്. സമയം അതിക്രമിച്ചതിനാൽ വേഗം ഉറങ്ങി. ഏഴ് മണിക്കൂർ യാത്രക്ക് ശേഷം കൃത്യം 5.58 ന് ടിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്തു തന്നെ യോഗ്യാ കാർത്തയിൽ എത്തി. റെയിൽവെ സ്റ്റേഷനിൽ ജലീൽ ഏൽപിച്ച ഡ്രൈവറും ഗൈഡും കാത്ത് നിന്നിരുന്നു. സ്റ്റേഷനിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ യാത്ര ചെയ്ത് അതിസുന്ദരമായ ഒരു ഗ്രാമത്തിലെത്തി. കലിഉറംഗ്. അവിടെയാണ് ജലീൽ ഹോംസ്റ്റേ ബുക്ക് ചെയ്തിരുന്നത്. മിതമായ നിരക്കിൽ താമസിക്കാനുള്ള ഒരിടം. ഒരു വ്യക്തി തന്റെവീടിനോട് ചേർന്ന് ഒരുക്കിയ സൗകര്യം ലളിതവും സുന്ദരവുമാണ്. വിവാഹം കഴിഞ്ഞ ഉടനെ പള്ളിപ്പുറം അഞ്ചുമൂലയിൽ ഭാര്യവീട്ടിൽ താമസിക്കാൻ പോകുമ്പോൾ പുറത്തേക്കിറങ്ങിയാൽ കാണുന്ന അതേ കാഴ്ചയാണ് ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടത്.
കലിഉറംഗിലെ ഒരു ദൃശ്യം
ചാലുകളിലൂടെ നല്ല ശുദ്ധ വെള്ളം കളകള ശബ്ദമുണ്ടാക്കി ഒഴുകുന്നു. തുമ്പികളും പൂമ്പാറ്റകളും പാറിക്കളിക്കുന്നു. കിളികൾ ശബ്ദമുണ്ടാക്കി അന്നം തേടി പറക്കുന്നു. കൃഷിക്കാർ ഞാറ് നട്ട പാടത്ത് വെള്ളം കെട്ടിനിർത്താൻ ശ്രമിക്കുന്നു. നെൽവയലുകളും വാഴകളും തെങ്ങും മുളക് തൈകളും പ്ലാവും മാവും കപ്പയും ചേമ്പും നിറഞ്ഞ നിഷ്കളങ്കമായ ഒരു നാട്ടിൻപുറം.
കുളിച്ചൊരുങ്ങി കാറിൽ കയറിയ എന്നെ ഗൈഡ് നയിച്ചത് സെൻട്രൽ ജാവയിലെ മഗ്ലാനിലുള്ള ബോറൊബുദുർ ബുദ്ധ ക്ഷേത്രത്തിലേക്കാണ്. ഏഴാം നൂറ്റാണ്ടിൽ പണിയാരംഭിച്ച് (എഡി 778) ഏട്ടാം നൂറ്റാണ്ടിൽ (എഡി 850) പൂർത്തിയായ ഈ ദേവാലയം ലോകത്തിലെ എണ്ണം പറഞ്ഞ ബുദ്ധക്ഷേത്രങ്ങളിൽ ഒന്നാണ്. കല്ലുകൾ പരസ്പരം ഘടിപ്പിച്ചാണ് ഇത് പണിതിരിക്കുന്നത്. സിമൻ്റോ ചുണ്ണാമ്പോ ഒന്നും കല്ലുകളെ ഒട്ടിച്ചു നിർത്താൻ ഉപയോഗിച്ചിട്ടില്ല.
മണ്ണിനടിയിൽ മറഞ്ഞു കിടന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രമെന്ന ഖ്യാതിയും ഇതിനുണ്ട്.
9 നിലകളിലായി 5 കിലോമീറ്റര് നടന്നാലേ പൂർണ്ണമായും ക്ഷേത്രം കാണാനാകൂ. ആധുനിക ഉപകരണങ്ങളില്ലാത്ത കാലത്ത് 23 വർഷമെടുത്താണ് “ബോറൊബുദൂർ” നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ വലിപ്പം 10 നില കെട്ടിടത്തിന്റെ ആകാരത്തോളം വരും.
