ന്യൂഡൽഹി> ഒഡിഷയിലെ ബാലാസോറിൽ ബഹനഗ സ്റ്റേഷനു സമീപത്തുണ്ടായ ഭയാനകമായ റെയിൽവേ ദുരന്തം രാജ്യത്തെ റെയിൽവേ സുരക്ഷയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
മോദിസർക്കാരിന്റെ ‘റെയിൽവേ നവീകരണപദ്ധതികളുടെ’ പേരിൽ ഇത് മറച്ചുവയ്ക്കാൻ കഴിയില്ല. ആദ്യം യശ്വന്ത്പുർ എക്സ്പ്രസ് പാളം തെറ്റുകയും ഇതിലേയ്ക്ക് കോറമണ്ടൽ എക്സ്പ്രസ് ഇടിച്ചുകയറുകയും ചെയ്ത് ആവർത്തിച്ച അപകടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിബി അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം വേഗത്തിൽ ഉറപ്പാക്കി, മരണസംഖ്യ വീണ്ടും ഉയരുന്നത് ഒഴിവാക്കണമെന്നും പിബി ആവശ്യപ്പെട്ടു.