ന്യൂഡൽഹി> സുപ്രീംകോടതി മരവിപ്പിച്ച കൊളോണിയൽ കാലത്തെ രാജ്യദ്രോഹക്കുറ്റം പൂർവാധികം ശക്തമാക്കണമെന്നും നിലനിർത്തണമെന്നും കേന്ദ്രസർക്കാരിന് ശുപാർശ നൽകി നിയമകമീഷൻ. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 124 എ വകുപ്പ് വ്യക്തമായി നിർവചിക്കുന്ന ചില ഭേദഗതികളോടെ നിലനിർത്തണമെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ 22-ാം നിയമ കമീഷനാണ് ശുപാർശ നൽകിയത്. നിയമം പിൻവലിക്കേണ്ട സാഹചര്യമില്ലന്നും വകുപ്പ് ഇല്ലാതാക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാകുമെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
അതോടാപ്പം കുറഞ്ഞ തടവ് ശിക്ഷ മൂന്നുവർഷം മാത്രം നൽകുന്നത് പര്യാപ്തമല്ലന്നും അത് ഏഴുവർഷമാക്കി ഉയർത്തണമെന്നും ശുപാർശ ചെയ്തു. ഐപിസിയുടെ ആറാം അധ്യായത്തിൽ കുറ്റങ്ങൾക്കായി നൽകിയിരിക്കുന്ന ശിക്ഷകളും സെക്ഷൻ 124 എയിൽ നിർദ്ദേശിച്ചിരിക്കുന്ന ശിക്ഷയും പരസ്പരം ഒത്തുപോകുന്നില്ലന്നാണ് ഇതിനുള്ള ന്യായീകരണം. രാജ്യദ്രോഹക്കുറ്റത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തമാണ്. പിഴയോടു കൂടിയോ അല്ലാതെയൊ മൂന്നുവർഷം തടവ്, പിഴയോടുകൂടി ജീവപര്യന്തം, പിഴ എന്നിവയാണ് നിലവിൽ ശിക്ഷ. ഇതിൽ പിഴയോടുകൂടിയുള്ള മൂന്നുവർഷം തടവ് ഏഴുവർഷമാക്കണമെന്നാണ് ആവശ്യം. വാക്കുകൊണ്ടോ, ആംഗ്യം കൊണ്ടോ, എഴുത്തിലൂടെയൊ മറ്റ് ഏത് മാർഗത്തിലൂടെയോ സർക്കാരിനെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പ്രവർത്തി രാജ്യദ്രോഹമാണന്നായിരുന്നു വ്യവസ്ഥ.
വിദ്വേഷം പടർത്തണമെന്ന പ്രവണതയോടെ മേൽപ്പറഞ്ഞ പ്രവൃത്തിയിൽ ഏർപ്പെടുകയോ പൊതുക്രമത്തെ വെല്ലുവിളിക്കുകയോ ചെയ്താലും രാജ്യദ്രോഹമാണെന്നാണ് പുതിയ റിപ്പോർട്ടിലുള്ളത്. അക്രമത്തിൽ ഏർപ്പെട്ടതിന് തെളിവില്ലങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അനുഭാവം പ്രകടിപ്പിക്കുന്നതും ‘പ്രവണത’യുടെ പരിധിയിൽവരും. ഇൻസ്പെക്ടറിൽ താഴെയല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ ഏഴുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തിവേണം കേസ് രജിസ്റ്റർ ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത്- റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം മേയിലാണ് ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചത്. കുറ്റം പുന:പരിശോധിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ നൽകിയ ഉറപ്പ്. അതേസമയം ഋതുരാജ് അവസ്തി കമീഷൻ റിപ്പോർട്ട് അംഗീകരിക്കുന്നത് അന്നെടുത്ത നിലപാടിന് കടകവിരുദ്ധമാകും.