ക്ഷേത്രത്തിനുള്ളില് പ്രവേശിച്ചാല് വൃത്താകൃതിയിലുള്ള ഒരു പ്ലാറ്റ്ഫോമാണ് ആദ്യം കാണുക. അതിന് ചുറ്റുമായി 72 സ്തൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്തൂപങ്ങളിലും ബുദ്ധന്റെ പ്രതിമയുണ്ട്. കാലത്തിന്റെ കുത്തിയൊഴിക്കിലുണ്ടായ വലിയൊരു അഗ്നിപര്വത സ്ഫോടനത്തിൽ “ബോറൊബുദൂർ” ക്ഷേത്രം മണ്ണിനടിയിൽ പെട്ടു. നൂറ്റാണ്ടുകളോളം മനുഷ്യരുടെ ദൃഷ്ടിപഥത്തിൽ നിന്ന് മറഞ്ഞു കിടന്നു. 1970 ല് യുനെസ്കോയുടെ സഹായത്തോടെ തോമസ് സ്റ്റാംഫോർഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മഹാക്ഷേത്രം കണ്ടെത്തി ലോകത്തിന് മുന്നിൽ കൊണ്ടുവന്നത്.
1814-ലാണ് മണ്ണിനടിയില് ഒരു ക്ഷേത്രമുള്ളതായി പുരാവസ്തു ഗവേഷകർ അറിഞ്ഞത്. എന്നാല് ഉൽഖനനം ആരംഭിച്ചത് 1907-ലാണ്.
പുൽത്തകിടികളും ചെറുമരങ്ങളും തീർത്ത പച്ചപ്പരവതാനിക്ക് നടുവിൽ ഒരു ചെറിയ കുന്നിൻ മുകളിലായാണ് ക്ഷേത്രം തല ഉയർത്തി നിൽക്കുന്നത്. ചാരനിറത്തിലുള്ള ആൻസൈറ്റ് കല്ലുകൾ കൊണ്ടാണ് ബോറൊബുദുർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ കാഴ്ചകൾ വിസ്മയകരമാണ്. ഒരു യുഗത്തിന്റെസാമൂഹ്യ ചരിത്രമാണ് വിവിധ ചിത്രങ്ങളുടെ രൂപത്തിൽ കല്ലില് കൊത്തിവെച്ചിരിക്കുന്നത്. ബുദ്ധ പ്രിതിമകൾ കൊണ്ട് നിറഞ്ഞ ക്ഷേത്രം ഒമ്പതു നിലകളിലാണ് നിൽക്കുന്നത്. ജൂൺ 4 ന് ”വിസാക്” എന്ന ബുദ്ധമത ആഘോഷത്തിന്റെ ഒരുക്കങ്ങളാണ് ക്ഷേത്ര നഗരി മുഴുവൻ. തൃശൂർപൂരത്തലേന്ന് തേക്കിൻകാട് മൈതാനിയിലെത്തിയ പ്രതീതി. പൈതൃകങ്ങളെ എങ്ങിനെ പ്രദേശവാസികളുടെ ഉപജീവന മാർഗ്ഗമാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് ബോറൊബുദൂർ ബുദ്ധ ക്ഷേത്രം. നിരവധി കച്ചവടക്കാരാണ് അധികൃതർ കെട്ടിക്കൊടുത്ത ചെറിയ ചെറിയ ഷോപ്പുകളിൽ കച്ചവടം നടത്തുന്നത്. തെരുവു കച്ചവടക്കാർ കോമ്പൗണ്ടിന് പുറത്ത് വേറെയുമുണ്ട്. കച്ചവടക്കാരിൽ മഹാഭൂരിഭാഗവും സ്ത്രീകളാണ്.
