വടക്കാഞ്ചേരി > കോൺഗ്രസ് പുനസംഘടന തർക്കത്തെ തുടർന്ന് ഡിസിസി സെക്രട്ടറി രാജിവെച്ചു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവു കൂടിയായ കെ അജിത് കുമാറാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേതൃത്വത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലാണ് രാജിയെന്നാണ് സൂചന. കെ സുധാകരന്റെ നോമിനിയായി പി ജി ജയ്ദീപിനെയാണ് പുതിയ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതാണ് പൊട്ടിത്തെറിക്കു കാരണമായത്.
കോൺഗ്രസിൽ നിന്നും രാജി വെക്കുകയാണെന്നും പ്രാഥമിക അംഗത്വം ഉൾപ്പടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും വടക്കാഞ്ചേരി നഗരസഭ കോൺഗ്രസ് പാർലിമെന്ററി പാർട്ടി പാർട്ടി നാമ നിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജിവെച്ചതായും അജിത്കുമാർ അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അജിത്കുമാർ കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത് പ്രഖ്യാപിച്ചത്. മുണ്ടത്തിക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻ്റായ അജിത് കുമാർ. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജി പ്രഖ്യാപിച്ചിരുന്നു. നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കുകയായിരുന്നു.