വിഗ്രഹവൽക്കരണത്തെ ശക്തമായി എതിർത്ത ശ്രീബുദ്ധന്റെ മരണശേഷം, അനുയായികൾ അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചത് കാലത്തിന്റെ കൊടും വികൃതികളിലൊന്നാണ്. പ്രതിമാവൽക്കരണത്തെ അനുകൂലിച്ചവർ മഹായനിസക്കാരെന്ന് അറിയപ്പെട്ടു. എതിർത്തവർ ഹിനായനിസക്കാരെന്നും. ബുദ്ധദർശനം രണ്ട് കൈവഴികളായി ഒഴുകാൻ തുടങ്ങി. ചാതുർവർണ്യ അനീതികൾക്കെതിരെയും സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരെയും ഹിന്ദുമതത്തിൽ പിറവിയെടുത്ത വിപ്ലവ ധാരയാണല്ലോ ബുദ്ധിസം. ഗൗതമ ബുദ്ധൻ ദൈവങ്ങളെ വിഗ്രഹങ്ങളിൽ നിന്ന് അരൂപിയായ പ്രപഞ്ചത്തിലേക്ക് കൊണ്ടുവന്നു. സാമൂഹ്യ അനീതികൾക്ക് അറുതി വരുത്തി. യുദ്ധങ്ങൾക്കും വെട്ടിപ്പിടുത്തങ്ങൾക്കും ഒരളവോളം അന്ത്യം കുറിച്ചു. ബുദ്ധമതം ഇന്ത്യയിലെ പ്രബല വിശ്വാസധാരയായി വളർന്നു. ബുദ്ധമതത്തിന്റെ ആകർഷണീയ ആശയങ്ങളെ സ്വയത്തമാക്കിയാണ് ഹിന്ദുമതം നവോത്ഥാനത്തിന്റെ വഴിയേ സഞ്ചരിച്ചത്. ബുദ്ധമതത്തെ ബുദ്ധമതമല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളുണ്ടായി. ബുദ്ധന്റെമരണം സൃഷ്ടിച്ച ശൂന്യതയിൽ പൂർവ്വമതം തിരിച്ചു വന്നു. കാലാന്തരത്തിൽ ഇന്ത്യയിൽ ദുർബലമായ ബുദ്ധദർശനം മററു ഏഷ്യൻ രാജ്യങ്ങളിൽ നിലനിന്നു.
ബോറൊബുദുർ ബുദ്ധ ക്ഷേത്രം
ഇന്തോനേഷ്യയിലെ സജീവമായ ഒരു അഗ്നി പർവ്വതമാണ് മേറാപ്പി അഗ്നിപർവ്വതം. മധ്യജാവക്കും യോഗ്യാകാർത്തക്കും ഇടയിലാണത്. 1548 ന് ശേഷം തുടർച്ചയായി “മേറാപ്പി” പൊട്ടിത്തെറിക്കാറുണ്ട്. 24 ലക്ഷം ജനങ്ങൾ വസിക്കുന്ന യോഗ്യാകാർത്തക്ക് വടക്ക് 28 കിലോമീറ്റർ അകലെയാണ് ഈ അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്നത്. ജാവാനീസ് ഭാഷയിൽ മേറാപ്പി എന്ന വാക്കിന്റെ അർത്ഥം തീമല എന്നാണ്. 2018 മെയ് 11-നാണ് അവസാന പൊട്ടിത്തെറി ഉണ്ടായത്. സാമാന്യേന ശക്തി കുറഞ്ഞതായിരുന്നു അത്. 2010 ൽ നടന്ന സ്ഫോടനം വലിയ നാശനഷ്ടങ്ങളുണ്ടാക്കി. അഞ്ഞൂറോളം ആളുകളാണ് മരിച്ചത്.
‘കലിയാഡം’ ഗ്രാമത്തിലെ മേറാപ്പി അഗ്നിപർവത നിരകളുടെ നോക്കെത്തും ദൂരത്തേക്ക് പോയത് പ്രത്യേക ജീപ്പിലാണ്. പ്രദേശവാസികളാണ് ജീപ്പ് ഉടമസ്ഥർ. ഡ്രൈവർമാരും അങ്ങിനെത്തന്നെ. പർവ്വതത്തിന്റെ താഴ്വാരത്ത് നല്ല ചുടാണ്. എന്നാൽ മുകളിലേക്ക് പോകും തോറും തണുപ്പ് അനുഭവപ്പെട്ടു. നല്ല തണുത്ത കാറ്റ് ശരീരത്തെ തലോടി ചൂടിൽ പൊടിഞ്ഞ വിയർപ്പു കണങ്ങളെ തുടച്ചെടുത്തു. അഗ്നിപർവ്വതത്തിലേക്ക് പോകുംവഴി ഭൂമിക്കടിയിൽ നിർമ്മിച്ച കെട്ടിടങ്ങളും വീടുകളും കണ്ടു. പർവ്വതം പൊട്ടിത്തെറിക്കുമ്പോൾ രക്ഷക്കായി ഉണ്ടാക്കിയവയാണ് അവ. എന്നാൽ അവസാന പൊട്ടിത്തെറിയിൽ അവിടെയും രണ്ടാളുകൾ മരിച്ചതായി ഗൈഡ് പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് ആളുകൾ എന്നന്നേക്കുമായി ഒഴിഞ്ഞു പോകാൻ ഇഷ്ടപ്പെടുന്നില്ല. കടൽക്ഷോഭത്തെ ഭയന്ന് മത്സ്യ തൊഴിലാളികൾ കടൽ തീരം വിട്ട് പോകാത്ത പോലെ. മണ്ണിടിച്ചിൽ പേടിച്ച് മലഞ്ചെരുവിൽ നിന്ന് ആദിവാസികൾ താമസം മാറാത്ത പോലെ. മുന്നറിയിപ്പുകൾ ഉണ്ടായാൽ ജനങ്ങളെ സർക്കാർ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. 2010 ന് ശേഷം ഓരോ നാല് വർഷം കൂടുമ്പോഴും ചെറിയ തോതിൽ പൊട്ടിത്തെറികൾ ഉണ്ടാകാറുണ്ടത്രെ. അതിന്റെ അവശിഷ്ടങ്ങൾ പോകുന്ന വഴികളിലൊക്കെ കാണാം. കറുത്ത മണ്ണും കറുത്ത പാറക്കഷ്ണങ്ങളും. നിരവധി വിനോദ സഞ്ചാരികൾ വരുന്നത് കൊണ്ട് പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഭേദപ്പെട്ടതാണ്. എല്ലാവർക്കും വരുമാനമുണ്ട്. പല സ്ഥലത്തും ഷോപ്പിംഗിന് കേന്ദ്രങ്ങൾ സ്ഥപിച്ചിട്ടുണ്ട്. ഇവയെല്ലാം നാട്ടുകാരുടേതാണ്. പ്രകൃതി ഭീഷണി ഉണ്ടായിട്ടും ജനങ്ങൾ നാടുവിട്ട് പോകാത്തതിന്റെരഹസ്യം ഇത് തന്നെയാണ്.
അഗ്നി പർവ്വതത്തിന് അടുത്തെത്തുമ്പോൾ ചൂട് അനുഭവപ്പെടും. മേറാപ്പി മേഖല സെൻട്രൽ ജാവയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. നൂറു കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. 2010 ൽ നടന്ന അഗ്നിപർവ്വത സ്ഫോടനത്തിൽ ലാവ ഒലിച്ച് വന്ന് തകർന്ന രണ്ട് വീടുകൾ അതുപോലെ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. അന്നുണ്ടായിരുന്ന മോട്ടോർ സൈക്കിൾ, പണി ആയുധങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഖുർആന്റെകോപ്പി, പ്രാർത്ഥനക്ക് ഉപയോഗിച്ച ടർക്കി (മുസല്ല), ജപമാല. വളർത്തുമൃഗങ്ങളുടെ അസ്’തികൾ എല്ലാം പരിരക്ഷിത വസ്തുക്കളിൽ പെടും. പർവ്വതത്തിനടുത്തുള്ള നദിക്ക് 80 മീറ്റർ ആഴമുണ്ടായിരുന്നത്രെ. ലാവ ഒലിച്ചെത്തി അതെല്ലാം നികത്തി. ഇപ്പോൾ 30 മീറ്റർ ആഴമേ പുഴക്കുളളു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ചെറിയ അമ്യൂസ്മെൻ്റ് പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ എത്രയോ ദൂരത്തേക്ക് തെറിച്ചെത്തിയ ഭീമാകാരൻ കല്ലുകളും അടയാളപ്പെടുത്തി വരുന്നവർക്ക് കാണാനായി പ്രദർശിപ്പിച്ചിട്ടുണ്ട്. ജീപ്പിൽ യാത്ര ചെയ്യുന്ന റോഡെല്ലാം കോൺക്രീറ്റോ ടാറോ ചെയ്തത് ഒരുപരിധിവരെ യാത്ര സുഗമമാക്കി. ഒന്നരമണിക്കൂർ ജീപ്പ് യാത്രക്ക് 2200 ഇന്ത്യൻരൂപ ചെലവ് വരും. നല്ലൊരു ഗൈഡിനെ സുഹൃത്ത് ജലീൽ ഏർപ്പാടാക്കി തന്നിരുന്നതിനാൽ പ്രധാന സ്ഥലങ്ങളിലൊക്കെ എത്താനായി.
അറുപതുകളിലെ കമ്യൂണിസ്റ്റ് കൂട്ടക്കൊലയുടെ ഫയൽ ചിത്രം
ഇന്തോനേഷ്യയിൽ മിശ്രവിവാഹങ്ങൾ സാധാരണമാണ്. ഹിന്ദു-മുസ്ലിം- കൃസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നവർ പരസ്പരം വിവാഹം കഴിക്കുന്നത് “ലൗജിഹാദോ”, “ലൗകുരിശോ”, “ലൗശൂലമോ” ഒന്നുമായി ആരും ഇവിടെ ബഹളം വെക്കില്ല. മുസ്ലിങ്ങളിൽ തന്നെ മതമനുസരിച്ച് ജീവിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഇങ്ങിനെ ഒരു നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 1965 ൽ നിരോധിക്കപ്പെട്ടതിൽ അതിശയം തോന്നി. 1914-ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്തോനേഷ്യ രൂപീകൃതമായത്. മഹാഭൂരിപക്ഷം മുസ്ലിങ്ങൾ അധിവസിക്കുന്ന രാജ്യത്ത് പാർട്ടി നടത്തിയ മുന്നേറ്റം അധികാരികളെ വിറളിപിടിപ്പിച്ചു. 35 വർഷത്തെ ഇന്തോനേഷ്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രം പോരാട്ടങ്ങളുടേതാണ്. 1920 മുതൽ 26 വരെ നീണ്ടു നിന്ന ഡച്ച് സാമ്രാജ്യത്വത്തിനെതിരെ നടന്ന ചെറുത്ത് നിൽപ്പ്. 1926 മുതൽ 1945 വരെ ഭരണകൂടത്തിന്റെഫാഷിസ്റ്റ് പ്രവണതകൾക്കെതിരായ ഒളിസമരങ്ങൾ. 1945 ലെ സ്വാതന്ത്ര്യത്തിന് ശേഷം 1951 വരെ ഡച്ച് ശക്തികളുടെ രണ്ടാം വരവിനെതിരായ ആഗസ്റ്റ് വിപ്ലവത്തിലെ സജീവ പങ്കാളിത്തം. അതുകഴിഞ്ഞ് സഖ്യ ശക്തികളെ ചേർത്തുള്ള മുന്നണി വിപുലീകരണം. 1955 ൽ നടന്ന ജനകീയ പ്രതിനിധ്യ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ 257 ൽ 39 സീറ്റുകളിൽ പാർട്ടി വിജയിച്ചു. മൊത്തം വോട്ടിന്റെ 16.4 ശതമാനം വോട്ടുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേടി. അക്കാലത്ത് ഭരണത്തിലല്ലാത്ത ലോകത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്തോനേഷ്യ. വലതുപക്ഷ രാഷ്ട്രീയ ശക്തികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യാപനത്തിന്റെ അപകടം മണത്തു. മതം ആയുധമാക്കി അവർ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരിഞ്ഞു. മുസ്ലിങ്ങൾക്കിടയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാധീനം തടയാൻ കമ്മ്യൂണിസ്റ്റുകാർ മതത്തിനെതിരാണെന്ന് കേരളത്തിൽ “ചിലർ’ പ്രചരിപ്പിക്കും പോലെ ഇന്തോനേഷ്യയിലും വ്യാപക പ്രചരണം നടന്നു. അതേതുടർന്ന് സുഹാർത്തോ 1965 ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു. നിരവധി നേതാക്കളെ തൂക്കിലേറ്റി. ലക്ഷക്കണക്കിന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ വെടിവെച്ച് കൊന്നു. തോക്കിന്റെ ഊക്കിൽ ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലോക സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ സുഹാർത്തോയും കൂട്ടരും തകർത്തു. നേരിട്ടുള്ള ആശയ സംവാദങ്ങളിൽ തോൽക്കുമ്പോൾ മതാന്ധർ ലോകത്തെവിടെയും പുറത്തെടുക്കുന്ന തുറുപ്പുചീട്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഇന്തോനേഷ്യയിലും പ്രയോഗിച്ചത്.
തറോമി അഹമ്മദിന്റെ കുടുംബത്തിനൊപ്പം
സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോൾ താമസ സ്ഥലത്തേക്ക് തിരിച്ചു. വഴിയിൽ നാട്ടുകാരനായ തറോമി അഹമ്മദിന്റെ വീട് സന്ദർശിച്ചു. അദ്ദേഹത്തിന്റെ മരുമകൾ ജലീലിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. നെൽപാടത്തിൻ്റെയും കുളത്തിൻ്റെയും അടുത്തുള്ളൊരു സാധാരണ വീട്. സർക്കാർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു തറോമി. 77 വയസ്സ്. 16000 ഇന്ത്യൻ രൂപ പെൻഷനായി കിട്ടുന്നു. ഭാര്യ, റൂമിന. 57 വയസ്സ്. തറോമി അഹമ്മദ് പഠിപ്പിച്ച കുട്ടിയായിരുന്നു റൂമിന. വിദ്യാർത്ഥിനിയെ ഇഷ്ടപ്പെട്ടപ്പോൾ വിവാഹമാലോചിച്ചു. അങ്ങിനെ കല്യാണം നടന്നു. 5 ആൺമക്കളുണ്ട്. എല്ലാവരും സ്വന്തം ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നു. ഹൃദ്യമായ സ്വീകരണമാണ് കിട്ടിയത്. കുട്ടികളെ വഴക്ക് പറയുകയോ ശിക്ഷിക്കുകയോ അവരോട് കയർത്ത് സംസാരിക്കുകയോ ചെയ്യുന്ന ശീലം ഇന്തോനേഷ്യയിലില്ല. അദ്ധ്യാപകരും കുട്ടികളോട് ദേഷ്യപ്പെടില്ല. അടിക്കില്ല. തറോമിയുടെ കുടുംബത്തിന്റെആതിഥ്യത്തിന് തൊഴുകയ്യോടെ നന്ദി പറഞ്ഞ് മടങ്ങവെ റോഡരികിലുള്ള പള്ളിയിൽ കയറി. ഓരോ കിലോമീറ്റർ ദൂരത്തും ഇന്തോനേഷ്യയിൽ പള്ളികൾ കാണാം. അംഗശുദ്ധി വരുത്തി പള്ളിയുടെ അകത്ത് കയറിയപ്പോൾ അവിടെ പെൺകുട്ടികളെയും ആൺകുട്ടികളെയും ഖുർആൻ പഠിപ്പിക്കുന്നതാണ് കണ്ടത്. മൂന്ന് അദ്ധ്യാപകരിൽ രണ്ടുപേർ സ്ത്രീകളാണ്. എനിക്കത് കൗതുകം നൽകിയ അനുഭവമായിരുന്നു.
(തുടരും)